ചെന്താമര, പകയുടെ ചെന്ദാരകമോ….

സഞ്ജയ് ദേവരാജന്‍

ചെന്താമര എന്ന സാധാരണ മനുഷ്യന്‍ എങ്ങനെ പകയുടെ ഒരു ചെന്താരകമായി മാറി എന്നുള്ളതാണ് സാധാരണ മലയാളിയെ ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ്.

മനുഷ്യന്റെ പ്രത്യേകിച്ചും അടിസ്ഥാന സ്വഭാവങ്ങളായ അസൂയ, വെറുപ്പ്, വിദ്വേഷം, നുണ പറച്ചില്‍, അന്ധവിശ്വാസം ഇവയെല്ലാം കൂടിക്കലര്‍ന്ന ജീവിത സാഹചര്യങ്ങളാണ് ചെന്താമരയെ ഒരു കൊലയാളിയാക്കി മാറ്റിയത്. ”അടിച്ചാല്‍ ഞാന്‍ തിരിച്ചടിക്കും, ഞാന്‍ ഗാന്ധി അല്ല” എന്ന പരാമര്‍ശങ്ങള്‍ നീതിന്യായ സംവിധാനങ്ങളോട് പറയുന്ന ചെന്താമര ഗോത്ര സംസ്‌കാര കാലഘട്ടത്തിലെ മനുഷ്യരെ ഓര്‍മിപ്പിക്കുന്നു.

ചെന്താമരയിലൂടെ ജീവിതത്തിലൂടെ പോകുമ്പോള്‍ മലയാളികളുടെ അടിസ്ഥാനപരമായ കുടുംബ ജീവിത സാഹചര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ചെന്താമര എന്ന അധ്വാനിയായ സാധാരണ മനുഷ്യന്‍… അയാള്‍ തന്നെക്കാളും കൂടുതല്‍ വിദ്യാഭ്യാസവും സാമ്പത്തികവുമുള്ള ഒരു സ്ത്രീയെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. അതില്‍ അയാള്‍ക്ക് കുട്ടി ജനിക്കുന്നു. ആ കുട്ടി വളര്‍ന്നു വലുതായി നല്ല ജോലി നേടുന്നു.

ചെന്താമര താമസിക്കുന്ന ഇടം, വളരെ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരിടമായിരുന്നു. അവിടെനിന്ന് ചെന്താമരയും കുടുംബവും അധ്വാനത്തിലൂടെ നേടുന്ന സാമ്പത്തികവും വിദ്യാഭ്യാസപരമായ മുന്നോക്ക അവസ്ഥ അവരുടെ അയല്‍ക്കാരുടെ അസൂയയെ വര്‍ദ്ധിപ്പിക്കുന്നു. അസൂയാലുക്കളായ അയല്‍ക്കാര്‍ ആ കുടുംബത്തെ തകര്‍ക്കാന്‍ നുണയും കള്ളങ്ങളും പ്രചരിപ്പിച്ചും വിശ്വസിപ്പിച്ചും ആ കുടുംബത്തിന്റെ ഐക്യതയെ, ഭദ്രതയെ തകര്‍ക്കുന്നു. ചെന്താമര സ്‌നേഹിച്ചു വിവാഹം കഴിച്ച ഭാര്യയും കുട്ടിയും ചെന്താമരയെ ഉപേക്ഷിച്ചു പോകുന്നു, ആ കുടുംബം ശിഥിലമാകുന്നു.

