തിരുവനന്തപുരം : മുന്‍മന്ത്രിയും കേരള രാഷ്ട്രീയത്തിലെ വിപ്ലവനായികയുമായ കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം.
കേരളം കണ്ട ശക്തയായ വനിതാ സഖാവ് എന്നതിനുപുറമേ സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രി എന്ന പദവി വഹിച്ച വനിതാരത്‌നം, കേരളത്തിലെ ആറു മന്ത്രിസഭകളില്‍ അംഗം ഇങ്ങനെ പോകുന്നു ഗൗരിയമ്മയുടെ വിശേഷണങ്ങള്‍. ആദ്യ കേരള മന്ത്രിസഭയിലെ റവന്യു വകുപ്പ് ആയിരുന്നു ഗൗരിയമ്മ കൈകാര്യം ചെയ്തിരുന്നത്. മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്.
1919 ജൂലൈ 14ന് ചേര്‍ത്തലയുടെ മണ്ണില്‍ ജനിച്ചു. ജീവിതത്തില്‍ തന്നെ പിതാവാണ് തന്നെ പ്രചോദനമെന്ന് ഓരോ ചുവടിലും ഊന്നി ഊന്നി പറഞ്ഞ വനിതാ. കേരള സര്‍ക്കാരിന്റെ ഗൗരിയമ്മയുടെ കുടുംബം വിട്ടുനല്‍കിയത് 132 ഏക്കറോളം ഭൂമിയാണ്.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രായം ചെന്ന പ്രവര്‍ത്തകയാണ് ഗൗരിയമ്മ. തന്റെ സഹോദരനായ കെ. ആര്‍ സുകുമാരന്റെ പ്രവര്‍ത്തനങ്ങളോട് താല്പര്യം തോന്നിയ ഗൗരിയമ്മയെന്ന വനിത ചെന്നെത്തിയത് കേരള രാഷ്ട്രീയമെന്ന വിശാലമായ ലോകത്തേക്കാണ്.
ജീവിതത്തെ ജനസേവനത്തിനായി ഉഴിഞ്ഞുവെച്ച ഗൗരിയമ്മ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളും കര്‍ഷക പ്രസ്ഥാനങ്ങളുടേയുമെക്കെ മുന്‍നിരക്കാരിയായി കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് വേണ്ടി പോരാടി. നിരവധി തവണ ജയില്‍ ജീവിതം നയിക്കേണ്ടി വന്നു. ശാരീരിക പീഡനങ്ങള്‍ ഏറെ ഏല്‍ക്കേണ്ടി വന്നെങ്കിലും ആ കമ്മ്യൂണിസ്റ്റുകാരുടെ മനസുറപ്പിന് മുമ്പില്‍ അവയെല്ലാം നിഷ്പ്രഭമായി.
1952, 54 കാലഘട്ടങ്ങളില്‍ ഗൗരിയമ്മ ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957 കേരളത്തിലെ ആദ്യ മന്ത്രിസഭയായ ഇഎംഎസ് മന്ത്രിസഭയില്‍ റവന്യൂ മിനിസ്റ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു റവന്യു, എക്‌സൈസ്, ദേവസ്വം തുടങ്ങി 1957 മുതല്‍ 59 വരെ മന്ത്രി സ്ഥാനം അലങ്കരിച്ചു. 1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പുതുതായി രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ലേക്ക് ഗൗരിയമ്മ മാറി. 1967 രണ്ടാം ഇ എം എസ് മന്ത്രിസഭ നിലവില്‍ വന്നപ്പോള്‍ ഗൗരിയമ്മ റവന്യൂ, സെയില്‍ടാക്‌സ്, സിവില്‍സപ്ലൈസ്, സോഷ്യല്‍ വെല്‍ഫെയര്‍, ലോ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഈ കാലഘട്ടത്തിലാണ് ലാന്‍ഡ് റിഫോംസ് ബില്ല് പാസാക്കിയത്.
പിന്നീട് അധികാരത്തില്‍ വന്ന ഒന്നും രണ്ടും ഇ കെ നായനാര്‍ മന്ത്രിസഭകളിലും മൂന്നാം എ കെ ആന്റണി മന്ത്രിസഭയിലും ഒന്നാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുമെല്ലാം മന്ത്രി പദം അലങ്കരിച്ചു കേരളജനതയെ സേവിച്ചു.
കഷ്ടപ്പെടുന്ന ജനവിഭാഗത്തോട് ചേര്‍ന്നു നിന്ന് ആ വേദന തന്റെ ആവശ്യമായി സ്വീകരിച്ച് ഒരായുഷ്‌ക്കാലം ജനനന്മയ്ക്കായി പോരാടിയ സഖാവേ…..മറക്കില്ല കേരളം ഒരിക്കലും… ബാഷ്പാഞ്ജലികള്‍….!
