ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരമൊരുക്കാൻ ലീഗ് നീക്കം.. 3 ടേം വ്യവസ്ഥ നടപ്പിലാക്കാനാണണ് നീക്കം.. ഇത് പ്രകാരം മൂന്ന് തവണ എംഎൽഎമാരായവർ മത്സരത്തിൽ നിന്ന് മാറിനിൽക്കണം. എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ എന്നിങ്ങനെ മുതിർന്ന നേതാക്കൾക്ക് ഇളവ് നൽകും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് 30% സീറ്റ് യുവജനങ്ങൾക്ക് നൽകാനും ആലോചനയുണ്ട്.
അതേസമയം ലീഗിലെ നിയമസഭാ ടേം വ്യവസ്ഥ സെക്രട്ടേറിയറ്റ് യോഗത്തിൻറെ അജണ്ടയിൽ ഇല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. യുഡിഎഫ് സംവിധാനം ശക്തിയായി പോകാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യും. അതിനൊപ്പം നിൽക്കാൻ യുഡിഎഫ് നേതാക്കളും ഘടകകക്ഷികളും തയ്യാറാകണമെന്നും സലാം വ്യക്തമാക്കി. പി.കെ കുഞ്ഞാലിക്കുട്ടി(വേങ്ങര), എം.കെ മുനീർ(കൊടുവള്ളി), പി.കെ ബഷീർ(ഏറനാട്), മഞ്ഞളാംകുഴി അലി(മങ്കട), പി.ഉബൈദുല്ല(മലപ്പുറം),എൻ.എ നെല്ലിക്കുന്ന്(കാസർകോട്), അഡ്വ. എൻ ഷംസുദ്ദീൻ(മണ്ണാർക്കാട്) എന്നീ ഏഴ് പേരാണ് മൂന്ന് തവണയോ അതിൽ കൂടുതലോ തുടർച്ചയായി എംഎൽഎ ആയവർ.
പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇളവ് നൽകും. എം.കെ മുനീറിന് മത്സരിക്കാൻ ആരോഗ്യം അനുവദിക്കുമെങ്കിൽ ഇളവ് നൽകാമെന്നതാണ് നേതൃത്വത്തിൽ നിലവിലുള്ള ധാരണ. പി.കെ ബഷീർ , മഞ്ഞളാംകുഴി അലി, എൻ.എ നെല്ലിക്കുന്ന്, പി. ഉബൈദുല്ല, അഡ്വ. എൻ ഷംസുദ്ദീൻ എന്നീ അഞ്ചു പേർക്ക് അവസരം നിഷേധിക്കാൻ സാധ്യത ഏറെയാണ്. മികച്ച പാർലമെന്റേറിയനായ അഡ്വ. എൻ ഷംസുദ്ദീന് അവസരം നൽകുകയും ഭരണം കിട്ടിയാൽ മന്ത്രിയാക്കുകയും വേണമെന്ന് അഭിപ്രായം പാർട്ടിയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥ 2020ൽ തന്നെ മുസ്ലിം ലീഗ് നടപ്പാക്കിയതാണ്. ഇത്തവണയും ഈ വ്യവസ്ഥ ബാധകമാക്കണമെന്ന് മുസ്ലിം ലീഗിൻറെ മലപ്പുറം ജില്ലാ നേതൃയോഗങ്ങളിൽ അഭിപ്രായമുയർന്നിട്ടുണ്ട്. എന്നാൽ ഈ അഭിപ്രായത്തെ ശക്തമായി എതിർക്കാൻ മുന്നിലുണ്ടായിരുന്നത് ഏറനാട് എംഎൽഎ പി.കെ ബഷീറായിരുന്നു.
മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും മികച്ച പരിഗണന നൽകാൻ മുസ്ലിം ലീഗ് നേതൃത്വത്തിൽ ധാരണയായയരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നടപ്പാക്കി ഫലപ്രദമെന്നു തെളിഞ്ഞ 3 ടേം നിബന്ധന നിയമസഭയിലേക്കും വ്യാപിപ്പിക്കുകയെന്ന നിർദേശം പാർട്ടി സജീവമായി പരിഗണിക്കുന്നു എന്നും വാർത്തകൾ വന്നിരുന്നു. നിബന്ധന നടപ്പാക്കണോ, നടപ്പാക്കിയാൽ ആർക്കെല്ലാം ഇളവു നൽകണം എന്നിവയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച റമസാനു മുൻപു നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകുമെന്നും തീരുമാനം ഉണ്ടാകുമെന്നുമാിരുന്നു വിവരം. അതേസമയം, അനിവാര്യരെന്നു പാർട്ടി ഘടകം കണ്ടെത്തുന്നവർക്കു തദ്ദേശ തിരഞ്ഞെടുപ്പിലും ടേം നിബന്ധനയിൽ ഇളവു നൽകണമെന്ന ആവശ്യം താഴെത്തട്ടിൽ നിന്നുയർന്നു വന്നിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ, 3 ടേമോ അതിലധികമോ തുടർച്ചയായി ജയിച്ചവരെ മാറ്റിനിർത്താനെടുത്ത തീരുമാനം ഗുണം ചെയ്തുവെന്നു പാർട്ടി പിന്നീട് വിലയിരുത്തിയിരുന്നു. താഴെത്തട്ടിൽ ഒതുക്കി നിർത്താതെ ടേം നിബന്ധന നിയമസഭാ തിരഞ്ഞെടുപ്പിലും നടപ്പാക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയരുന്നുണ്ട്. നിലവിൽ ലീഗ് എംഎൽഎമാരിൽ 7 പേരാണു മൂന്നോ അതിലധികമോ തവണയായി സഭയിലുള്ളത്. ഇതിൽ പി.കെ.കുഞ്ഞാലിക്കുട്ടി അടുത്ത തിരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുമെന്നു സാദിഖലി തങ്ങൾ മുൻപേ വ്യക്തമാക്കിയയയിരുന്നു..

 
                                            