തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇരുവരെ മരിച്ചവരുടെ എണ്ണം 12 ആയി. കാഞ്ഞിരപ്പള്ളി മേഖലയില്‍ 15 പേരെ ആകെ കാണാതായി എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീര്‍ത്തും ദുര്‍ബലമായി. പക്ഷെ ന്യൂനമര്‍ദ്ദത്തിന്റെ അവശേഷിപ്പുകള്‍ തുടരുന്നതിനാല്‍ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്ന് വൈകീട്ട് വരെ തുടര്‍ന്നേക്കും. ഇന്ന് തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും പത്തനംതിട്ട, കോട്ടയം ജില്ലകള്‍ക്ക് മുകളിലും പാലക്കാട്, മലപ്പുറം ഭാഗത്തും മഴമേഘങ്ങളുള്ളതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.
തുടര്‍ച്ചയായി ഇനിനും ഈ മേഖലകളില്‍ മഴ പെയ്താല്‍ സ്ഥിതി ഗുരുതരമാകുമെന്നതിനാല്‍ അതീവ ജാഗ്രത വേണണെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കെഎസ്ഈബിയുടെ കക്കി, ഷോളയാര്‍, പെരിങ്ങല്‍കൂത്ത്, കുണ്ടള, കല്ലാര്‍ക്കുട്ടി, മാട്ടുപ്പെട്ടി, കല്ലാര്‍ അണക്കെട്ടുകളിലും, ജലസേചന വകുപ്പിന്റെ ചുള്ളിയാര്‍, പീച്ചി അണക്കെട്ടുകളിലും റെഡ് അലര്‍ട്ടാണ്. ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടുത്ത ജാഗ്രത വേണം. സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാംപുകളാണ് ഇതുവരെ തുറന്ന്.
സംസ്ഥാനത്ത് ഇന്നലെ 11 സ്റ്റേഷനുകളില്‍ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 8.30വരെയുള്ള കണക്ക് പ്രകാരം, 24 മണിക്കൂറില്‍ കോട്ടയം മുണ്ടക്കയത്ത് 347 മി.മീ മഴ രേഖപ്പെടുത്തി. ഇടുക്കിയിലെ പീരുമേടില്‍ 305 മി.മീ മഴയുണ്ടായി. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ രണ്ട് സ്റ്റേഷനുകളിലും ഇടുക്കി കുളമാവ്, ചിന്നാര്‍, തൊടുപുഴ എന്നിവിടങ്ങളിലും എറണാകുളം കീരംപാറ, കോഴിക്കോട് കുറ്റ്യാടി, പത്തനംതിട്ട നിലക്കല്‍, പേരുന്തേനരുവി, തിരുവനന്തപുരം പൊന്മുടി സ്റ്റേഷനുകളിലും അതീതീവ്ര മഴ രേഖപ്പെടുത്തി.
