ജയിലറിന്റെ അണിയറ പ്രവർത്തകർക്ക് സ്വർണ നാണയങ്ങൾ

ജയിലറിലെ 300 അണിയറ ക്കാർക്ക് സ്വര്‍ണ്ണ നാണയങ്ങൾ കൊടുത്തോ?

രജനികാന്തിന്‍റെ കരിയറിലെ തന്നെ വലിയൊരു വിജയമാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ഇതിനകം ബോക്സോഫീസ് റണ്‍ പൂര്‍ത്തിയാക്കി ഒടിടിയില്‍ വന്ന് കഴിഞ്ഞു. അതേ സമയം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ് അതിന്‍റെ വിജയാഘോഷങ്ങള്‍ അവസാനിപ്പിക്കുന്നില്ല. ഞായറാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തു.

ജയിലര്‍ ടൈറ്റില്‍ അടക്കം അടങ്ങുന്ന പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ്ണ നാണയങ്ങളാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നല്‍കിയത്. സംവിധായകന്‍ നെല്‍സണ്‍ അടക്കമുള്ളവര്‍ ഈ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങില്‍ വിജയാഘോഷത്തിന്‍റെ ഭാഗമായി കൂറ്റന്‍ കേക്കും മുറിച്ചു. തുടര്‍ന്ന് എല്ലാം അണിയറക്കാര്‍ക്കും ബിരിയാണിയും നല്‍കിയിരുന്നു. കലാനിധി മാരനും, നെല്‍സണും ടെക്നീഷ്യന്മാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് പരിപാടി അവസാനിച്ചത്.

അതേ സമയം ജയിലർ ബ്ലോക് ബസ്റ്റർ വിജയം നേടിയതിന് പിന്നാലെ നെൽസൺ ദിലീപ് കുമാർ, രജനികാന്ത്, അനിരുദ്ധ് തുടങ്ങിയവർക്ക് ലാഭ വിഹിതത്തിൽ ഒരുപങ്കും കാറും നിർമാതാക്കൾ നൽകിയിരുന്നു. എന്നാൽ സിനിമയുമായി ബന്ധപ്പെട്ടവർക്ക് മാത്രമല്ല, അശരണരായവർക്ക് കൈത്താങ്ങാകുകയാണ് നിർമാതാവ് കലാനിധി മാരനും കുടുംബവും.

ബധിര മൂക വിദ്യാലയങ്ങൾ, സ്നേഹാലയങ്ങൾ എന്നിവിടങ്ങളിൽ 38ലക്ഷം, ക്യാൻസർ രോ​ഗികൾക്ക് 60ലക്ഷം, പാവപ്പെട്ട കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് 1 കോടി എന്നിങ്ങനെ ഇതിനോടകം നിർമാതാക്കൾ നൽകി കഴിഞ്ഞു. പുറത്തുവരാത്ത വേറെയും നിരവധി സഹായപ്രവർത്തനങ്ങൾ സൺ പിക്ചേഴ്സ് ചെയ്തിട്ടുണ്ടെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജയിലർ നിർമാതാക്കളുടെ ഈ സത്പ്രവർത്തിയെ പ്രകീർത്തിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

ഓ​ഗസ്റ്റ് 10നാണ് ജയിർ റിലീസ് ചെയ്തത്. അന്ന് മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയും പ്രേക്ഷക- നിരൂപക പ്രശംസകളും ചിത്രത്തിന് ലഭിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമായി 610 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ 195 കോടിയാണ് ജയിലർ നേടിയതെന്നും റിപ്പോർട്ടിലുണ്ട്. തമിഴ്‌നാട്ടിൽ നിന്നുമാത്രം 100 ​​കോടി നേടുന്ന ആദ്യ ചിത്രം എന്ന നേട്ടവും ജയിലറിന് ആണെന്നാണ് വിവരം. തിയറ്റിൽ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയ ചിത്രം സെപ്റ്റംബർ 7മുതൽ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിം​ഗ് തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *