ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോഴുള്ളത് എകാധിപത്യമാണെന്ന വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കര്‍ഷകരെ കാറിടിച്ച് കൊല്ലുന്നു. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം പോലും ശരിയായി നടത്തുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ല. ഉത്തര്‍പ്രദേശിലെത്തുന്നവരെ മുഴുവന്‍ തടയുന്നു. രാജ്യത്ത് നടക്കുന്നത് എകാധിപത്യമാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ കാറിടിച്ച് കൊലപ്പെടുത്തിയവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് നേരെയുണ്ടാകുന്നത് സര്‍ക്കാറിന്റെ ആക്രമണമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജനാധിപത്യ നടപടികള്‍ രാജ്യത്തിന്റെ സുരക്ഷാ ‘വാള്‍വ്’ ആണ്. അതു തന്നെ അടച്ചുകളയുകയാണ്. സര്‍ക്കാറിനെ വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യേണ്ട മാധ്യമങ്ങളെ നിശബ്ദമാക്കിയിരിക്കുന്നു. ആ ജോലി കൂടി പ്രതിപക്ഷം നിര്‍വഹിക്കേണ്ട അവസ്ഥയാണ്. കര്‍ഷകരെ ആക്രമക്കുന്ന സര്‍ക്കാറിന്റെ നടപടി വളരെ അപകടരമായ ഒരു ആശയമാണ്. കര്‍ഷകരെ അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ ശക്തി തിരിച്ചറിഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതികരിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ധര്‍മമാണെന്നും ലഖിംപൂരിലെത്തി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലഖിംപൂരിലേക്ക് പോകാന്‍ രാഹുലിനെ അനുവദിക്കില്ലെന്നാണ് യുപി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
