നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. വിവിധതരം സംസ്കാരങ്ങളും ആചാരങ്ങളും പിന്തുടരുന്ന ജനവിഭാഗങ്ങൾ ചേരുന്നതാണ് നമ്മുടെ രാജ്യം. എന്നാലും പലപ്പോഴും ഇത് അന്ധവിശ്വാസത്തിന്റെ മേഖലയിലേക്ക് കടക്കാറുണ്ട്. ഇപ്പോൾ ആന്ധ്രപ്രദേശ് കൂർണൂർ ജില്ലയിലെ കോണ്ട്രയുടി മലയിലെ കൊണ്ടലരായുഡു ആരാധനയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച വിശ്വാസികൾ ഇവിടെ മാരകവിഷമുള്ള തേളുകളെ ദൈവത്തിനു സമർപ്പിക്കുന്നു. ആയിരക്കണക്കിന് ഭക്തരാണ് ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. മലയുടെ മുകളിലുള്ള ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ പാറയിടുക്കിൽ നിന്നും കുറ്റിക്കാട്ടിൽ നിന്നും വെറും കൈകൊണ്ട് പിടിക്കുന്ന തേളുകളെ നൂലിൽ കോർത്ത് ദേവന് സമർപ്പിക്കുന്നു. ദൈവാധീനം ഉള്ളതിനാൽ തങ്ങളെ തേൾ കുത്തില്ലെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. ഭക്തർ തേളുകളെ പിടികൂടി കൈയിലും തലയിലും വയ്ക്കുന്നതും ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്നതും ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പുകളെ കുറിച്ചുള്ള ചർച്ചകൾക്ക് ഇന്റർനെറ്റിൽ ഈ വീഡിയോ കാരണമായിട്ടുണ്ട്.
