ഡൽഹി : കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ ജീവനക്കാർക്കും ഹാർഡ്ഷിപ്പ് ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഷവോമി ഇന്ത്യ. ബോണസായി നൽകുന്നത് അരമാസത്തെ ശമ്പളമാണ്. ശമ്പളത്തോടൊപ്പമാകും ജീവനക്കാർക്ക് ഈ തുക ലഭിക്കുന്നത്. നിലവിൽ കമ്പനിയിലുള്ളത് 60,000 ജീവനക്കാരാണ്. ബോണസ് കൂടാതെ ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കോവിഡ്-19 വാക്സിനേഷൻ ചെലവുകൾ വഹിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
യോഗ്യതാ മാനദണ്ഡമനുസരിച്ച് എല്ലാ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും വാക്സിൻ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടർ മനു കുമാർ ജെയിൻ പറഞ്ഞു.എന്നാൽ ഇന്ത്യയിൽ കൊവിഡ് -19 ലോക്ക് ഡൗണിനുശേഷമുള്ള ആഭ്യന്തര ഡിമാൻഡ് വർദ്ധിച്ചതിനെത്തുടർന്ന് കയറ്റുമതി പദ്ധതികൾ നിർത്തിവയ്ക്കാനും ഷവോമി പദ്ധതിയിട്ടിട്ടുണ്ട്.
2021ഓടെ മറ്റ് പല രാജ്യങ്ങളിലേക്കും കയറ്റുമതി ആരംഭിക്കാനുള്ള പദ്ധതികൾ ഉണ്ടായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൂന്നാം പാദത്തിൽ തന്നെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ വിപണി വിഹിതം നേടിയ കമ്പനിയാണ് ഷവോമി. ഷവോമിയുടെ വിപണി വിഹിതം സിഎംആർ ഇന്ത്യയുടെ കണക്കനുസരിച്ച് 27 ശതമാനമാണ്. സ്മാർട്ട്ഫോണുകൾ കൂടാതെ എയർ പ്യൂരിഫയറുകൾ, ഫിറ്റ്നസ് ബാൻഡുകൾ, വിആർ ഹെഡ്സെറ്റുകൾ, പവർ ബാങ്കുകൾ എന്നിവയും ഷവോമിയുടെതായി വിപണിയിലുണ്ട്.

 
                                            