പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ എതിരെ നിരവധി വിവാദങ്ങൾ നിലനിൽക്കുകയാണ്. ഇതിനെതിരെ നിരവധി വാർത്തകളും സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ വീണ്ടും സിൽവർ ലൈൻ പുനരാരംഭിക്കും എന്നാണ് പുതിയ തീരുമാനം. എന്നാൽ ഇതുവരെ അനുമതി ലഭിക്കാതെ ഇതിനു വേണ്ടി എന്തിന് ധാരാളം പണം ചെലവിട്ടു എന്നും ചോദിക്കുന്നവരുണ്ട്. ഇത് നമ്മുടെ കേരളത്തിൽ നടപ്പാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പദ്ധതി പൂർണ്ണമായും നടപ്പാകില്ല എന്ന് തറപ്പിച്ച് പറയാൻ സർക്കാരും ഒരുമല്ല. ജീവനക്കാരെ തിരിച്ചു വിളിക്കുകയും ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തിട്ടും പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്നാണ് ധനമന്ത്രി അടക്കം ഇതേക്കുറിച്ച് പറയുന്നത്. ചുരുങ്ങിയ നാളുകൾ കൊണ്ട് ഈ നാട്ടിലെ ഒട്ടുമിക്ക ജനങ്ങളെയും കള്ളക്കേസിൽ കുടുക്കി അവരുടെ അടുക്കള വരെ മഞ്ഞക്കുറ്റിയിട്ടു, അവർക്ക് ബാങ്ക് വായ്പ കിട്ടാത്ത വിധമാക്കി എന്നൊക്കെയുള്ള ദ്രോഹം ചെയ്തതല്ലാതെ കേ റയിൽ ഇതുവരെ
ഒന്നും ചെയ്തിട്ടില്ല.ഇതുകൊണ്ട് ആർക്കും ഒരു നേട്ടവും ഉണ്ടായിട്ടില്ല.

ഇതിന്റെ പേരിൽ നിരവധി ആളുകളെ ആണ് കള്ളക്കേസിൽ കുടുക്കിയിട്ടുള്ളത്. പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ ഉൾപ്പെടുന്ന മുളക്കുഴിയിലെ ആപാലവൃദ്ധം,തിരുവല്ല,ഇരവിപേരൂർ, കോയിപ്പുറം,കവിയൂർ,എന്നിവിടങ്ങളിൽ എല്ലാം സിൽവർ ലൈൻ പദ്ധതിയുടെ ആശങ്കകൾ ചുമലിലേറ്റി നിൽക്കുകയാണ് ആളുകളും സിൽവർ ലൈൻ വിരുദ്ധസമിതിയും. നിരവധി ആളുകളുടെ പേരിൽ ഇതേ ചൊല്ലി കേസെടുക്കുകയും പലരുടെയും വസ്തുക്കളിൽ കല്ലിടുകയും കൃഷികൾ നശിപ്പിക്കുകയും സർക്കാർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനോ വിവാഹത്തിനോ വേണ്ടി വായ്പ പോലും എടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാർ. സിൽവർ ലൈൻ വിജ്ഞാപനം നടത്തിയ ശേഷം പല ബാങ്കുകളും ഈ പ്രദേശത്തിലുള്ളവർക്ക് വായ്പ നിഷേധിക്കുകയാണ്. പണം ലഭിക്കാതെ വന്നതോടെ ആത്മഹത്യയും മരണവും ഇവിടെ നിത്യ സംഭവമായി മാറുകയാണ്.
സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്ന മുളക്കുഴിക്കലും വെൺമണിയിലും ആശങ്ക ഒഴിയുന്നില്ല ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ മടക്കി വിളിച്ചിട്ടും പദ്ധതി റദ്ദാക്കിയിട്ടില്ല. പദ്ധതി നടപ്പായാൽ മുളക്കുഴി വെണ്മണി വില്ലേജുകളിലായി മുന്നൂറോളം വീടുകൾ നഷ്ടമാകുമെന്ന് സമര നേതാക്കൾ പറയുന്നു. നിർദിഷ്ട റെയിൽവേ സ്റ്റേഷനും മുളക്കുഴിയിലെ പിരളശ്ശേരിയിലാണ്.സമാനതകളില്ലാത്ത സമര പോരാട്ടമാണ് പദ്ധതിക്കെതിരെ മേഖലയിൽ നടക്കുന്നത്. സമരക്കാരെ സർക്കാർ ജയിലിൽ അടച്ചു.പലയിടത്തും പോലീസുമായി തർക്കം ഉണ്ടായി. പലരുടെയും പുരയിടം രണ്ടായി തിരിച്ചാണ് പാത അളന്നത് . വീടും സ്ഥലവും നഷ്ടമാകുമെന്ന് അറിഞ്ഞതോടെ കല്ലിടാൻ എത്തിയവരെ ചോദ്യംചെയ്തു. അതിനാൽ പലരെയും പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചു കേസും റിമാന്റുമായി. 30 അടി ഉയരത്തിൽ കേരളത്തെ രണ്ടായി വെട്ടി മുറിച്ച് പോകുന്ന പദ്ധതിക്കായി ഇവിടെ മാത്രം നൂറിൽ അധികം വീടുകൾ ഒഴിപ്പിക്കലാണ് ആദ്യം ചെയ്യുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട അര കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം ബഫർ സോണിൽ വരികയും ചെയ്യും എന്നാണ് വിദഗ്ധർ പറയുന്നത്.പുന്നവേലിപ്പടിയിൽ ചിറ്റടത്ത കടവിൽ കൂടിയാണ് കോയിപ്രം പഞ്ചായത്തിൽ സിൽവർ ലൈൻ പ്രവേശിക്കുന്നത്. പമ്പാനദിയിൽ കൂടിയുള്ള ജലഗതാഗത യാത്ര, പടിഞ്ഞാറ് നിന്നുള്ള പള്ളിയോടങ്ങളുടെ സഞ്ചാരം എന്നിവക്ക് സുഗമമായി ഇതിലെ പോകാൻ പറ്റുമോ എന്ന ആശങ്കയും തീരവാസികളായ നാട്ടുകാർ പങ്കുവയ്ക്കുന്നു.

മഹാപ്രളയവും കഴിഞ്ഞവർഷത്തെ വലിയ വെള്ളപ്പൊക്കവും നേരിട്ട കോഴിപ്രം കുന്നത്തുംകര, മീനാറും കുന്ന്, നെല്ലിമല, മാർത്തോമാ കോളനി എന്നിവിടങ്ങളിൽ കൂടിയാണ് കേ റയിൽ പദ്ധതി കടന്നുപോകുന്നത്. ഇത് മറ്റൊരു ദുരന്തത്തിന് വഴിവയ്ക്കും എന്നും പ്രദേശവാസികൾ ഭയക്കുന്നുണ്ട്.
ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ജീവനക്കാരെ പിൻവലിച്ചും കേന്ദ്ര അനുമതി ലഭിക്കും വരെ ഭൂമി ഏറ്റെടുക്കാൻ നടപടി നിർത്തിവെച്ചുമുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സിൽവർ ലൈൻ വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന്റെ വിജയമായാണ് പദ്ധതിവിരുദ്ധ സമിതി കണക്കാക്കുന്നത്. ജനങ്ങളെ ദുരിതത്തിൽ ആക്കുന്ന സിൽവർ ലൈൻ പദ്ധതി പൂർണമായി പിൻവലിക്കണം കള്ളക്കേസുകൾ പിൻവലിച്ച് ഉത്തരവിറക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ഇതേക്കുറിച്ച് പറയുന്നു.
