വയനാട്ടിലെ ഉരുള്‍പൊട്ടൽ; ശൂന്യവേളയിൽ പരിഗണിക്കാം എന്ന് സ്പീക്കർ

വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും വന്‍ ഉരുള്‍പൊട്ടലിൻ്റെ ഭാഗമായുണ്ടായ ​ഗുരുതരമായ ദുരന്തവും രക്ഷാപ്രവർത്തനവും പാർലമെൻ്റ് നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള എംപിമാ‍ർ രം​ഗത്തെതി. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധം നടത്തി.

എന്നാൽ ശൂന്യവേളയിൽ പരിഗണിക്കാം എന്ന് സ്പീക്കർ മറുപടി നൽകിയതോടെ കേരള എംപിമാർ പാർലമെൻ്റിൽ ബഹളം വെച്ചു. പ്രതിരോധ മന്ത്രി കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടെന്നും മന്ത്രി കാര്യങ്ങൾ സഭയിൽ വിവരിക്കുമെന്നും സ്പീക്കർ പറഞ്ഞു.

രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പി സന്തോഷ് കുമാർ, പി വി അബ്​ദുൽ വഹാബ് തുടങ്ങിയവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേന്ദ്രത്തോട് കൂടുതൽ സഹായം ആവശ്യപ്പെട്ടതായി കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കുന്നതായി പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. ദുരന്തത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം സര്‍ക്കാരിന്‍റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *