ക്ഷേത്രങ്ങളോടുള്ള ഇടത് സര്‍ക്കാര്‍ നയം ജനങ്ങള്‍ക്കറിയാം : കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ചര്‍ച്ചാ വിഷയമാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പിന്തുണ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോടികളുടെ വികസനമാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുക വികസനവും ജീവിതപ്രശ്‌നങ്ങളും മാത്രമായിരിക്കും. ബിജെപി നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ ജനങ്ങള്‍ സ്വീകരിക്കില്ലെന്നും, സിപിഎം പ്രവര്‍ത്തനങ്ങളെ ബിജെപിയുമായി കൂട്ടിയോജിപ്പിച്ചു പറഞ്ഞാല്‍ അതിലെ പൊള്ളത്തരം ജനത്തിനു മനസിലാകുമെന്നും കടകംപള്ളി സൂചിപ്പിച്ചു.

ഈ ഇലക്ഷനില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനുള്ളില്‍ ശബരിമലയില്‍ നിയമ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രസ്താവന നടത്തിയിരുന്നു. ആത്മാര്‍ത്ഥത കാണിക്കുന്നെങ്കില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ച് പിണറായി വിജയന്‍ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസും ആവശ്യപ്പെട്ടിട്ടുണ്ട്. നിലപാട് വ്യക്തമാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പിന്തിരിയാനാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *