സുനിത വില്ല്യംസ് ഇനി ഭൂമിയിലെങ്ങനെ അതിജീവിക്കും ?

ബഹിരാകാശയാത്രിക സുനിത വില്യംസിന്റെയും സഹപ്രവർത്തകനായ ബുച്ച് വിൽമോറിന്റെയും വരവിനായി കാത്തിരിക്കുകയാണ് ലോകജനത.. എന്നാൽ നാളുകൾക്ക് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തുമ്പോൾ, അവരെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.. തിരികെ എത്തുമ്പോൾ ഇരുവരും അനുഭവിക്കേണ്ടി വരിക സമാനതകളില്ലാത്ത ശാരീരിക അസ്വാസ്ഥ്യങ്ങളായിരിക്കുമെന്നാണ് നിഗമനം. ശരീരത്തിനുണ്ടാകുന്ന കഠിനമായ വെല്ലുവിളികൾ നേരിടാനുള്ള തയാറെടുപ്പിലാണ് സുനിത വില്യംസും ബുച്ചും.സ്റ്റാർലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂൺ അഞ്ചിനാണ് ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ നിന്നും പുറപ്പെട്ടത്. ജൂൺ ഏഴിന് ഐഎസ്എസിലെത്തി ജൂൺ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും എല്ലാം മാറ്റി മറിച്ചു. ദീർഘനാളത്തെ ബഹിരാകാശവാസത്തിന് ശേഷം ഇരുവരും മാർച്ച് 19 ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്

തിരികെയുള്ള യാത്ര പോലെ പ്രധാനമാണ്, ദീർഘകാലം ബഹിരാകാശത്ത് ചിലവഴിച്ച ശേഷം മടങ്ങിയെത്തുന്ന ബഹിരാകാശ യാത്രികരുടെ ആരോഗ്യസ്ഥിതിയും. ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും കഠിനമായ വെല്ലുവിളിയെ നേരിടാൻ തയ്യാറെടുക്കുകയാണത്രെ സുനിത വില്യംസ്- ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുകയെന്നതാണത്. ഗുരുത്വാകർഷണം മനുഷ്യശരീരത്തെ ശിക്ഷിക്കുന്ന സന്ദർഭം. ഈ കാലയളവിൽ ഒരു പെൻസിൽ ഉയർത്തുന്നത് പോലും കഠിന വ്യായാമം പോലെ തോന്നുമെന്നും വിദഗ്ദർ പറയുന്നു.ഗുരുത്വാകർഷണം ശരീര ദ്രവങ്ങളെയെല്ലാം താഴേക്ക് വലിക്കാൻ തുടങ്ങും, ശരീരം ഗുരുത്വാകർഷണ ശക്തികളുമായി പൊരുത്തപ്പെടുമ്പോൾ ഈ മാറ്റം അസ്വസ്ഥതയ്ക്കും ഭാരം തോന്നുന്നതിനും കാരണമാകും. തിരികെ ഭൂമിയിലെ ജീവിതവുമായി പൊരുത്തപ്പെടുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് സമ്മതിച്ചുകൊണ്ട് സുനിത വില്യംസും ഈ ചിന്തകൾ ബുച്ച് വിൽമോറിനൊപ്പം മുൻപ് പങ്കുവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *