കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്കിടയിൽ വച്ചായിരുന്നു പോർവിളിയും കയ്യാങ്കളിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതിലുള്ള അഭിപ്രായവ്യത്യാസമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
യുഡിഎഫ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദയാത്ര ആലുംകടവിൽ എത്തിയതോടെ പ്രവർത്തകർ ഇരുചേരികളായി തിരിഞ്ഞ് പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയുടെ ഭാഗമായി എത്തിയ വനിതകൾ ഉൾപ്പെടെ ഇതോടെ നാല് ഭാഗത്തേക്കും ചിതറിയോടി.
വളരെ പണിപ്പെട്ടാണ് നേതാക്കൾ അണികളെ ശാന്തരാക്കിയത്. ജാഥ സ്വീകരണം നടത്താതെ പരിപാടി അവസാനിപ്പിച്ച് പിരിഞ്ഞു പോവുകയായിരുന്നു. സംഘർഷത്തിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
