പിറന്നാൾ ദിനത്തിൽ കഴുത്തിൽ പൂമാലയണിയുന്നത് മധ്യപ്രദേശിലെ പതിവുകാഴ്ചയാണ്. എന്നാൽ ഷിയോപൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ബാബു ജൻഡേൽ പൂമാലയ്ക്ക് പകരം കഴുത്തിൽ പാമ്പിനെ ചുറ്റിയാണ് പിറന്നാൾ ആഘോഷിച്ചത്.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി. ഒരു പരിഭ്രമവും ഇല്ലാതെയാണ് ബാബു ജൻഡേൽ കഴുത്തിൽ പാമ്പിനെ അണിഞ്ഞിരുന്നത്. വിചിത്രമായ രീതികൾ കൊണ്ട് ഇദ്ദേഹം മുമ്പും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വൈദ്യുതതൂണിൽ വലിഞ്ഞുകയറിയും നൃത്തം ചെയ്തുമെല്ലാം ഇദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. ലളിതമായി പിറന്നാൾ ആഘോഷിക്കുവാനാണ് ഇഷ്ടമെന്നും ജീവജാലങ്ങൾ തനിക്ക് സുഹൃത്തുക്കളെ പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
