തുളസി കരിഞ്ഞാൽ അനർത്ഥമോ ?

പൂജാപുഷ്പങ്ങളില്‍ പ്രധാനിയും വളരെയധികം ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ലക്ഷ്മീ ദേവിയുടെ പ്രതിരൂപമാണ്. വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവള്‍ എന്ന അര്‍ത്ഥത്തില്‍ വിഷ്ണുപ്രിയ എന്ന അപരനാമവും തുളസിയ്ക്കുണ്ട്. മഹാവിഷ്ണു തുളസിയെ തലയിലും മാറിലും ധരിക്കുന്നതായി പുരാണങ്ങളിലും പറയുന്നു.വിഷ്ണു പൂജയില്‍ ഏറ്റവും പ്രധാനമാണ് തുളസീ ദളങ്ങള്‍ .

സര്‍വേശ്വരന്മാര്‍ കുടികൊള്ളുന്ന തുളസിയുടെ ചുവട്ടില്‍ ദീപം തെളിച്ചു ആരാധിക്കുന്നത് ഐശ്വര്യപ്രദമാണ്. പ്രഭാതത്തിലും സന്ധ്യസമയത്തും മന്ത്രജപങ്ങളോടെ തുളസിയെ വലംവയ്ക്കുന്നതും തുളസിത്തറയില്‍ ദീപം തെളിയിക്കുന്നതും അഷ്ടൈശ്വര്യങ്ങള്‍ക്കു കാരണമാകുമെന്നാണ് വിശ്വാസം .’

‘വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ദശാകാലങ്ങളുള്ളവര്‍ തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത് ദോഷശാന്തിക്ക് ഉത്തമമാണ്.പൂജയ്ക്കായോ ഔഷധത്തിനായോ മാത്രമേ തുളസി നുള്ളാന്‍ പാടുള്ളു. തുളസി നുള്ളുന്നത് പകല്‍ സമയത്ത് കിഴക്കോട്ട് തിരിഞ്ഞുവേണം . കറുത്തവാവ്, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്

വീട്ടില്‍ ഒരു തുളസിച്ചെടിയെങ്കിലും വേണമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അത്രത്തോളം ഈശ്വരാംശവും ഔഷധ മൂല്യങ്ങളും ചേര്‍ന്നതാണ് തുളസി എന്നതു തന്നെ ഇതിനു കാരണം. ആരുടെ വീട്ട് വളപ്പിലാണോ തുളസി ധാരാളമായി വളരുന്നത് അവിടെ യമദൂതന്മാര്‍ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചവരെ നശിപ്പിക്കുവാന്‍ യമദൂതന്മാര്‍ ധൈര്യപ്പെടുകയില്ലെന്നും ഗരുഡപുരാണം വ്യക്തമാക്കുന്നുണ്ട്.

പൂജാപുഷ്പങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് തുളസി. മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മീദേവിയാണ് തുളസിയെന്നാണ് വിശ്വാസം. ഭാഗവതത്തില്‍ ഈ കാര്യം പറയുന്നുണ്ട്. സരസ്വതിയും ഗംഗയും ലക്ഷ്മിയും വിഷ്ണുവിന്റെ പത്‌നിമാരായിരുന്നു. ഇവര്‍ സല്ലാപനിമഗ്‌നരായിരിക്കുന്ന അവസരത്തില്‍ ലക്ഷ്മി ദേവി കാമാര്‍ത്തയായി വിഷ്ണു ദേവന്റെ മുഖത്തു നോക്കി മന്ദഹസിച്ചു. ഇത് കണ്ട സരസ്വതിയും ഗംഗയും കോപാകുലരായി ലക്ഷ്മീ ദേവിയെ ശപിച്ചു. ഭൂമിയില്‍ ഒരു ചെടിയായി ജനിക്കട്ടെയെന്നായിരുന്നു ശാപം. തുടര്‍ന്ന് ലക്ഷ്മീ ദേവി തുളസിയായി ജന്മമെടുക്കുകയും ശ്രേഷ്ഠ പുഷ്പമായി മാറിയെന്നുമാണ് വിശ്വാസം.

തുളസിച്ചെടി അകാരണമായി ഇലകൊഴിയുകയോ ഉണങ്ങിപ്പോവുകയോ ചെയ്താല്‍ വീട്ടില്‍ അനര്‍ത്ഥങ്ങള്‍ വരാന്‍ പോകുന്നതിന്റെ സൂചനയായി വേണം കണക്കാക്കാന്‍. ഇങ്ങനെയുണ്ടാവുകയാണെങ്കില്‍ ചെടി വേരോടെ പിഴുതെടുത്ത് വെള്ളത്തില്‍ മുക്കിവെച്ച് ഏതെങ്കിലും ജലാശയങ്ങളില്‍ ഒഴുക്കുന്നതാണ് ഉത്തമമായ പ്രതിവിഥി. ചെടിയെ ഒരിക്കലും ഉണങ്ങിപ്പോകാന്‍ അനുവദിക്കരുത്.പിന്നീട് അതേ സ്ഥാനത്ത് മറ്റൊരു തുളസി ചെടി തീര്‍ച്ചയായും നടുകയും വേണം.

പണ്ട് മിക്ക വീടുകളിലും തുളസിത്തറയുണ്ടായിരുന്നു. ശ്രേഷ്ഠ പുഷ്പമായി ആരാധിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം തറകള്‍ ഒരുക്കിയിരുന്നത്. വാസ്തു പ്രകാരം ഒരു വീട്ടിലേക്ക് പോസിറ്റീവ് ഊര്‍ജം വരുന്നത് ആ വീടിന്റെ മുന്‍ വാതിലിലൂടെയാണ്. അതുകൊണ്ടാണ് പ്രധാന വാതിലുനു നേരെ മുന്നിലായി മുറ്റത്ത് തുളസിച്ചെടി നടണംമെന്ന് പറയുന്നത്. പുറത്ത് നിന്ന് വീടിന്റെ അകത്തേക്ക് പ്രവേശിക്കുന്ന വായു തുളസിച്ചെടിയില്‍ തട്ടുമ്പോള്‍ അതിന്റെ ഔഷധ ഗുണങ്ങളും വീടിന്റെ അകത്തേക്ക് പ്രവേശിക്കും. ധാരാളം ഔഷധ ഗുണങ്ങളുമുണ്ട് ഈ ചെടിക്ക്.

രാമതുളസി കൃഷ്ണ തുളസി കാട്ടു തുളസി എന്നിങ്ങനെ വിവിധ തരത്തിലുള്ള തുളസിയുണ്ട്. കരിഞ്ഞ തുളസിയാണെങ്കില്‍ പോലും നിലത്ത് വീണാല്‍ ചവിട്ടരുതെന്നാണ് ശാസ്ത്രം. അത്രത്തോളം പവിത്രമാണ് ഈ പുഷ്പം. അതുപോലെ തുളസിത്തറയില്‍ ഏതെങ്കിലും തരത്തിലുള്ള കളകളുണ്ടെങ്കില്‍ അത് നിത്യേന പറിച്ച് വൃത്തിയാക്കണം. എച്ചിലുകളോ മലമൂത്ര വിസര്‍ജനങ്ങളോ തുളസി തറയ്ക്ക് ചുറ്റും പാടില്ല

ക്ഷേത്രങ്ങളില്‍ പൂജാപ്രസാദമായി തരുന്ന തുളസി ചെവിയില്‍ വയ്ക്കുന്നത് ആദ്യാത്മികമായും ശാസ്ത്രീയമായും വളരെ നല്ലതാണ്. തുളസിയിലുള്ള ഔഷധ ഘടകങ്ങള്‍ ശരീരത്തില്‍ രക്ത ചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് വൃക്കകളുടെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതായത് ആചാരങ്ങള്‍ എന്നതിലുപരി ഇതിന് ഒരു ശാസ്ത്രീയ വശം കൂടിയുണ്ട്.

പെണ്‍കുട്ടികളുടെ വിവാഹത്തിന് തടസ്സം നേരിടുകയാണെങ്കില്‍, ആ പെണ്‍കുട്ടി ഒരു തുളസിച്ചെടി വീടിന്റെ തെക്ക് കിഴക്ക് ദിശയില്‍ നട്ട് പരിപാലിച്ചാല്‍ വിവാഹ തടസ്സം മാറുമെന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *