വിഷുകൈനീട്ടം വിവാദമാക്കുന്നത് സാംസ്‌കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവര്‍: സുരേഷ്ഗോപി

വര്‍ക്കല: സാംസ്‌കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവരാണ് വിഷു കൈനീട്ടം വിവാദമാക്കുന്നതെന്ന് സുരേഷ് ഗോപി എംപി. വര്‍ക്കല, ചിറയിന്‍കീഴ് നിയോജക മണ്ഡലങ്ങളിലെ ബിജെപി. ബൂത്ത് ഉപരി ഭാരവാഹികള്‍ക്കായി മൈതാനം വര്‍ഷ മേഘ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിഷു കൈനീട്ടം പരിപാടി ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗൃഹത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ചടങ്ങ് ഇന്ന് ആദ്ധ്യാത്മിക കേന്ദ്രങ്ങളായ ക്ഷേത്രങ്ങളിലും ആചാര്യന്‍മാരാലും നടത്തപ്പെടുന്നു. ദുഷിച്ച മനസിന് നല്‍കാനും ശുദ്ധിയില്ലാത്ത മനസിന് വാങ്ങാനും കഴിയാത്ത ഒന്നാണ് വിഷുകൈനീട്ടമെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കല മൈതാനത്തുള്ള അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു സുരേഷ്ഗോപി വിഷുക്കൈനീട്ടം പരിപാടിയിലെത്തിയത്. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് അഡ്വ.വി.ജി.ഗിരികുമാര്‍, അഡ്വ.ആര്‍ എസ് രാജീവ് , നിഷാന്ത്, സജിത് മണ്ഡലം പ്രസിഡന്റ്മാരായ വിആര്‍ വിജി, സജി പി മുല്ലനല്ലൂര്‍, ഹരി ജി. ശാര്‍ക്കര, ബിജു പൂവണത്തുംമൂട് എന്നിവര്‍ പങ്കെടുത്തു.

വെഞ്ഞാറമൂട്ടില്‍ സമൃദ്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആറ്റിങ്ങല്‍, കിളിമാനൂര്‍, വാമനപുരം, പാലോട് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഒരു രൂപ നോട്ട് കൊണ്ട് ആരെയും സ്വാധീനിക്കാന്‍ കഴിയില്ലെന്നും ഇത് നാട്ടുകാരുടെ പണം പിടിച്ചു പറിച്ച് വാങ്ങി വിതരണം നടത്തുന്ന കിറ്റ് അല്ലെന്നും ചിലരുടെ വിമര്‍ശനങ്ങള്‍ക്ക് പുല്ലുവിയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്യനാട് ആതിര ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പോത്തന്‍കോട്, നെടുമങ്ങാട്, ആര്യനാട്, അരുവിക്കര മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് കൈനീട്ടം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *