2026 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലു നടത്തിയ ആഭ്യന്തര സർവേയിൽ പറയുന്നതായി സൂചന എന്ന മട്ടിൽ കഴിഞ്ഞ ഞായറാഴ്ച ‘ദ ന്യൂ ഇന്ത്യൻ എക്സ് പ്രസ്’ പത്രത്തിൽ വന്ന വാർത്ത ‘സിപിഎം സ്പോൺസേർഡ്’ ആണെന്ന നിഗമനത്തിൽ കോൺഗ്രസ്.വാർത്ത വസ്തുതാ വിരുദ്ധമെന്ന് നേരത്തെതന്നെ പറഞ്ഞ കോൺഗ്രസ് വ്യാജ വാർത്തയുടെ പേരിൽ പത്രത്തിനെതിരെ നിയമനടപടി ആരംഭിച്ചു കഴിഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസ് മൂന്നാമത്തെ തവണയും പരാജയത്തിലേയ്ക്ക് നീങ്ങുമെന്ന് കനുഗോലുവിന്റെ സർവ്വെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുവെന്ന തരത്തിലായിരുന്നു വാർത്തയുടെ ഉള്ളടക്കം. വാർത്തയുടെ പിന്നിൽ ദ ന്യൂ ഇന്ത്യൻ എക്സ് പ്രസ് ഡൽഹി ബ്യൂറോയിലെ സി.പി.എം അനുഭാവിയായ വനിത ലേഖികയാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ആരോപിക്കുന്നത്.
ലേഖികയുടെ ബൈലൻ വെയ്ക്കാതെ വന്ന വാർത്തയിൽ സൂചനകൾ മാത്രമാണ് പറയുന്നത്. വാർത്തക്ക് അടിസ്ഥാനമായി പറയുന്ന റിപ്പോർട്ടിലെ കണ്ടെത്തലോ, രേഖയുടെ പ്രസക്ത ഭാഗമോ പുറത്തു വിടാൻ പത്രത്തിനോ വാർത്ത എഴുതിയ റിപ്പോർട്ടർക്കോ സാധിച്ചിട്ടില്ല.
ഇതേ വാർത്തയുടെ പരിഭാഷ ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരണമായ സമകാലിക മലയാളത്തിന്റെ വെബ്‌സൈറ്റിലും നൽകിയിട്ടുണ്ട്. ഇത് സമകാലിക മലയാളത്തിലെ ഒരു ലേഖികയുടെ ബൈലൈനോട് കൂടിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാൽ പത്രത്തിൽ എന്ത് കൊണ്ടാണ് റിപ്പോർട്ടറുടെ പേര് വെയ്ക്കാതിരുന്നതെന്നതും ദുരൂഹമാണ്.
പത്രത്തിൽ ഒരു മുതിർന്ന ജേർണലിസ്റ്റ് കൈകാര്യം ചെയ്ത ഇത്രയും ഗൗരവമുള്ള വാർത്ത ജൂനിയറായ ലേഖികയെ കൊണ്ട് സമകാലിക മലയാളത്തിൽ പേര് വെച്ച് എഴുതിച്ചതിലും കോൺഗ്രസ് വൃത്തങ്ങൾക്ക് സംശയമുണ്ട്. സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും സഹായിക്കാൻ പാകത്തിൽ, കോൺഗ്രസിൽ തമ്മിലടിയാണെന്ന് വരുത്തി തീർക്കാൻ വളച്ചൊടിക്കപ്പെടുന്ന ചില റിപ്പോർട്ടുകൾ പലപ്പോഴും ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിൽ വരാറുണ്ടെന്നും ചില മുതിർന്ന പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നുണ്ട്.
സമകാലിക മലയാളത്തിൽ വന്ന വാർത്തയുടെ ലിങ്ക് പത്രത്തിലെ മുതിർന്ന മാദ്ധ്യമപ്രവർത്തക മറ്റ് മാദ്ധ്യമപ്രവർത്തകർക്ക് വാട്‌സാപ്പ് വഴി അയച്ച് നൽകുകയും ചെയ്തിരുന്നു. ഇവരുടെ വാർത്ത മുഴുവൻ മാധ്യമങ്ങളെകൊണ്ടും എടുപ്പിക്കാനുള്ള തന്ത്രമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു. വാർത്ത വന്നതിന് പിന്നിലും അത് പ്രചരിപ്പിച്ചതിന് പിന്നിലും സംസ്ഥാനത്തെ ഒരു സി.പി.എം മന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ പദവി വഹിക്കുന്ന ഉദ്യോഗസ്ഥന്റെ പങ്കിലും കോൺഗ്രസിന് സംശയമുണ്ട്. ഇദ്ദേഹത്തിൻറെ ഭാര്യയാണ് ഇതേ പത്രത്തിൻറെ ഏറ്റവും സുപ്രധാന എഡിറ്റോറിയൽ ചുമതലയിലുള്ളത്.
അവരുമായി ഏറ്റവും അടുപ്പമുള്ള ലേഖികയാണ് വാർത്തയ്ക്ക് പിന്നിലെന്നും കോൺഗ്രസ് കേന്ദ്രങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ അന്വേഷണത്തിൽ അറിയിക്കാനാണ് കോൺഗ്രസിൻറെ തീരുമാനം. സി.പി.എമ്മിന് വേണ്ടി തിരഞ്ഞെടുപ്പ് ‘നറേറ്റീവുകൾ’ സൃഷ്ടിക്കുന്നതന്റെ ഭാഗമായാണ് ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിൽ ഡൽഹിയിൽ നിന്നും ഇത്തരമൊരു വാർത്ത വന്നതെന്ന് കോൺഗ്രസ് ദേശീയ- സംസ്ഥാന നേതൃത്വങ്ങൾക്ക് സംശയമുണ്ട്.
അല്ലെങ്കിൽ അത് മന:പൂർവ്വമായി പ്രചരിപ്പിക്കേണ്ട കാര്യമെന്താണെന്നും പാർട്ടി വൃത്തങ്ങളിൽ നിന്നും ചോദ്യമുയരുന്നുണ്ട്. ഇതുകൊണ്ട് തന്നെ വസ്തുതാ വിരുദ്ധമായ വാർത്ത വന്നതിന് പിന്നാലെ പത്രത്തിന് എ.ഐ.സി.സി ലീഗൽ സെൽ നോട്ടിസ് അയച്ചു കഴിഞ്ഞുവെന്നാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചത്.
ഇത്തരത്തിൽ ഏതെങ്കിലും സർവെ നടത്താൻ എ.ഐ.സി.സി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളികളായ സി.പി.എമ്മുമായി ചേർന്ന് പച്ചനുണ പ്രചരിപ്പിച്ച് പൊതുസമൂഹത്തിലും വോട്ടർമാർക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മനഃപൂർവ്വമായ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നുവെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നത്.

 
                                            