ബാംഗ്ലൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച നടന്‍ പുനീത് രാജ് കുമാറിന്റെ സംസ്‌കാരചടങ്ങുകള്‍ ഇന്ന് നടക്കും. പിതാവ് രാജ്കുമാറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. മകള്‍ അവന്തിക അമേരിക്കയില്‍ നിന്നെത്താന്‍ വൈകുന്നതാണ് സംസ്‌കാര ചടങ്ങുകള്‍ മാറ്റാന്‍ കാരണമായത്.
നേരത്തെ ശനിയാഴ്ച വൈകുന്നേരമായിരുന്ന ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. തങ്ങളുടെ പ്രിയതാരത്തെ കാണാന്‍ പൊതുദര്‍ശനമുള്ള കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ജൂനിയര്‍ എന്‍ ടി ആര്‍, പ്രഭു ദേവ, മഹേഷ് ബാബു, യാഷ് എന്നിവര്‍ അടക്കം സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കര്‍ണാടകത്തില്‍ മറ്റന്നാല്‍ വരെ ദു: ഖാചരണമാണ്. കനത്ത പോലീസ് സുരക്ഷാ വലയത്തിലാണ് ബാംഗ്ലൂര്‍ നഗരവും കണ്ഡീരവ സ്‌റ്റേഡിയവും.
ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പുനീത് കുമാറിന്റെ അന്ത്യം. വെള്ളിയാഴ്ച രാത്രി മുതല്‍ പുനീതിന്റെ ആരോഗ്യനില മോശമായിരുന്നു. രാവിലെ ജിമ്മിലെത്തി പതിവുപോലെ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പുനീത്. കര്‍ണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്. ഒപ്പം മൈസൂരില്‍ ശക്തിദാമ എന്ന സംഘടന നടത്തുകയും ചെയ്തിരുന്നു.

 
                                            