പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉള്‍പ്പടെ രാജ്യത്ത് ഉപ തെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനവിധി തേടിയ ഭവാനിപൂര്‍ മണ്ഡലത്തിലെ ജനവിധി ആണ് രാജ്യം ഉറ്റ് നോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം എതിരായാല്‍ ബംഗാളിലെ മമത സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ആശങ്കയില്‍ ആകും. രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 10 മണിയോടെ തന്നെ ഫലസൂചനകള്‍ പുറത്തുവരുമെന്നാണ് ഇപ്പോഴത്തെ വിവരം.
ഭവാനിപൂരിന് പുറമെ ബംഗാളിലെ സംസേര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവയാണ് മറ്റ് മണ്ഡലങ്ങള്‍. ഒഡിഷയിലെ പിപ്ലിയിലും നാളെ ഫലം പ്രഖ്യാപിക്കും. എതിര്‍ രാഷ്ട്രീയ സ്വരങ്ങളെ പൂര്‍ണമായും ഇല്ലാതാക്കി ആണ് മമതയുടെ ക്യാംപ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടായിരുന്നത്. കഴിഞ്ഞ മാസം 29-ന്ആണ് ബംഗാള്‍ ജനവിധി എഴുതിയത്.
മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് മണ്ഡലമായ ഭവാനിപ്പൂര്‍ വിട്ട് നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. തുടര്‍ന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂല്‍ കൃഷിമന്ത്രി ശോഭന്‍ദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപ്പൂരില്‍ മത്സരിച്ചത്.
രണ്ടു തവണ മമതയെ വിജയിപ്പിച്ച മണ്ഡലമാണ് ഭവാനിപൂര്‍. സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് മാറ്റിവച്ച മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപൂര്‍, സംസര്‍ഗഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഫലവും ഇന്ന് പുറത്തുവരും. മൂന്ന് മണ്ഡലങ്ങളിലായി 6,97,164 വോട്ടര്‍മാരാണുള്ളത്
