2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞടുപ്പിൽ സഖ്യം ചേരുന്നത് ആരെല്ലാം ? DMK, TVK ശക്തമായി പോർമുഖത്തുള്ളപ്പോൾ BJP ഒറ്റയ്ക്കോ AIDMK ഉണ്ടാകുമോ എന്ന ചോദ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്നുണ്ട്. AIDMK ബിജെപിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ സംബന്ധിച്ചും അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. സഖ്യം രൂപീകരിക്കുന്നതിനായി ബി ജെ പിയും എ ഐ എ ഡി എം കെയും ഔപചാരിക ചർച്ചകൾ ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെളിപ്പെടുത്തി. എഐഎഡിഎംകെയുടെ ഉന്നതതല പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയതിന് മൂന്ന് ദിവസത്തിന് പിന്നാലെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഈ ആഴ്ച ആദ്യം അമിത് ഷായുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഈ യോഗത്തിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നായിരുന്നു എടപ്പാടി പളനിസ്വാമി പറഞ്ഞിരുന്നു. എന്നാൽ ഇത് നിരാകരിക്കുന്നതാണ് അമിത് ഷായുടെ പ്രതികരണം.
‘തമിഴ്നാിനെ സംബന്ധിച്ചിടത്തോളം എഐഎഡിഎംകെയിലെ ഞങ്ങളുടെ സുഹൃത്തുക്കളും ബിജെപിയിലെ നേതാക്കളും സംസാരിക്കുന്നുണ്ട്. ഒരു തീരുമാനത്തിലെത്തുമ്പോൾ ഞങ്ങൾ അത് പരസ്യമാക്കും,’ അമിത് ഷാ പറഞ്ഞു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഡിഎംകെ സർക്കാരിന്റെ പതനത്തിനും അധികാരത്തിലേക്കുള്ള പുതിയ എൻഡിഎ സർക്കാരിന്റെ വരവിനും സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമിത് ഷായുടെ ഈ പരാമർശം ബിജെപി, എഐഎഡിഎംകെയെ സഖ്യ സർക്കാരിനായി സമ്മർദ്ദത്തിലാക്കും എന്ന അഭ്യൂഹങ്ങൾക്കും കാരണമായി. എടപ്പാടി പളനിസ്വാമി പാർട്ടി നടത്തുന്ന രീതിയിൽ അസ്വസ്ഥനായ മുതിർന്ന എഐഎഡിഎംകെ നേതാവ് കെ എ സെങ്കോട്ടയ്യനെ അമിത് ഷാ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിട്ടുമുണ്ട്. നേരത്തെ സഖ്യത്തിലുണ്ടായിരുന്ന ബിജെപിയും എഐഎഡിഎംകെ 2023 ലാണ് വേർപിരിഞ്ഞത്.
എന്നാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയും ബിജെപിയും വീണ്ടും ഒന്നിച്ചേക്കും എന്നാണ് വിവരം. ഇരു പാർട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സഖ്യം ഉറപ്പിക്കാനുള്ള തീരുമാനത്തിലെത്തുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. ഏപ്രിൽ 6 ന് രാമേശ്വരം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിപക്ഷ നേതാവ് പളനിസ്വാമി സ്വാഗതം ചെയ്തേക്കാമെന്നും അവർ പറഞ്ഞു. ”തിരഞ്ഞെടുപ്പിന് ആറ് മുതൽ എട്ട് മാസം വരെ മുമ്പെങ്കിലും സഖ്യം രൂപപ്പെടുത്തണമെന്നാണ് ബിജെപിക്കുള്ളിലെ ചിന്ത. ഗണിതശാസ്ത്രപരമായ ശക്തി പലതവണ തെളിയിക്കപ്പെട്ടിട്ടുള്ള ഒരു ഏകീകൃത യൂണിറ്റാണ് ഡിഎംകെ സഖ്യം. നമ്മുടെ തന്ത്രങ്ങളിൽ നമ്മൾ വേഗത്തിലായിരിക്കണം,” പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. നടൻ വിജയിയുടെ ടിവികെ, ഡിഎംകെയുടെ പ്രധാന എതിരാളിയായി സ്വയം ഉയർത്തിക്കാട്ടുന്നുണ്ട്.
അതിനാൽ തന്നെ സഖ്യം അടിസ്ഥാനപരമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഇരു പാർട്ടികൾക്കും അത്യാവശ്യമാണെന്ന് വൃത്തങ്ങൾ പറഞ്ഞു. ടി ടി വി ദിനകരൻ, ഒ പനീർശെൽവം തുടങ്ങിയ വിമതരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കാൻ തയ്യാറല്ലെന്നും ബിജെപി തങ്ങളുടെ പാർട്ടി തീരുമാനത്തെ മാനിക്കണമെന്നും എ ഐ ഡി എം കെ ബിജെപിയെ അറിയിച്ചിട്ടുണ്ട്.

 
                                            