ഷോഹിമ ടി. കെ
നിറഭേദങ്ങളിലൂടെ സഞ്ചരിച്ച് നൊമ്പരങ്ങളും പ്രശ്നങ്ങളും മാറ്റി വച്ച് ഇന്ന് രാജ്യം ഹോളി ആഘോഷിക്കുന്നു. ദീപാവലിക്ക് ശേഷമുള്ള ഏറ്റവും വലിയ ഉത്സവമായി കാണുന്ന ഹോളി ജാതിമത ഭേദമില്ലാതെ എല്ലാ മനുഷ്യരും കൊണ്ടാടുന്ന ഉത്സവം തന്നെ. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി നല്ല രീതിയില്‍ ആഘോഷിച്ചുവരുന്നത്.
വസന്തകാലത്തിന്റെ തുടക്കത്തിലാണ് ഹോളി ആഘോഷിക്കുന്നത്. ഏതൊരു ഉത്സവത്തിനെയും പോലെ ഹോളിക്കും അതിന്റെതായ പ്രത്യേകതയുണ്ട്. ഇന്ന് ദക്ഷിണേന്ത്യയിലെ പലയിടങ്ങളിലും വര്‍ണ്ണങ്ങളുടെ പൊലിമയില്‍ ഹോളി വന്‍തോതില്‍ ആഘോഷിച്ചു വരുന്നുണ്ട്. വിളവെടുപ്പ്, ഫലഭൂയിഷ്ഠത എന്നിവയെ വരവേല്‍ക്കുന്നതായും ഹോളി അടയാളപ്പെടുത്തുന്നു. ആളുകള്‍ അവരുടെ പ്രശ്നങ്ങളോടും ശത്രുതയോടെ വിടപറയുന്ന ദിവസമാണ് ഹോളി എന്നും ചിലര്‍ പറയുന്നു.
 ചരിത്രപരമായ് ഹോളിക്ക് വളരെയധികം പ്രാധാന്യമുണ്ട്. നാടോടിക്കഥകളിലും പാട്ടുകളിലും ഹോളിയെ കുറിച്ച് പ്രതിപാദിക്കുന്നതായി കാണാന്‍ കഴിയും. രണ്ട് ദിവസങ്ങളിലായി
പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഹോളി ഇന്ത്യയില്‍ നടക്കാറുള്ളത്. ഹോളിഗ ദഹന്‍, ധുലന്ദി എന്നിങ്ങനെ ആ ദിവസങ്ങള്‍ അറിപ്പെടുന്നു. രണ്ടാമത്തെ ദിനമായ ദുലന്ദിയാണ് വര്‍ണങ്ങള്‍ കൊണ്ടുള്ള ആഘോഷം. ആളുകള്‍ തമ്മില്‍ വര്‍ണങ്ങള്‍ വിതറുന്നതിലൂടെ ശത്രുത അകലുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇത്തരത്തില്‍ വ്യത്യസ്തമായ വിശ്വാസങ്ങള്‍ ഹോളിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവം എന്നത് ഹോളിയെ കൂടുതല്‍ വര്‍ണമുള്ളതാക്കി തീര്‍ക്കുന്നു.

 
                                            