കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ ആരോപണങ്ങളുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. സതീശന്‍ 2006ല്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ തന്നെയായിരുന്നുവെന്നും, 2001ൽ ആര്‍എസ്എസിനോട് വോട്ടു ചോദിച്ചിരുന്നുവെന്നും ആര്‍ വി ബാബു വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമാണ്. സതീശന്‍ 2006ല്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ തന്നെയാണ്. ഫോട്ടോ വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കട്ടെ. നിരന്തരമായി ആര്‍എസ്എസിനെ വിമര്‍ശിക്കുന്നത് കണ്ടപ്പോഴാണ് ഫോട്ടോ ഇട്ടത്. ഇക്കാര്യത്തില്‍ താന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുകയാണെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2001ല്‍ സതീശന്‍ മത്സരിച്ചപ്പോള്‍ ആര്‍എസ്എസ് നേതാവിനെ കണ്ട് സഹായം ചോദിച്ചിരുന്നു. ഒരു വര്‍ഗീയവാദിയുടെയും വോട്ട് നേടിയില്ല എന്ന് സതീശന്‍ പറയുന്നു. ആത്മവഞ്ചനയാണ് വി ഡി സതീശന്‍ നടത്തുന്നത്. കോണ്‍ഗ്രസും ആര്‍എസ്എസും പരസ്പരം വോട്ട് ചോദിക്കുന്നത് യാഥാര്‍ത്ഥ്യമാണ്. സതീശന്റെ സ്ഥാപിത താല്‍പര്യങ്ങളെ എതിര്‍ത്തുതുടങ്ങിയപ്പോള്‍ സംഘപരിവാര്‍ ശത്രുക്കളായി. ആര്‍എസ്എസിനോട് പടവെട്ടിയാണ് വളര്‍ന്നതെന്ന സതീശന്റെ പ്രസ്താവന പരിഹാസ്യമാണെന്നും ആര്‍ വി ബാബു ആരോപിച്ചു.
