ട്രംപിന്റെ പരിഷ്കരണം;ഒടുവിൽ അമേരിക്കയെ തന്നെ തിരിഞ്ഞുകൊത്തി

അധികാരത്തിൽ എത്തിയതിനുശേഷം എല്ലാദിവസവും വാർത്തകളിൽ നിറയുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ പുതിയ പരിഷ്കരണങ്ങൾ സ്വന്തം രാജ്യത്തിന് തലവേദനയാകുന്ന കാഴ്ചയാണ് ഇപ്പോൾ ട്രംപിനെ അലട്ടുന്നത്. വാണിജ്യപരമായി ഇന്ത്യക്ക് തിരിച്ചടികൾ നേരിടുന്ന ചില നീക്കങ്ങൾ ​ട്രംപിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ചൈനയെയും മെക്സിക്കോയെയും കാനഡയെയും പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളും ഉണ്ടായി. ശേഷമാണ് ഇപ്പോൾ വീണ്ടും തീരുവയുമായി ബന്ധപ്പെട് പ്രശ്നങ്ങൾ തലപ്പൊക്കുന്നത്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.താരിഫ് വർധനവ് സ്ഥിരമായിരിക്കുമെന്നും ഈ നീക്കത്തിലൂടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ‘ഈ നീക്കം വളർച്ചയെ ത്വരിതപ്പെടുത്തുന്നത് തുടരും. ഞങ്ങൾ ഫലപ്രദമായി 25% താരിഫ് ഈടാക്കും’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറുവശത്ത് ട്രംപിന്റെ ഈ നീക്കം ആഗോള വിതരണ ശൃംഖലകളെ ആശ്രയിക്കുന്ന വാഹന നിർമ്മാതാക്കളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.പ്രതിവർഷം 100 ബില്യൺ ഡോളർ വരുമാനം പ്രതീക്ഷിക്കുന്നതിനാൽ, താരിഫ് യുഎസ് വാഹന നിർമ്മാതാക്കൾക്ക് പോലും പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും ഒരു രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്നതിന് പകരം പല രാജ്യങ്ങളിലായി ഉത്പാദിപ്പിച്ച് ഏതെങ്കിലും ഒരു രാജ്യത്ത് എത്തിച്ച് കൂട്ടിച്ചേർക്കുന്ന രീതിയാണ് പല പ്രമുഖ വാഹന നിർമ്മാതാക്കളും ഇന്ന് ചെയ്യുന്നത്. അമേരിക്കൻ കമ്പനികളും ഈ രീതി തുടരുന്നു. 20 ശതമാനം തീരുവ നടപ്പിലാക്കുന്നതോടെ അമേരിക്കൻ കമ്പനികൾ ഇറക്കുമതി ചെയ്യുന്ന വാഹന ഭാഗങ്ങൾക്കും അധിക തുക നൽകേണ്ടി വരും.എന്നാൽ ഈ നടപടിയിലൂടെ അമേരിക്കയിൽ തന്നെ കൂടുതൽ ഉത്പാദനം നടക്കുമെന്നും യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന “പരിഹാസ്യമായ” വിതരണ ശൃംഖല അവസാനിക്കുമെന്നും ട്രംപ് പറയുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ജനറൽ മോട്ടോഴ്‌സിന്റെ ഓഹരികൾ ഏകദേശം 3% ഇടിഞ്ഞു. അതേസമയം ഫോർഡിന് നേരിയ നേട്ടമാണുണ്ടായത്. ജീപ്പിന്റെയും ക്രൈസ്‌ലറിന്റെയും മാതൃ കമ്പനിയായ സ്റ്റെല്ലാന്റിസിന് ഏകദേശം 3.6 ശതമാനം ഇടിവാണ് നേരിട്ടത്.അമേരിക്കയിലേത് മാത്രമല്ല, ജപ്പാനിലെ മുൻനിര കാർ നിർമ്മാതാക്കൾക്കും തിരിച്ചടി നേരിട്ടു. ടൊയോട്ട 3.7%, നിസ്സാൻ 3.2%, ഹോണ്ട 3.1% എന്നിവയാണ് ഇടിവ് നേരിട്ട പ്രമുഖ കമ്പനികൾ. മിത്സുബിഷി, ഹ്യുണ്ടായ് എന്നിവയ്ക്കും സമാനമായ ഇടിവ് നേരിട്ടു. ഈ നീക്കം ജപ്പാന്റെ ഒരു പ്രധാന തൊഴിൽദാതാവായ ഓട്ടോമൊബൈൽ മേഖലയെയും യുഎസിലേക്കുള്ള 142 ബില്യൺ ഡോളർ കയറ്റുമതിയെയും വലിയ രീതിയിൽ ആശങ്കയിലാക്കുന്നുണ്ട്.ഏപ്രിൽ 3 മുതൽ തന്നെ പുതിയ താരിഫ് വർധനവ് പ്രാബല്യത്തിൽ വരും. നികുതി ഭാരം പൂർണ്ണമായും ഉപഭോക്താക്കളിലേക്ക് നൽകുകയാണെങ്കിൽ, ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ ശരാശരി ഓട്ടോ വില 12500 യുഎസ് ഡോളർ വരെ ഉയരും. ഇത് മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന് കാരണമാകും.

അതേസമയം ട്രംപിന്റെ നീക്കത്തിന് മറുപടിയുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്ത് വന്നു. ‘ഇത് വളരെ നേരിട്ടുള്ള ആക്രമണമാണ്. ഞങ്ങൾ ഞങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കും. ഞങ്ങൾ ഞങ്ങളുടെ കമ്പനികളെ സംരക്ഷിക്കും. ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കും,” കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *