സംരംഭക സൗഹൃദമായി വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍
ദേശീയ നൈപുണി യോഗ്യത ചട്ടക്കൂട് (എന്‍.എസ്.ക്യു.എഫ്.) കോഴ്‌സുകള്‍ വി.എച്ച്.എസ്.ഇ. പഠനത്തിന്റെ ഭാഗമായി. അതായത്, രണ്ടുവര്‍ഷത്തെ പഠനം കഴിയുമ്പോള്‍ ദേശീയാംഗീകാരമുള്ള ഒരു നൈപുണി പരിശീലന യോഗ്യത അധികമായി കൈയില്‍ കിട്ടും. ഉപരിപഠനത്തിന് സഹായമാകുന്നതിന് പുറമേ ഇത് തൊഴില്‍സാധ്യതയും വര്‍ധിപ്പിക്കും. സംരംഭകത്വപരിശീലനം ഹയര്‍സെക്കന്‍ഡറി തലത്തില്‍ തുടങ്ങാനുമാകും.
എന്‍.എസ്.ക്യു.എഫ്.
വി.എച്ച്.എസ്.ഇ. പഠനം കഴിയുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ വൊക്കേഷണല്‍ പഠനസര്‍ട്ടിഫിക്കറ്റാണ് നല്കിയിരുന്നത്. പ്ലസ്ടുവിന് തുല്യമാണെങ്കിലും ഉപരിപഠനത്തിനും തൊഴിലിനും സാങ്കേതികതടസ്സങ്ങളുണ്ടായിരുന്നു. പുതിയ സിലബസില്‍ ദേശീയാംഗീകാരമുള്ള എന്‍.എസ്.ക്യു.എഫ്. സര്‍ട്ടിഫിക്കറ്റാവും ലഭിക്കുക. കേന്ദ്ര നൈപുണി സംരംഭകത്വ വകുപ്പിലെ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുകള്‍ രൂപം കൊടുത്ത കോഴ്‌സുകളാണ് പഠിക്കാനുള്ളത്. രാജ്യത്താകെ ഒരേനിലവാരമുള്ളവയാണ് കോഴ്‌സുകള്‍.
പ്രത്യേകത
- സയന്‍സ് ഗ്രൂപ്പുകള്‍ എടുക്കുന്നവര്‍ കണക്കും ബയോളജിയും ഒന്നിച്ച് പഠിക്കേണ്ടതില്ല. ഗ്രൂപ്പ് എ കോഴ്‌സുകളുള്ള കോമ്പിനേഷനില്‍ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയോടൊപ്പം കണക്കും ഗ്രൂപ്പ് ബി കോഴ്‌സുകള്‍ക്കൊപ്പം കണക്കിനുപകരം ബയോളജിയും മാത്രം മതി. ഗ്രൂപ്പ് ബി വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനിയറിങ് പ്രവേശനപരീക്ഷ എഴുതാന്‍ താത്പര്യമുണ്ടെങ്കില്‍ കണക്ക് അധികവിഷയമായി പഠിക്കാന്‍ സൗകര്യമുണ്ട്.
- ബന്ധപ്പെട്ട വ്യവസായമേഖലയില്‍ ഇന്റേണ്‍ഷിപ്പ്/ഓണ്‍ ദി ജോബ് പഠനത്തിന് അവസരം
- എല്ലാ കോഴ്‌സുകള്‍ക്കും ആണ്‍/പെണ്‍ വ്യത്യാസമില്ലാതെ പ്രവേശനം. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലൊഴികെ എല്ലായിടത്തും തുല്യപരിഗണനയുണ്ടാകും. അതായത്, പെണ്‍കുട്ടികള്‍ക്ക് ഓട്ടോമൊബൈല്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കാം. ആണ്‍കുട്ടികള്‍ക്ക് ഫാഷന്‍ ഡിസൈനറോ ബ്യൂട്ടീഷ്യനോ ആകാം
- ഭാവിയിലെ കരിയര്‍ മനസ്സിലുണ്ടെങ്കിലോ പ്രത്യേക തൊഴില്‍ പഠിക്കണമെന്ന് താത്പര്യമുണ്ടെങ്കിലോ അതിനനുസരിച്ചുള്ള കോഴ്‌സ് തിരഞ്ഞെടുക്കാം. ബിരുദം/എന്‍ജിനിയറിങ് പഠനത്തിന് ഇത് സഹായിക്കും
- സ്‌പോക്കണ്‍ ഇംഗ്ലീഷ്, ജീവിത നൈപുണി, ആശയവിനിമയശേഷി വികസനം എന്നിവയും പരിശീലിക്കാം
ഗ്രൂപ്പ് എ കോഴ്‌സുകള്‍
ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ കോമ്പിനേഷനുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ബയോളജി പഠനമില്ലാത്ത സയന്‍സ് ഗ്രൂപ്പാണിത്. ഇതിലുള്ള 17 സെക്ടറുകളില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
- അഗ്രിക്കള്‍ച്ചര്‍ മെഷീനറി ഓപ്പറേറ്റര്‍, 2. അസിസ്റ്റന്റ് ഓഫ്‌സെറ്റ് പ്രിന്റിങ് ഓപ്പറേറ്റര്‍, 3. ഓട്ടോ സര്‍വീസ് ടെക്‌നീഷ്യന്‍, 4. ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍, 5. ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, 6. ഡ്രാഫ്റ്റ്‌സ്മാന്‍, 7. ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊലൂഷന്‍സ്, 8. ഫാബ്രിക് ചെക്കര്‍, 9. ഫീല്‍ഡ് ടെക്‌നീഷ്യന്‍ എയര്‍ കണ്ടീഷണര്‍, 10. ഫീല്‍ഡ് ടെക്‌നീഷ്യന്‍ കംപ്യൂട്ടിങ് ആന്‍ഡ് പെരിഫറല്‍സ്, 11. ഗ്രാഫിക് ഡിസൈനര്‍, 12. ഇന്‍ലൈന്‍ ചെക്കര്‍, 13. ജൂനിയര്‍ സോഫ്‌റ്റ്വേര്‍ ഡെവലപ്പര്‍, 14. മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക് പ്രോസസിങ്, 15. ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍, 16. പ്ലംബര്‍ ജനറല്‍, 17. സോളാര്‍ ആന്‍ഡ് ലെഡ് ടെക്‌നീഷ്യന്‍ ഇലക്ട്രോണിക്‌സ്.
