2026 ലെ വോട്ട് ബാങ്ക് ഉറപ്പിച്ച് BJP
ആദ്യ ചുവട് വച്ച് സുരേഷ് ​ഗോപി

തെരഞ്ഞെടുപ്പ് എടുക്കുമ്പോൾ കളം മാറ്റി ചവിട്ടുകയാണ് ബിജെപി.. എങ്ങനെയെങ്കിലും കേരളത്തിൽ വോട്ട് ശക്തമാക്കുക എന്ന ലക്ഷ്യം എപ്പോഴത്തെയും പോലെ ഇപ്പോഴും ബിജെപിക്ക് ഉണ്ട്.. 2019 മുതൽ തന്ത്രങ്ങൾ മാറിമാറി പയറ്റി വരികയായിരുന്നു.. ഹിന്ദുത്വത്തെയും ക്രൈസ്തവ സംരക്ഷണവും മാറിമാറി പയറ്റ് നോക്കി.. ഇപ്പോൾ നാരി ശക്തിയെ മുറുകെ പിടിക്കുകയാണ് ബിജെപി.. അതിനായി സംസ്ഥാനത്ത് ഏറെ ചർച്ചയായിട്ടുള്ള ആശാ വർക്കർമാരുടെ സമരത്തിൽ നിന്നും രാഷ്ട്രീയ ലാഭം കൊയ്യാൻ ബി.ജെ.പി തയ്യാറെടുക്കുകയുമാണ്. കേരളത്തിൽ വേരുറപ്പിക്കാൻ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് വരാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഇതിലൂടെ ബി.ജെ.പി പറയറ്റുന്നത്.

വേതന വർധനയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് 23 ദിവസമായി തുടരുന്ന സമരം സംസ്ഥാനത്ത് കടുത്ത സർക്കാർ വിരുദ്ധ വികാരം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ഇതിനെ രാഷ്ട്രീയമായി തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനാണ് പാർട്ടിയുടെ ശ്രമം.

നിലവിൽ സമരപ്പന്തൽ സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരക്കാർക്ക് കുട നൽകിയിരുന്നു. ഇതിനൊപ്പം മുത്തവും നൽകിയോ എന്ന സി.ഐ.ടിയു നേതാവിന്റെ വിമർശനമാണ് പാർട്ടി ആയുധമാക്കുന്നത്.

ആശമാർക്കുള്ള കേന്ദ്രവിഹിതത്തിൽ വർധന വരുത്താൻ ശ്രമിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് സമരപ്പന്തലിൽ എത്തി അവർക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ സമരം കൊണ്ടുവരുമെന്നും ബി.ജെ.പി നേതാക്കൾ വ്യക്തമാക്കുന്നുണ്ട്.

ഇടത് സർക്കാരിന്റെ കാലത്ത് തുടർച്ചയായി നടന്ന ഉപതിരഞ്ഞെടുപ്പികളിൽ ചേലക്കരയൊഴിച്ച് ബാക്കി ഇടങ്ങളിൽ യു.ഡി.എഫ് വിജയിച്ചിരുന്നു. പല മണ്ഡലങ്ങളിലും ബി.ജെ.പി വോട്ട് വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒന്നിലധികം നിയമസഭാ സീറ്റുകൾ നേടാനുള്ള ബി.ജെ.പിയുടെ മോഹം ഇതുവരെ പൂവണിഞ്ഞിട്ടില്ല.

ഇത്തവണ ആലപ്പുഴ, തിരുവനന്തപുരം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ നിയമസഭാ സീറ്റുകൾ പിടിക്കണമെന്നാണ് പാർട്ടിയുടെ തീരുമാനം. ഇതിനായി ജനകീയ വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ട് പോകുകയാണ് പാർട്ടി അജൻഡ.

സംസ്ഥാനത്ത് നിലവിലുള്ള ഭരണവിരുദ്ധവികാരം വോട്ടായി മാറുമ്പോൾ ബി.ജെ.പി-യു.ഡി.എഫ് കക്ഷികൾ ഇത് വീതിച്ചാൽ സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫിന് ഒരു തവണ കൂടി ഭരണത്തിലേറാനാവുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.

അതുകൊണ്ട് തന്നെ ബി.ജെ.പി-സംഘപരിവാർ വിഭാഗങ്ങൾക്ക് മുന്നേറ്റമുണ്ടാക്കുന്ന രീതിയിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കാനാവും സി.പി.എമ്മിന്റെ നീക്കം. ഭരണവിരുദ്ധവികാരത്തിന്റെ പേരിലുള്ള വോട്ടുകൾ വിഭജിച്ചാൽ അത് യു.ഡി.എഫിന് തിരിച്ചടിയാവുകയും വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ട സ്ഥിതി സംജാതമാവുകയും ചെയ്യും.

എന്നാൽ ആശമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ അവർക്ക് വേണ്ട വാഗ്ദാനങ്ങൾ നൽകി കൂടെ നിർത്താൻ യു.ഡി.എഫും കോൺഗ്രസും ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി നിയമസഭയിൽ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയം അവതരിപ്പിക്കാനും യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ നിലവിൽ മഹിളമോർച്ചയെ അടക്കം രംഗത്തിറക്കി സമരത്തിൽ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിച്ച് രാഷ്ട്രീയമായ ലാഭം കൊയ്യാൻ ലക്ഷ്യമിട്ടിട്ടുള്ള ബി.ജെ.പി, സമരത്തിന് കൂടുതൽ പിന്തുണ കൊടുക്കാനും മുതിർന്നേക്കും. ഫലത്തിൽ ഇടതു സർക്കാരിന്റെ പിടിപ്പുകേട് ബിജെ.പി – സംഘപരിവാർ സംഘടനകൾക്ക് സംസ്ഥാനത്ത് വളരാനുള്ള മണ്ണൊരുക്കലായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *