എഐ ക്യാമറകൾ നീക്കം ചെയ്യുമോ ?

സംസ്ഥാനത്തെ റോഡുകളില്‍ എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കാമറയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ഒരു ഉത്തരവും കോടതിയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. പ്രതിപക്ഷ അഭിഭാഷകരുടെ വാദം മാത്രമാണ് ഇന്ന് കോടതി കേട്ടതെന്നും ഗതാഗതമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഏതെങ്കിലും ഒരു ആരോപണം കോടതിക്ക് വിശ്വസനീയമായി തോന്നിയിരുന്നെങ്കില്‍ ഇന്ന് ഒരു ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുമായിരുന്നു. പ്രഥമദൃഷ്ട്യാ ആ ഹര്‍ജിയില്‍ ഇടപേടണ്ടെ യാതൊന്നു കോടതി കാണാത്തതുകൊണ്ടാണ് ഇടക്കാല ഉത്തരവിലൂടെ ഈ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നുള്ള പ്രതിപക്ഷ നേതാവിന്റെയും മറ്റും ആവശ്യം കോടതി അംഗീകരിക്കാത്തതെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നോ, അഴിമതിയുണ്ടെന്നോ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടിരുന്നെങ്കില്‍ പദ്ധതി നിര്‍ത്തിവെക്കാന്‍ ഉത്തരവിടുമായിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ യാതൊര കഴമ്പുമില്ലാത്തതിനാലാണ് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് കോടതി ഉത്തരവിടാതിരുന്നതെന്നും ആന്റണി രാജു പറഞ്ഞു.

എന്നാല്‍ പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കോടതി നല്‍കിയ സ്റ്റേ ഉത്തരവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയുടെ തെളിവുകളും രേഖകളും നല്‍കിയിട്ട് മൗനം പാലിച്ച മുഖ്യമന്ത്രിയ്ക്ക് ഇനിയെന്താണ് പറയാനുള്ളതെന്ന് ചെന്നിത്തല ചോദിച്ചു. സര്‍ക്കാരിനെ അഴിമതി നടത്തി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും കോടതി വിധി സാധാരണ ജനങ്ങളുടെ വിജയമാണെന്നും പിണറായി വിജയന്‍ സര്‍ക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു’
‘ഞാന്‍ ആദ്യമായി ഈ ഇടപാടിലെ അഴിമതി പുറത്തുവിട്ടു കഴിഞ്ഞപ്പോള്‍ നിയമ മന്ത്രി പലവട്ടം വെല്ലുവിളിച്ചു ചോദിച്ചു എന്തേ കോടതിയില്‍ പോകാത്തത്? സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഴിമതി നടന്നിട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞു. എന്നാല്‍ ഈ ഇടപാടില്‍ അഴിമതി ഞാന്‍ പുറത്തുവിട്ട ശേഷം ഒരക്ഷരം പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ പ്രതികരണം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കുന്നു. കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേ?റ്റ അടിയാണ്.’ രമേശ് ചെന്നിത്തല പറഞ്ഞു.’

ക്യാമറ വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചതെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.കൂടുതല്‍ കാര്യങ്ങള്‍ കോടതിയുടെ മുന്നില്‍ എത്തിയ്ക്കുമെന്നും കേസുകള്‍ കെട്ടിച്ചമച്ച് നിശബ്ദരാക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടുവരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ‘കെ എം ഷാജിയെ അപകീര്‍ത്തിപ്പെടുത്താന്‍ എടുത്ത കേസ് ഇല്ലാതായി. സമാനമായിരിക്കും ഞങ്ങള്‍ക്കെതിരെയെല്ലാം എടുത്ത കേസിന്റെ ഗതിയെന്നും’ സതീശന്‍ പറഞ്ഞു.’

അതേസമയം. എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ പദ്ധതിക്കു സര്‍ക്കാര്‍ പണം നല്‍കരുതെന്നും ചീഫ് ജസ്റ്റ്‌സ് എസ് വി ഭട്ടി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

എഐ കാമറ സ്ഥാപിക്കുന്നതിനു ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണം, എസ്ആര്‍ഐടിക്ക് ടെന്‍ഡര്‍ യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. പൊതുതാത്പര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്ന് കോടതി നിരീക്ഷിച്ചു.

കേസ് മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതിനകം വശദ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *