6 ദിവസത്തെ വിദേശ പര്യടനത്തിനായി മന്ത്രി വി മുരളീധരൻ യാത്ര തിരിച്ചു

വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ  ഗ്വാട്ടിമാല, ജമൈക്ക , ബഹമാസ് എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെട്ടു. ജൂലൈ 5 മുതൽ 10 വരെ നീണ്ട് നിൽക്കുന്ന യാത്രയിൽ ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടികാഴ്ച നടത്തും.

വിദേശ കാര്യസഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മുരളീധരൻ ഈ മൂന്ന് രാജ്യങ്ങളും സന്ദർശിക്കുന്നത്. ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു 2018  മെയ് മാസത്തിൽ  ഗ്വാട്ടിമാല സന്ദർശിച്ചതിന്‍റെ തുടർച്ചയായാണ് മന്ത്രിയുടെ സന്ദർശനം . ഗ്വാട്ടിമാലയിലെ ധനമന്ത്രിയുമായി സന്ദർശന വേളയിൽ കൂടികാഴ്ച നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ ഗ്വാട്ടിമാലയുമായി 309.86 ദശ ലക്ഷം യു.എസ് ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരം ഇന്ത്യക്ക് ഉണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വിപുലമാക്കാൻ ചേംമ്പർ ഓഫ് കോമേഴ്സ്  ആൻഡ് ഇൻഡസ്ട്രി  അടക്കമുള്ള സംഘടനകളുമായി കൂടികാഴ്ച നടത്തും. ഗ്വാട്ടിമാലയിലെ ഇന്ത്യൻ സമൂഹവുമായി വി.മുരളീധരൻ സംവദിക്കും .

      ജൂലൈ 7 , 8 തിയ്യതികളിൽ മന്ത്രി ജമൈക്കയിലെത്തും. മെയ്പെൻ നഗരത്തിൽ ഗാന്ധിജിയുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യും. 175 വർഷം മുമ്പ് ജമൈക്കയിൽ ആദ്യമായി ഇന്ത്യക്കാരൻ കാലുകുത്തിയ ഓൾഡ് ഹാർബർ ബേ മന്ത്രി സന്ദർശിക്കും.  ജമൈക്കയിലെ ജനങ്ങളുമായും ഇന്ത്യൻ സമൂഹവുമായും സന്ദർശനത്തിനിടെ മന്ത്രി സംവദിക്കും.

     ജൂലൈ 9 , 10 തിയ്യതികളിലാണ് മന്ത്രി ബഹമാസിൽ എത്തുക.കരീബിയൻ ദ്വീപ് സമൂഹത്തിൽ ഉൾപ്പെട്ട ബഹമാസിലേക്ക്  ഇന്ത്യൻ മന്ത്രിസഭാംഗം എത്തുന്നത് ആദ്യമായാണ്.നയതന്ത്ര ഉദ്യോഗസ്ഥർ വ്യാപാര സംഘടനാ പ്രതിനിധികൾ, ഇന്ത്യൻ സമൂഹം എന്നിവരുമായി മന്ത്രി കൂടികാഴ്ച നടത്തും.

   മൂന്ന് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സൗഹാർദ്ദം ദൃഢമാക്കുകയും വ്യാപാര നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *