ആരോഗ്യത്തിന് നല്ലത് വെളിച്ചെണ്ണയോ ഒലിവ് ഓയിലോ?

ജീവിതശൈലി രോഗങ്ങള്‍ മൂലം ഏതു ഭക്ഷണം തെരഞ്ഞെടുക്കണം എന്നതിനു വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മള്‍. പ്രത്യേകിച്ചും എണ്ണയില്‍ വേവിച്ച വിഭവങ്ങളുടെ കാര്യത്തില്‍. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഭൂരിഭാഗവും എണ്ണയിലാണ് പാകം ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ കൂടുതലായി വെളിച്ചെണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. വെളിച്ചെണ്ണ ഹൃദയത്തിന് എത്രത്തോളം നല്ലതാണെന്ന സംശയവും ഉയര്‍ന്നുവരാറുണ്ട്. പകരം ഒലിവ് ഓയില്‍ ഉപയോഗിച്ചാല്‍ നല്ലതാണോ എന്ന സംശയവുമുണ്ട്.

പല വീടുകളിലും സാധാരണയായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയില്‍ ഇടത്തരം ചെയിൻ ട്രൈഗ്ലിസറൈഡുകള്‍ അടങ്ങിയിട്ടുണ്ട്.
ഒരു തരം പൂരിത കൊഴുപ്പ്. കലോറി എരിച്ച്‌ കളയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും എംസിടി സഹായകമാണെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ വെളിച്ചെണ്ണയിലെ ലോറിക് ആസിഡ് ആൻറി ബാക്ടീരിയല്‍ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇത് ദോഷകരമായ അണുക്കളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു.

വെളിച്ചെണ്ണയും ഒലിവ് എണ്ണയും തമ്മിലുള്ള തിരഞ്ഞെടുപ്പ് വ്യക്തിഗത ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആൻറി ബാക്ടീരിയല്‍ ഗുണങ്ങള്‍ തേടുകയും ചെയ്യുന്നവര്‍ക്ക്, വെളിച്ചെണ്ണ ഉപയോഗിക്കാം.എന്നാല്‍, ഹൃദയാരോഗ്യത്തിനും വൈവിധ്യമാര്‍ന്ന പോഷകങ്ങള്‍ക്കുമായി ഒലിവ് ഓയില്‍ ഫലപ്രദമാണ്. ഉയര്‍ന്ന കലോറിയാണ് അടങ്ങിയിരിക്കുന്നതിനാല്‍ രണ്ട് എണ്ണകളും മിതമായ അളവില്‍ മാത്രം ഉപയോഗിക്കണമെന്നതാണ് ഓര്‍മ്മിക്കേണ്ടത്.

വെളിച്ചെണ്ണ കഴിക്കുന്നത് എച്ച്‌ഡിഎല്‍ അഥവാ നല്ല കൊളസ്ട്രോളിന്റെ അളവ് ഒലീവ് ഓയിലിനെക്കാള്‍ ഫലപ്രദമായി മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ, എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോള്‍ കുറയ്ക്കാനും  ഇത് സഹായിച്ചേക്കാം.മറുവശത്ത്, ഒലീവ് ഓയില്‍ ആരോഗ്യകരമായ എണ്ണയായി പഠനങ്ങള്‍ പറയുന്നു. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാല്‍ സമ്ബന്നമായ ഒലിവ് ഓയില്‍ എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ഇ, എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ കെ തുടങ്ങിയ വിലയേറിയ പോഷകങ്ങളും ഇത് നല്‍കുന്നു. മാത്രമല്ല, ഒലിവ് ഓയില്‍ ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാണ്.
മെഡിറ്ററേനിയൻ ഭക്ഷണക്രമത്തില്‍ ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഈ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദ്രോഗം, പ്രമേഹം, വിഷാദം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവ തടയുന്നതിന് സഹായകമായി പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *