നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില കൂടുതലുള്ള സാധനം വജ്രാമോ, സ്വര്‍ണമോ ഒന്നുമല്ല. അത് നമ്മുടെ സ്വന്തം പച്ചക്കറികളാണ്. അതെങ്ങനെയാ പച്ചക്കറികളുടെ വില സ്വര്‍ണത്തിന്റെയും മറ്റും വിലയുടെ അത്ര ഉയര്‍ന്നിട്ടില്ലല്ലോ എന്ന് പറയാന്‍ വരട്ടെ. സ്വര്‍ണവും വജ്രവുമെല്ലാം ആഡംബരത്തിന്റെ പര്യായവും അത്യാവശ്യങ്ങള്‍ക്ക് മാത്രം നമ്മള്‍ സമീപിക്കുന്ന വസ്തുവകകളാണ്. എന്നാല്‍ തക്കാളിയും ഉള്ളിയും ഇഞ്ഞിയും പച്ചമുളക്കുമെല്ലാം നമുക്ക് നിത്യേന ആവശ്യമുള്ള അടിയന്തിര ഉത്പന്നങ്ങളും. അതുകൊണ്ട് തന്നെ ഇവയിലെ വിലകയറ്റം രാജ്യത്തെ എല്ലാവരുടെയും കീശയെ ബാധിക്കുമെന്നത് തീര്‍ച്ചയാണ്.
അടുത്ത ദിവസങ്ങളായി ഇന്ത്യയില്‍ ഏറ്റവുമധികം അക്രമങ്ങളും കൊലപാതകങ്ങളും നടന്നിട്ടുള്ളത് ഈ പച്ചക്കറികളെ ചൊല്ലിയാണെന്നാണ് വാര്‍ത്തകള്‍ അടിവരയിടുന്നത്. പച്ചക്കറി വില്പനക്കാരനെ വീട് കേറി ആക്രമിക്കുന്നു, തക്കാളി മോഷ്ടിച്ചു കൊണ്ടുപോകുന്നു, തക്കാളി വില്പനയുള്ള കടയുടമ ഒന്നിലധികം ബോഡിഗാര്‍ഡുകളെ സുരക്ഷക്കായി കൂടെ കൂട്ടുന്നു അങ്ങനെ കൗതുകവും അതിനേക്കാലുപരി പേടിപ്പെരുത്തുന്നതുമായ വാര്‍ത്തകളാണ് നിത്യേന റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ഫത്തെപൂരില്‍ വന്‍കിട പച്ചക്കറി വ്യാപാരികളായ റാംജിയും നയീമും നടത്തുന്ന കടയില്‍ നിന്നും ഇഞ്ചി, തക്കാളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ മോഷണം പോയിരുന്നു. ഈ സാധനങ്ങളുടെ വിപണി മൂല്യവും ഡിമാന്‍ഡും ഓര്‍ത്തുനോക്കിയപ്പോള്‍ ഇരുവരും ഉടന്‍ തന്നെ പോലീസില്‍ എത്തി പരാതിപ്പെട്ടു.
രാത്രി അടച്ചുപോയതിനു ശേഷം പിറ്റേദിവസം തിരിച്ചെത്തി കട തുറന്നപ്പോള്‍ അവിടെ സൂക്ഷിച്ചിരുന്ന 25 കിലോ തക്കാളി, 30 കിലോ വെളുത്തുള്ളി, 25 കിലോ ഇഞ്ചി, ഇത്രയും തന്നെ പച്ചമുളക് എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന് ഉടമകള്‍ പോലീസിനോട് അറിയിച്ചു. നഷ്ടപ്പെട്ട സാധനങ്ങളുടെ കണക്ക് എഴുതിയെടുത്ത ശേഷം പരാതിയും വാങ്ങിവച്ചു പോലീസ് ഇവരെ മടക്കി അയച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി എത്തിയപ്പോഴാണ് തൊട്ടടുത്ത പ്രദേശത്ത് പച്ചക്കറികള്‍ വിലക്കുറവില്‍ വില്പന നടത്തുന്നതായി ഓങ് പൊലീസ് സ്റ്റേഷന്‍ മേധാവി സത്യപാല്‍ സിങ് അറിയുന്നത്. വിവരം അറിഞ്ഞതോടെ അദ്ദേഹം അങ്ങോട്ട് വച്ച് പിടിച്ചു.
പരാതിക്കാരുടെ തൊട്ടടുത്ത് കട നടത്തിവന്നിരുന്ന രാജേഷ് കുമാറും സജ്ജന്‍ ഖാനുമാണ് ഈ ആധായ വില്പനക്ക് പിന്നിലെന്ന് പോലീസിന് മനസ്സിലായി. എന്നാല്‍ ഇതെല്ലാം വിദൂര സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചതാണെന്ന് പറഞ്ഞു ഇവര്‍ തടിയൂരി. സംശയങ്ങളല്ലാതെ തെളിവുകളില്ലാത്തത് കൊണ്ട് പോലീസ് മടങ്ങി. എന്നാല്‍ വാര്‍ത്തയറിഞ്ഞതോടെ ഇവര്‍ തന്നെയാണ് തങ്ങളുടെ പച്ചക്കറികള്‍ മോഷ്ടിച്ചതെന്ന് അറിയിച്ചു പരാതിക്കാര്‍ വീണ്ടും പോലീസ് സ്റ്റേഷനില്‍ എത്തി. എന്നാല്‍ പോലീസ് എത്തുമ്പോഴേക്കും ഇവര്‍ കച്ചവടം മതിയാക്കി സ്ഥലം വിട്ടിരുന്നു. നിലവില്‍ ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.

 
                                            