നേമത്ത് ആര്? തീരുമാനമാകാതെ സ്ഥാനാർത്ഥി പ്രഖ്യാപനം; ആശയ കുഴപ്പത്തിൽ ഹൈക്കമാന്റ്‌

ദില്ലി: കോൺഗ്രസിലെ സ്ഥാനാർഥിനിർണയ തർക്കം നീണ്ടു പോകുന്നതിന് കാരണം ഗ്രൂപ്പ് തല സമ്മർദ്ദമാണെന്ന് സൂചന. നേമം  മണ്ഡലത്തിലെ സ്ഥാനാർത്ഥി തർക്കം നിലനിൽക്കുന്നതു പോലെ മറ്റു മണ്ഡലങ്ങളായ കുണ്ടറ, കൊല്ലം, കാഞ്ഞിരപ്പള്ളി, കൽപ്പറ്റ , നിലമ്പൂർ, പട്ടാമ്പി, തവനൂർ, തൃപ്പൂണിത്തുറ, ആറൻമുള എന്നീ സീറ്റുകളിലും തർക്കം തുടരുകയാണ്.

10 സീറ്റുകളെ  ചൊല്ലിയുണ്ടായ തർക്കമാണ് ബാക്കി 81 സീറ്റുകളിലെയും  സ്ഥാനാർഥി പ്രഖ്യാപനത്തെ  വൈകിപ്പിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ ആശങ്കയിലാണ് ഹൈക്കമാൻഡ് . 

തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കാണുവാനും ചർച്ച നടത്തുന്നതിനായും  ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ട്. തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ നേതാക്കന്മാരുമായി സമവായ ചർച്ച നടത്തി പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് നാളെ സ്ഥാനാർത്ഥി പട്ടിക  പ്രഖ്യാപിക്കാനുള്ള സാഹചര്യമൊരുക്കുക എന്ന ദൗത്യവുമായാണ് ഇരുവരുടേയും കേരളയാത്ര . കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇപ്പോഴും ദില്ലിയിൽ തന്നെ തുടരുകയാണ്. അദ്ദേഹം സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനകൾ ലഭിച്ചിട്ടുണ്ട് .   

ബിജെപിയുടെ സ്ഥാനാർഥി പട്ടിക വരാൻ വേണ്ടിയാണ് കോൺഗ്രസ് പട്ടിക പ്രഖ്യാപനം വൈകിപ്പിക്കുന്നത് എന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്. എന്നാൽ സ്ഥാനാർത്ഥി പട്ടിക നേരത്തെ പ്രഖ്യാപിച്ചാൽ പാർട്ടിയിൽ ഉള്ളവർ പാർട്ടിയിൽ നിന്നും വിട്ടുമാറി ബിജെപിയിൽ പോയാലോ എന്ന കടുത്ത ആശങ്കയും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ അലട്ടുന്നുണ്ട്. 
നേമത്ത് ആരെന്ന ചോദ്യത്തിന് ഉമ്മൻചാണ്ടിയും രമേശ്  ചെന്നിത്തലയും വ്യക്തമായി പ്രതികരിച്ചിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം വരെട്ടെ കാത്തിരുന്നു കാണാമെന്നാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചിരിക്കന്നത്.

നേമത്ത് താൻ മത്സരിക്കാൻ തയ്യാറാണെന്ന് ഹൈക്കമാൻഡിനെ അറിയിച്ചതായിയുള്ള വാർത്തകൾ വെറും ഊഹാപോഹങ്ങൾ ആണെന്നാണ് കൊച്ചിയിൽ നിന്നും മടങ്ങിയെത്തിയ രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഹരിപ്പാട് തന്റെ അമ്മയണെന്നും താൻ അവിടെ തന്നെ മത്സരിക്കുമെന്നും അദ്ദേഹം കൂടിച്ചേർത്തു.
 
നിലവിലുള്ള തർക്കങ്ങൾ പറഞ്ഞു തീർത്തു സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെ നടത്താനുള്ള ശ്രമത്തിലാണ് ഇരു നേതാക്കന്മാരും. ബിന്ദുകൃഷ്ണ,  പി സി വിഷ്ണുനാഥ്, ശിവദാസൻ നായർ , കെ ബാബു, ജോസഫ് വാഴയ്ക്കൽ, കെ സി ജോസഫ് എന്നിവരുടെയെല്ലാം സ്ഥാനാർഥിത്വത്തെചൊല്ലി തർക്കങ്ങളും ഗ്രൂപ്പ് വഴക്കുകളും നടക്കുന്നുണ്ട്. 

കൊല്ലത്ത് മാത്രമേ മത്സരിക്കു എന്നതാണ് പി സി വിഷ്ണുനാഥ്ന്റെ വാദം. അദ്ദേഹത്തെ ഉമ്മൻചാണ്ടി പിന്തുണക്കുന്നുമുണ്ട്. കുണ്ടറയിൽ മത്സരിക്കാനായി ബിന്ദുകൃഷ്ണയോട് രമേശും മുല്ലപ്പള്ളിയും സംസാരിച്ചു വെങ്കിലും കൊല്ലം ഇല്ലെങ്കിൽ താൻ മത്സരത്തിനില്ല എന്ന നിലപാടിലാണ് ബിന്ദുകൃഷ്ണ.

ഈ സാഹചര്യത്തിൽ അന്തിമ തിരുമാനം ഹൈക്കമാന്റിന്റേതായിരിക്കും. ബിന്ദുവിന് കൊല്ലമെങ്കിൽ ചാത്തന്നൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അരുൺരാജോ  പീതാംബരക്കുറുപ്പോ  മത്സരിച്ചേക്കും. ബിന്ദു മത്സരത്തിൽ നിന്നും പിന്മാറുകയാണെങ്കിൽ ചാത്തന്നൂരിൽ നെടുങ്ങോലം രഘു കളത്തിലിറങ്ങും. ബിന്ദു  മത്സരിക്കാത്ത സാഹചര്യം വന്നാൽ കുണ്ടറയിൽ എൻ എസ് യു ഐ നേതാവ് എറിക്  സ്റ്റീഫൻ രംഗത്ത് വരുമെന്നാണ് സൂചനകൾ .

ബാബുവിനും കെ സി ജോസഫിനും സീറ്റ് നൽകണമെന്ന് ശക്തമായി ഉമ്മൻചാണ്ടി വാദിക്കുന്നുണ്ട്. പുല്‍പള്ളിയിൽ  മഹേഷോ ജോസഫോ എന്നതാണ് തീരുമാനം ആകേണ്ടത്.

പ്രശ്നങ്ങൾ ഒരു ദിവസം കൊണ്ട് പറഞ്ഞു തീർക്കാൻ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും സാധിക്കുമോ എന്നതാണ് അറിയേണ്ടത്. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം വൈകുന്നതോടുകൂടി പ്രചരണത്തിന് കിട്ടുന്ന സമയം കുറയും. തിരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. കടുത്ത അതൃപ്തിയിലാണ്  ഹൈക്കമാൻഡ് . തീരുമാനങ്ങൾ അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കന്മാർ.

Leave a Reply

Your email address will not be published. Required fields are marked *