കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന് കഴിഞ്ഞ കുറച്ച് നാളുകളായി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇടത് മുന്നണി വലതുമുന്നണി പോരാട്ടം മാത്രം നടന്നിരുന്ന കേരളത്തിൽ തീവ്ര വലതുമുന്നണി സ്ഥാനം പിടിക്കുമ്പോൾ udf നും ldf നും തെരഞ്ഞെടുപ്പ് ഏറെ നിർണായകമായി. കരുത്ത് തെളിയിക്കാൻ, ഇരുമുന്നണികളും ഏറെ ബാധ്യസ്ഥരുമായി.
ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സർക്കാരിന് ഭരണത്തുടർച്ച ലഭിക്കാൻ പിണറായിക്ക് മൂന്നാമതും അവസരം നൽകണമെന്ന പൊതുവികാരം സംസ്ഥാന സമ്മേളനത്തിൽ ഉയർന്നു. ഇതിന്റെ സൂചനകളാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നൽകിയത് . ‘കേരളത്തിൽ പാർട്ടിയെയും സർക്കാരിനെയും നയിക്കുന്നത് പിണറായിയുടെ കരുത്തിലാണ്. അതിനാൽ അദ്ദേഹത്തിന് ഇളവുണ്ട്””. പിണറായിയുടെ കരുത്തിലാണ് നവകേരള സൃഷ്ടിയെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു . ഇതോടെ അടുത്ത തിരഞ്ഞെടുപ്പിലും പാർട്ടിയെ പിണറായി തന്നെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
തിരഞ്ഞെടുപ്പുകൾക്കു തയാറെന്ന ആത്മവിശ്വാസം അണികളിലേക്കു പകർന്നാണു സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു പ്രവർത്തകരെ ഒറ്റയടിക്കു സജ്ജരാക്കാനുള്ള അവസരമാണ് സംസ്ഥാന സമ്മേളനത്തിലൂടെ പാർട്ടിക്കു ലഭിച്ചത്.എന്നാൽ, മുന്നേറ്റത്തിനു തടസ്സമായി ചില പ്രശ്നങ്ങളുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി സാധാരണ തോൽവിയായി കാണുന്നില്ല. പരമ്പരാഗതവോട്ടുകൾ കുത്തിയൊലിച്ചുപോയെന്നു സമ്മതിക്കുന്നുമുണ്ട്. അടിസ്ഥാന വിഭാഗങ്ങളെയും ഇടത്തരക്കാരെയും കൈവിടില്ലെന്ന സമ്മേളനത്തിലെ പ്രഖ്യാപനം തിരിച്ചടിയിൽനിന്നു കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.സർക്കാരിന്റെ സാമ്പത്തികഞെരുക്കം മറ്റൊരു തലവേദനയാണ്. അടിസ്ഥാന വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ മുടങ്ങുന്നത് തിരഞ്ഞെടുപ്പുകളിൽ ചർച്ചയാകും. ബജറ്റിൽ പ്രഖ്യാപിച്ച തുകകൾ പലതും വെട്ടിക്കുറയ്ക്കേണ്ടിവന്നതും പല രംഗങ്ങളിലും ജനത്തെ നേരിട്ടു ബാധിച്ചു. ഇതിനെല്ലാം പ്രതിവിധിയായി മുഖ്യമന്ത്രി സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള രേഖയിലെ ചില നിർദേശങ്ങൾ വിവാദമായി. അതെല്ലാം ജനങ്ങളെ നേരിട്ടു ബോധ്യപ്പെടുത്തുമെന്നാണു സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ആ ചുമതല കൂടി പ്രവർത്തകർക്കു മുന്നിലുണ്ട്.
എന്നാൽ പ്രായ പരിധി യുമായി ബന്ധപ്പെട്ട് വന്ന ആശങ്ക,
പി.ബി അംഗമെന്ന നിലയിൽ പാർട്ടി കേന്ദ്രകമ്മിറ്റിയാണ് ചർച്ച ചെയ്യേണ്ടതെങ്കിലും പ്രായപരിധിയുടെ കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് പി.ബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. പാർട്ടി പി.ബിയിൽ ക്ഷണിതാവായി നിലനിറുത്താൻ സാദ്ധ്യതയുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ പിണറായിക്ക് ടേം നിബന്ധനയിൽ ഇളവ് നൽകിയേക്കും. ത്രിപുര മുൻ മുഖ്യമന്ത്രിയും പി.ബി അംഗവുമായ മണിക് സർക്കാരിനെ, 75 കഴിഞ്ഞെങ്കിലും ഇക്കുറി സംസ്ഥാന കമ്മിറ്റിയിൽ ഇളവോടെ നിലനിറുത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദനും തുടരുമെന്നുറപ്പായിരുന്നു .
സംസ്ഥാന കമ്മിറ്റിയിലേക്ക് പുതുമുഖങ്ങൾ വരുംമെന്നും വാർത്തകൾ പരന്നു . സെക്രട്ടേറിയറ്റിലേക്ക് നാലു പുതുമുഖങ്ങൾ വന്നേക്കും എന്നും അഭ്യൂഹമുണ്ടായിരുന്നു . എന്നാൽ പുതുമുഖങ്ങളുടെ ചില പഴയ മുഖങ്ങളെ മറന്നു കൊണ്ടുള്ള നീക്കങ്ങളും സിപിഎമ്മിൽ വലിയ തരത്തിലുള്ള ആശങ്കയും ആശയ തർക്കം സമ്മാനിച്ചു എങ്കിലും മൂന്നാം തവണ എന്നത് അരക്കെട്ട് ഉറപ്പിക്കും പോലെ ഉറപ്പിക്കുകയാണ് സിപിഎം.. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, പിണറായി വിജയനെ തന്നെ മുന്നിൽ നിർത്തിക്കൊണ്ട് സിപിഎം കളത്തിലിറങ്ങുന്ന ഭരണം പിടിക്കുമെന്നും സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉറപ്പു നൽകുന്നുണ്ട്..
