ന്യൂഡൽഹി: മദ്രസകൾ നിർത്തലാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്രസ എന്ന വാക്ക് നിലനിൽക്കുന്നിടത്തോളം കാലം കുട്ടികൾക്ക് ഡോക്ടറും എഞ്ചിനീയറും ആകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മദ്രസ എന്ന വാക്ക് ഇല്ലാതാവണം. മദ്രസയിൽ പോയാൽ ഡോക്ടറും എഞ്ചിനീയറും ആകില്ലെന്ന് നിങ്ങൾ കുട്ടികളോട് പറയു. അപ്പോൾ അവർ സ്വയം പോകുന്നത് നിർത്തും. ഖുർആൻ പഠിപ്പിക്കരുതെന്ന് ആരും പറയുന്നില്ല. നിങ്ങൾ മക്കളെ ഖുർആൻ പഠിപ്പിച്ചോളൂ, പക്ഷേ അത് വീട്ടിൽ മാത്രമായിരിക്കണം. കുട്ടികളെ നിർബന്ധിച്ച് മദ്രസകളിൽ അയക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. എല്ലാ കുട്ടികളെയും സയൻസ്, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി എന്നിവ പഠിപ്പിക്കുന്നതിന് മുൻഗണന നൽകണം. രണ്ടോ മൂന്നോ മണിക്കൂർ മതപരമായ പഠനം നടത്തുക. എന്നാൽ സ്കൂളുകളിൽ വിദ്യാർഥിയെ എഞ്ചിനീയറോ ഡോക്ടറോ ആകാൻ കഴിയുന്ന രീതിയിൽ പഠിപ്പിക്കണം”- എന്നാണ് ഹിമന്ത ബിശ്വ ശർമ പറഞ്ഞത്.
