ഉമ്മന്‍ ചാണ്ടിയായി മമ്മൂട്ടി എത്തും; ബയോപിക്കിന്റെ ചിത്രങ്ങൾ പുറത്ത്

മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ 81 ാം ജന്മവാർഷികത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന അദ്ദേ​ഹത്തിന്റെ വാർത്തയാണ്. അദ്ദേഹവുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തയാണ് നടൻ മമ്മൂട്ടി. മുൻപ് പലപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളം ആണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ വിയോ​ഗ ശേഷം അദ്ദേഹത്തിന്റെ ബയോപിക് വരുന്നെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. അങ്ങനെയൊന്ന് വന്നാൽ മമ്മൂട്ടി ആയിരിക്കും ഉമ്മൻ ചാണ്ടിയുടെ വേഷത്തിന് ഏറ്റവും അനുയോജ്യൻ എന്നും ആരാധകർ പറഞ്ഞിരുന്നു.

ഈ അവസരത്തിൽ ഉമ്മൻ ചാണ്ടിയുടെ ലുക്കിലുള്ള മമ്മൂട്ടിയുടെ ഒരു ഫോട്ടോയാണ് സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നത്. നിറ ചിരിയോടെ ഉമ്മൻ ചാണ്ടിയെ പോലെ നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. ഇതിന് പിന്നാലെ ബയോപിക് വരുന്നെന്ന തരത്തിലുള്ള പ്രചരണവും നടന്നു. എന്നാൽ സേതു ശിവാനന്ദൻ എന്ന ആർട്ടിസ്റ്റ് വരച്ച ചിത്രമാണിത്. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിലും ഫോട്ടോ പങ്കിട്ടിട്ടുണ്ട്. ‘ഉമ്മൻ ചാണ്ടി സാറായി മമ്മൂക്ക. കൺസെപ്റ്റ് ആർട്ട് മാത്രം..’ എന്ന് കുറിച്ചാണ് സേതു ഫോട്ടോ പുറത്തുവിട്ടത്. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തു.

അതേസമയം, ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമ ആയാൽ ആരൊക്കെ അഭിനയിക്കണമെന്ന് മുൻപ് ചാണ്ടി ഉമ്മനോട് ചോദിച്ചപ്പോഴുള്ള മറുപടി, ‘അപ്പയുടെ ബയോപിക് വന്നാൽ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് മുന്നും പിന്നും നോക്കാതെ മമ്മൂട്ടി എന്നാണ് ചാണ്ടി ഉമ്മൻ മറുപടി നൽകിയത്. ചിത്രത്തിൽ തന്റെ വേഷം ചെയ്യുന്നത് ദുൽഖർ ആയിരിക്കും’, എന്നായിരുന്നു. അതേസമയം, ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ സംരംഭം കൂടിയാണ്. ബസൂക്ക, ‍ഡൊമനിക് ആൻഡ് ദ ലേഡീസ് പേഴ്സ് തുടങ്ങിയവയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *