രാജ്യത്തെ നിയമങ്ങൾ എല്ലാവർക്കും ബാധകം, സമൂഹ മാധ്യമങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: സമൂഹ മാധ്യമ കമ്പനികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചതിനുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. ആഗോളതലത്തിൽ സാമൂഹികമാധ്യമങ്ങളുടെ ഉത്തരവാദിത്വം ചർച്ചയാകുന്നുണ്ടെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഏതുമേഖലയിലെയും ഏതു കമ്പനിയുമായിക്കോട്ടെ, ഇന്ത്യയിലെ നിയമങ്ങൾ പാലിക്കണം. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ അനുസരിക്കേണ്ടത് രാജ്യത്ത് പ്രവർത്തിക്കുന്ന എ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ എല്ലാ വിദേശ ഇന്റർമീഡിയറികൾക്കും കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. അതേസമയം തന്നെ രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിക്കാൻ അവർക്ക് ബാധ്യതയുണ്ടെന്നും ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖറും പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉള്ളടക്കം നീക്കംചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഐ.ടി. മന്ത്രാലയം ട്വിറ്ററിന് അന്ത്യശാസനം നൽകിയിരുന്നു. പിന്നാലെ ഉള്ളടക്കം നീക്കംചെയ്ത ട്വിറ്റർ കേന്ദ്ര ഇടപെടലിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഉത്തരവുകൾ ഏകപക്ഷീയമാണെന്നാണ് ട്വിറ്റർ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *