നടി ആക്രമിക്കപ്പെട്ട കേസില്‍ കനത്ത തിരിച്ചടി ഹെക്കോടതിയില്‍ നേരിട്ട് നടന്‍ ദിലീപ്.കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിതയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അതിജീവിതയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
നടിയുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അഭിപ്രായം തേടി കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഒരു വ്യവഹാരത്തില്‍ തീരുമാനമെടുക്കുന്നതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്ന, ആ വ്യവഹാരത്തില്‍ കക്ഷിയല്ലാത്ത ഒരാളോ ഒരു സംഘമോ ഒരു സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി. കോടതിയുടെ സുഹൃത്ത് എന്നാണ് അമിക്കസ് ക്യൂറി എന്ന ലാറ്റിന്‍പദപ്രയോഗത്തിന്റെ ഭാഷാര്‍ഥം.
2017 ഫെബ്രുവരി പതിനേഴിന് തൃശൂര്‍ നഗരത്തില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ തെന്നിന്ത്യന്‍ സിനിമയിലെ ഒരു നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തപ്പെടുകയും ചെയ്ത സംഭവവും തുടര്‍ന്നുള്ള നിയമവ്യവഹാരങ്ങളും അനുബന്ധസംഭവങ്ങളും ചേര്‍ത്താണ് നടി ആക്രമിക്കപ്പെട്ട കേസ് എന്ന പ്രമാതമായ കേസ് വരുന്നത് .നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയിലെ നടന്‍ ദിലീപ് ആദ്യം മുതല്‍ക്കുതന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയും ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസം റിമാന്‍ഡില്‍ കഴിയുകയും പിന്നീട് സോപാധികജാമ്യം നേടുകയും ചെയ്തിരുന്നു. നടിയെ ആക്രമിക്കുവാന്‍ വാടകഗുണ്ടകളെ ഏര്‍പ്പെടുത്തിയെന്നും ഇതില്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങള്‍ ദിലീപ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്.
നടിയെ ആക്രമിച്ചകേസില്‍ പള്‍സര്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന സുനി, ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ്, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലിം, ചാര്‍ലി, മേസ്തിരി സുനില്‍, വിഷ്ണു, എന്നിവര്‍ അറസ്റ്റില്‍ ആയിരുന്നു.ഈ കേസില്‍ ആകെ 14 പ്രതികളാണുള്ളത്. ദിലീപിന് ഈ പീഡനത്തില്‍ പങ്കുണ്ടാകാമെന്ന് ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പ്രചരിച്ചിരുന്നു. ഈ പെണ്‍കുട്ടിയോടു മുന്‍വിരോധമുണ്ടായിരുന്ന ഇയാള്‍ അവളോടു പകവീട്ടിയതായിരിക്കാമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ആദ്യഘട്ടത്തില്‍ പള്‍സര്‍ സുനി യാതൊരു സൂചനകളും നല്‍കിയിരുന്നില്ല. പണത്തിനു വേണ്ടിയുള്ള ഒരു തട്ടിക്കൊണ്ടു പോകലും ദൃശ്യങ്ങള്‍ പകര്‍ത്തലുമെന്നായിരുന്നു അയാളുടെ ആദ്യമൊഴികള്‍. എന്നാല്‍ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പല സംശയങ്ങള്‍ക്കും ഇടയാക്കി. നടന്റെ പേരു ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ അയാളും ബന്ധപ്പെട്ട വ്യക്തികളും ഇതു വ്യാജമാണെന്നാണു പറഞ്ഞിരുന്നു.

 
                                            