രജനി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ജയിലര്‍ ചിത്രം രജനിയുടെ മാത്രം തിരിച്ചുവരവല്ല, ഒരുപാട് നാളുകളായി പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്ന നെല്‍സണ്‍ എന്ന സംവിധായകന്റെ തിരിച്ചുവരവു കൂടെയാണ്. എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ് ചിത്രം .വിനായകന്‍ ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ചെയുന്നത്. വര്‍മന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ, ചിത്രത്തിന്റെ വിജയത്തെ കുറിച്ച് ആദ്യമായി മനസ് തുറക്കുകയാണ് വിനായകന്‍.
സിനിമ ഹിറ്റായതില്‍ എല്ലാ ക്രഡിറ്റും രജനീകാന്തിന് ആണെന്നും അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും വിനായകന്‍ പറയുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് വിനായകന്റെ വീഡിയോ പുറത്തുവിട്ടത്.മനസ്സിലായോ, നാന്‍ താന്‍ വര്‍മന്‍. ജയിലറില്‍ വിളിക്കുന്ന സമയത്ത് ഞാന്‍ വീട്ടില്‍ ഇല്ല, ഒരു കാട്ടിലായിരുന്നു. അവിടെ റേഞ്ചുമില്ല, പത്ത് പതിനഞ്ച് ദിവസം അവിടെയായിരുന്നു. ഫോണ്‍ എല്ലാം ഓഫായിരുന്നു. തിരിച്ച് വന്ന് നോക്കിയപ്പോള്‍ ഒത്തിരി മിസ് കോള്‍. മാനേജര്‍ വിളിച്ച് കാര്യം പറഞ്ഞു. തിരിച്ച് വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി പറയുന്നത്. നെല്‍സണ്‍ ആണ് സംവിധാനം എന്നും പറഞ്ഞു. കൂടുതല്‍ ഒന്നും ചോദിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ. ഞാനാണ് പ്രധാന വില്ലന്‍ എന്ന് നെല്‍സണ്‍ പറഞ്ഞു. രജനി സാറിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് ഒന്നും പറയാന്‍ പറ്റില്ല. ഒന്ന് കാണാന്‍ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, ചേര്‍ത്തണച്ച് എനര്‍ജി തന്നത് ഇതൊന്നും മറക്കാൻ കഴിയില്ല. വര്‍മന്‍ ഇത്രയും ലെവലില്‍ എത്താന്‍ കാരണം രജനികാന്ത് ആണ്. എന്റെ വേഷത്തെ കുറിച്ച് മാത്രമാണ് നെല്‍സണ്‍ സാര്‍ പറഞ്ഞത്. ഞാന്‍ പല സിനിമകളിലും സ്‌ക്രിപ്റ്റ് കേള്‍ക്കാറില്ല. പലകാരണങ്ങളാലും സ്‌ക്രിപ്റ്റ് മാറാം. വീട്ടില്‍ ഇരുന്ന് വെളിയില്‍ പോകാന്‍ സാധിക്കാത്ത രീതിയില്‍ വര്‍മന്‍ ഹിറ്റായി. സ്വപ്‌നത്തില്‍ പോലും യോസിക്കലേ സാര്‍. നെല്‍സണോട് ഒരുപാട് നന്ദി. രജനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരന്‍ സാറിനും ഒരുപാട് നന്ദി.. വിനായകന്‍ പറഞ്ഞു. ഏതായാലും സിനിമ ഹിറ്റായതിന് പിന്നാലെ വിനായകന്റെ വര്‍മനും ഹിറ്റായി.