ഗ്രൂപ്പ്ബി
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ കോമ്പിനേഷനുകളാണ് ഈ ഗ്രൂപ്പിലുള്ളത്, കണക്ക് ഇല്ലാത്ത സയന്‍സ് ഗ്രൂപ്പാണിത്. ഈ ഗ്രൂപ്പിലെ പഠന സെക്ടറുകള്‍ 23 എണ്ണമുണ്ട്.
- അസിസ്റ്റന്റ് ഫാഷന്‍ ഡിസൈനര്‍, 2. വെജിറ്റബിള്‍ ഗ്രോവര്‍, 3. ബേബി കെയര്‍ ഗിവര്‍, 4. ബ്യൂട്ടി തെറാപ്പിസ്റ്റ്, 5. ഡെയറി പ്രോസസിങ് എക്യുപ്‌മെന്റ് ഓപ്പറേറ്റര്‍, 6. അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് പ്രൊവൈഡര്‍, 7. ഡെയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, 8. ഡെയറി അസിസ്റ്റന്റ്, 9. ഫിഷ് ആന്‍ഡ് സീഫുഡ് പ്രോസസിങ് ടെക്‌നീഷ്യന്‍, 10. ഫിഷിങ് ബോട്ട് മെക്കാനിക്, 11. ഫിറ്റ്‌നസ് ട്രെയ്‌നര്‍, 12. ഫ്‌ളോറികള്‍ച്ചറിസ്റ്റ് ഓപ്പണ്‍ കള്‍ട്ടിവേഷന്‍, 13. ഫ്‌ളോറികള്‍ച്ചറിസ്റ്റ് പ്രൊട്ടക്റ്റഡ് കള്‍ട്ടിവേഷന്‍, 14. ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍, 15. ഗാര്‍ഡനര്‍, 16. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, 17. മെഡിക്കല്‍ എക്യുപ്‌മെന്റ് ടെക്‌നീഷ്യന്‍, 18. മൈക്രോ ഇറിഗേഷന്‍ ടെക്‌നീഷ്യന്‍, 19. ഓര്‍ഗാനിക് ഗ്രോവര്‍, 20. ഓര്‍ഗാനിക് ഫിഷ് ടെക്‌നീഷ്യന്‍, 21. ഷ്രിമ്പ് ഫാര്‍മര്‍, 22. സ്‌മോള്‍ പോള്‍ട്രി ഫാര്‍മര്‍, 23. ഇന്റീരിയര്‍ ലാന്‍ഡ്‌സ്‌കേപ്പര്‍.
ഗ്രൂപ്പ് സി
ജ്യോഗ്രഫി, ഇക്കണോമിക്‌സ്, ഹിസ്റ്ററി എന്നിവയാണ് കോമ്പിനേഷന്‍. ടൂര്‍ ഗൈഡ് എന്ന സെക്ടര്‍ മാത്രമാണ് ഇതിലുള്ളത്.
ഗ്രൂപ്പ് ഡി
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, മാനേജ്‌മെന്റ് എന്നിവയാണ് കോമ്പിനേഷന്‍. അഞ്ച് സെക്ടറുകള്‍ ഇതിലുണ്ട്. 1. ബിസിനസ് കറസ്‌പോണ്ടന്‍സ് ആന്‍ഡ് ബിസിനസ് ഫെസിലിറ്റേറ്റര്‍, 2. അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ്, 3. ക്രാഫ്റ്റ് ബേക്കര്‍, 4. ഓഫീസ് ഓപ്പറേഷന്‍ എക്‌സിക്യുട്ടീവ്, 5. സെയില്‍സ് അസോസിയേറ്റ്.
തൊഴില്‍ പരിശീലനം
എന്‍.എസ്.ക്യു.എഫ്. അധിഷ്ഠിത നൈപുണി കോഴ്‌സുകള്‍ പൂര്‍ണമായും നടപ്പാക്കിയതോടെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പൂര്‍ണമായും തുല്യതയുള്ള കോഴ്‌സ് എന്നതിലുപരി ദേശീയാംഗീകാരമുള്ള ഒരു തൊഴില്‍ പരിശീലനത്തിനുകൂടി അവസരം ലഭിക്കും.