എല്ലാത്തിലും ഉപരിയായി തന്റെ കുടുംബത്തെ സ്‌നേഹിച്ച ചെന്താമര എന്ന മനുഷ്യന്‍ ഇവിടെവെച്ച് മൃഗമായി പരിണമിച്ചു. അയാള്‍ തന്റെ കുടുംബജീവിതം തകര്‍ത്തവര്‍ക്കെതിരെ യുള്ള വിധി തീരുമാനിക്കുന്നു, നടപ്പിലാക്കുന്നു. മൃഗമായി മാറിയ ചെന്താമരയെ സംബന്ധിച്ചിടത്തോളം പിന്നെ മൃഗ തൃഷ്ണകളേ ഉള്ളു. ആദ്യ കൊലപാതകങ്ങള്‍ക്ക് ശേഷം ജാമ്യത്തില്‍ ഇറങ്ങിയ ചെന്താമര അവിടെ വെച്ച് എല്ലാം അവസാനിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു. വീണ്ടും നീതിന്യായ സംവിധാനത്തെ വെല്ലുവിളിച്ച് കൊണ്ട് ബാക്കിയുള്ളവരുടെ ശിക്ഷയും നടപ്പിലാക്കി.

തുടര്‍ന്ന് വിചാരണയ്ക്കുശേഷം കോടതി അയാള്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പോഴും ചെന്താമരയ്ക്ക് അശേഷം കുറ്റബോധമില്ല. മൃഗങ്ങള്‍ക്കെന്ത് കുറ്റബോധം എന്ന ചിന്ത മതി ചെന്താമരയുടെ മാനസികാവസ്ഥ എന്താണ് എന്ന് മനസ്സിലാക്കാന്‍.

ആദിമ മനുഷ്യന്റെ കാലത്ത് മനുഷ്യനും മൃഗവും വലിയ വ്യത്യാസങ്ങള്‍ ഒന്നുമില്ല. മറ്റ് മൃഗങ്ങളെപ്പോലെ മനുഷ്യനും വേട്ടയാടി പിടിച്ച് ജീവിക്കുകയായിരുന്നു. മൃഗങ്ങള്‍ തമ്മില്‍ കലഹിക്കുന്നത് പോലെ മനുഷ്യരും തമ്മില്‍ കലഹിച്ചിരുന്നു. പലപ്പോഴും ആ കലഹങ്ങളുടെ പ്രധാന കാരണം അസൂയ തന്നെയായിരുന്നു.

ഭാരതീയ ഇതിഹാസമായ രാമായണത്തില്‍ കൂനിയായ മന്ദരയുടെ ജല്പനങ്ങളെ തുടര്‍ന്ന് ശ്രീരാമനു വനവാസത്തിനു പോകേണ്ടി വരികയും, ദശരഥമഹാരാജാവിന് പുത്രദുഃഖത്താല്‍ മരണപ്പെടേണ്ട സാഹചര്യവുമുണ്ടായി. തന്നെക്കാള്‍ സമ്പത്തോടെയും സന്തോഷത്തോടെയും കൂടി ജീവിക്കുന്ന ഒരു കുടുംബത്തെ കാണുമ്പോള്‍ ഉണ്ടാകുന്ന അസൂയ… ആ കുടുംബത്തിന്റെ സന്തോഷം തകര്‍ക്കുവാനായി അര്‍ദ്ധ സത്യങ്ങള്‍ ചേര്‍ത്തുവെച്ചു നുണ പറഞ്ഞു പരത്തി, കുടുംബത്തില്‍ ഉള്ളവരുടെ മനസ്സില്‍ അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. തുടര്‍ന്ന് പടിപടിയായി ആ കുടുംബത്തെ അന്തചിത്രത്തിലേക്ക് നയിക്കുന്നു. ഇതിലേക്ക് എല്ലാം മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത് അസൂയ, താല്‍ക്കാലികമായ സാമ്പത്തികം നേട്ടം തുടങ്ങിയവ ആയിരിക്കും.

എന്നാല്‍ ഇവിടെ ഇത്തരത്തില്‍ ചെന്താമരയുടെ കുടുംബം തകര്‍ത്തവര്‍ ഇത്തരത്തില്‍ ഭയാനകമായ ഒരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇവിടെ ചെന്താമരയെ ശിക്ഷിക്കുന്നതിനോടൊപ്പം, പുതുതായി ചെന്താമരകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടി എന്ത് ചെയ്യണം എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. അധികാര കേന്ദ്രങ്ങള്‍ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ എന്ത് ചെയ്യണം എന്നത് കൂടി പരിഗണിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *