ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്വജനപക്ഷപാതമുണ്ട് എന്നും പുരസ്‌കാരം റദ്ദാക്കണമെന്നുമുള്ള ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് നല്‍കിയ അപ്പീലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹര്‍ജിയില്‍ ഇടപെടാന്‍ കാരണമില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപാകതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയത്. സിനിമയുടെ പ്രൊഡ്യൂസര്‍ എന്തുകൊണ്ട് ഹര്‍ജിയുമായെത്തിയില്ലെന്നും ചോദിച്ചിരുന്നു കോടതി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടു എന്നായിരുന്നു വിനയന്‍ അടക്കം ആരോപണം ഉന്നയിച്ചത്.
പുരസ്‌കാര വിതരണത്തില്‍ അക്കാദമി ചെയര്‍മാനായ സംവിധായകന്‍ രഞ്ജിത്ത് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് ആണ് ഹര്‍ജി നല്‍കിയത്. രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് സംവിധായകന്റെ ഹര്‍ജി കോടതി നേരത്തെ തള്ളിയത്. ജൂറി അംഗങ്ങള്‍ക്ക് പരാതയുണ്ടെങ്കില്‍ അവര്‍ക്കു തന്നെ നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തെളിവ് ഹാജരാക്കാന്‍ ഹര്‍ജിക്കാരന്‍ സാവകാശം അഭ്യര്‍ഥിച്ചപ്പോള്‍ ഇതെല്ലാം ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ വേണമായിരുന്നു എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് തന്റെ സിനിമയ്ക്ക് പുരസ്‌കാരം കിട്ടാതിരിക്കാന്‍ ഹീനമായ രാഷ്ട്രീയ നീക്കം നടത്തിയെന്നായിരുന്നു വിനയന്‍ ആരോപിച്ചത്. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സംവിധായകന്‍ വിനയന്‍ വ്യക്തമാക്കിയിരുന്നു. അവാര്‍ഡ് നിര്‍ണയത്തിനെതിരായ വിനയന്റെ പരാതികള്‍ സിനിമാ മന്ത്രി സജി ചെറിയാന്‍ തള്ളിയിരുന്നു. രഞ്ജിത്ത് ഒരു ഇടപെടലും നടത്തിയില്ലെന്നും അവാര്‍ഡില്‍ മാറ്റം ഉണ്ടാകില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.

 
                                            