തിരുവനന്തപുരം; ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാന്റെ രാജി സംബന്ധിച്ച കാര്യങ്ങളിൽ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ തീരുമാനമെടുക്കും. ഇന്ന് അവയിലബിൾ സെക്രട്ടറിയേറ്റ് കൂടി എങ്കിലും നിർണായക തീരുമാനം ഉണ്ടായില്ല.
അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനുമായി സിപിഎം കേന്ദ്രനേതൃത്വവും രംഗത്തെത്തി. സംസ്ഥാന നേതൃത്വത്തോട് വിവരം തേടിയെന്നും ഉചിതമായ നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ന് ചേർന്ന അവയിലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. എതിരാളികൾക്ക് ആയുധം നൽകുന്ന പ്രവർത്തിയായിരുന്നെന്നും വാക്കുകളിൽ മിതത്വം പാലിക്കേണ്ടിയിരുന്നെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചു. കോടതിയിൽ നിന്ന് തീരുമാനം വരുന്നതുവരെ സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കട്ടെയെന്ന് സിപിഐ അടക്കമുള്ള ഘടകകക്ഷികൾ തീരുമാനമെടുത്തതായും വിവരമുണ്ട്.എന്നാൽ താൻ ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് വിമർശിച്ചതെന്നാണ് സജി ചെറിയാൻ ആവർത്തിക്കുന്നത്. രാജി വയ്ക്കുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവയ്ക്കണമെന്ന് മന്ത്രി പ്രതികരിച്ചിരുന്നു.
