ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ്. നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലില്‍ തീര്‍ത്ത ഏഴുതലയുള്ള നാഗപ്രതിമ എന്നിവയൊക്കെയും ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിന്റെ സവിശേഷതകളാണ്.
എഴുപതിലധികം കല്‍ത്തൂണുകള്‍ ക്ഷേത്രത്തിലുണ്ടെങ്കിലും അവയില്‍ ഒന്നുപോലും നിലത്ത് സ്പര്‍ശിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തുകൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും അറുതിയുണ്ടാകുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ഈ വാസ്തുവിദ്യയുടെ രഹസ്യം ഇപ്പോഴും അജ്ഞാതമാണ്.ഒറ്റക്കല്ലില്‍ കൊത്തിയ നന്ദിയുടെ പ്രതിമയാണ് ക്ഷേത്രത്തിലെ മറ്റൊരാകര്‍ഷണം. ക്ഷേത്രത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം കാണുന്ന കാഴ്ചയും നന്ദിയുടേതാണ്. 27 അടി നീളവും 15 അടി ഉയരവുമുള്ള ഈ പ്രതിമ ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ നന്ദിപ്രതിമയാണ്.
ഒറ്റക്കല്ലില്‍ കൊത്തിയ ഏഴുതലയുള്ള നാഗത്തിന്റെ പ്രതിമയും ലേപാക്ഷിയിലെ വാസ്തുവിദ്യയുടെ അടയാളമായി നിലകൊള്ളുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നാഗപ്രതിമയായാണ് ഇതിനെ കണക്കാക്കുന്നത്. ഏഴ് പത്തികളുള്ള നാഗം ശിവലിംഗത്തില്‍ ഇരിക്കുന്ന രൂപത്തിലാണ് പ്രതിമ.
വീരഭദ്ര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് ചിത്രപണികള്‍ നിറഞ്ഞ മണ്ഡപം. ഇതിന്റെ തൂണുകളില്‍ വാദ്യക്കാരുടെയും നര്‍ത്തകിമാരുടെയും രൂപങ്ങള്‍ മനോഹരമായി കൊത്തിയിരിക്കുന്നു. വിശ്വകര്‍മ്മ ബ്രാഹ്മണരുടെ കരവിരുത് പ്രകടമാക്കുന്നതാണ് മണ്ഡപത്തിലെ ഓരോ ചിത്രപ്പണികളും.ഹാളിന്റെ മേല്‍ത്തട്ട് രാമായണം, മഹാഭാരതം, മറ്റ് ഗ്രന്ഥങ്ങള്‍ എന്നിവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന മനോഹരമായ മ്യൂറല്‍ പെയിന്റിങ്ങുകളാല്‍ അലങ്കരിച്ചിരിക്കുന്നു.
മണ്ഡപത്തില്‍നിന്നിറങ്ങി നടക്കുമ്പോള്‍ ക്ഷേത്രമുറ്റത്ത് വലിയൊരു കാല്‍പ്പാടിന്റെ ആകൃതി കാണാം. ആരോ തറയില്‍ അമര്‍ത്തി ചവിട്ടിയാല്‍ എന്നപോലെയാണ് ഇതിന്റെ നിര്‍മാണം. ഈ കാല്‍പ്പാട് സീതാദേവിയുടേതാണെന്ന് ഇവിടുത്തുകാരുടെ വിശ്വാസം.
വീരഭദ്രനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശിവന്‍, വിഷ്ണു, വീരഭദ്രന്‍ എന്നീ മൂന്നു ദൈവങ്ങള്‍ക്കും ഇവിടെ പ്രത്യേക പ്രതിഷ്ഠയുണ്ട്. വടക്കോട്ടാണ് ക്ഷേത്രത്തിന്റെ ദര്‍ശനം.
രാമായണവുമായി ബന്ധപ്പെട്ടുകിടക്കുന്ന നഗരമാണ് ലേപാക്ഷി. വാല്‍മീകി രാമായണമനുസരിച്ച്, രാമന്‍ ഹനുമാന്റെ കൂടെ ലങ്കയിലേക്കുള്ള യാത്രയില്‍ ജഡായുവിനെ കണ്ടുമുട്ടി. വെട്ടേറ്റു ചിറകറ്റ് മരണാസന്നനായി കിടക്കുന്ന ജഡായുവിനെ കണ്ട് അടുത്തുചെന്ന രാമന്‍ ‘ലേ പക്ഷി’ എന്നു പറഞ്ഞുവെന്നാണ് പുരാണം. ”എഴുന്നേല്‍ക്കുക, പക്ഷി’ എന്നാണ് ഈ വാക്കുകളുടെ അര്‍ഥം. ആ വാക്കുകള്‍ ചേര്‍ന്ന് ലേപാക്ഷി എന്ന ഒറ്റവാക്കുണ്ടായി എന്നാണ് വിശ്വാസം.
