ഡല്‍ഹി: ബുൾഡോസർ ഉപയോഗിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കലിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. നിയമ വിരുദ്ധമാണ് കോർപ്പറേഷന്‍റെ നടപടിയെന്നും ജയിലിൽ പോവേണ്ടി വന്നാലും ഭയപ്പെടരുത് എന്നും അദ്ദേഹം എം.എൽ.എമാരോട് പറഞ്ഞു. കോർപ്പറേഷൻ നടപടികൾക്കെതിരെ ഭാവി പരിപാടികൾ തീരുമാനിക്കാൻ കേജ്‌രിവാൾ വിളിച്ച ആം ആദ്മി പാർട്ടി എം.എൽ.എമാരുടെ യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കയ്യേറ്റങ്ങൾ പൊളിക്കാൻ ബുൾഡോസറുകളുമായി കോർപ്പറേഷൻ അധികൃതർ എത്തുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു. ഡൽഹിയുടെ 80 ശതമാനവും കയ്യേറ്റങ്ങൾ ആണെന്ന് പറഞ്ഞ കേജ്‌രിവാൾ, കയ്യേറ്റത്തിന്‍റെ പേരിൽ കോർപ്പറേഷൻ പൊളിച്ചു നീക്കാൻ പോകുന്നത് വീടുകളും കടമുറികളും ഉൾപ്പടെ 3 ലക്ഷത്തോളം കെട്ടിടങ്ങൾ ആണെന്നും ആരോപിച്ചു.
