തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഗുരുജി ഗോള്‍വാള്‍ക്കര്‍ ഭരണഘടനാവിരുദ്ധനായിരുന്നു എന്ന് സ്ഥാപിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം വിലപ്പോകില്ലെന്നും ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോണ്‍ഗ്രസ് എവിടെയെത്തിയെന്ന് വി.ഡി.സതീശന്‍ ആലോചിക്കണമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ആര്‍എസ്എസ് രാജ്യത്തെ നിയമപ്രകാരം മുന്നോട്ടുപോകുന്ന സംഘടനയാണ്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്ത രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇന്ന് ആര്‍എസ്എസുകാരാണ്. ആര്‍എസ്എസിനെ ഇകഴ്ത്തി കാട്ടിയാല്‍ ആളാകാമെന്ന ചിന്ത ഇത്രയും കാലം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മുഖ്യമന്ത്രി ഒറ്റയ്ക്ക് ആകേണ്ട എന്ന് കരുതിയാകും സതീശന്റെ നിലപാടെന്നും വി. മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം ആര്‍.എസ്.എസ് ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ ‘വിചാരധാര’ എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സതീശന്റെ പ്രസ്താവന. വിവാദ പ്രസ്താവനയെത്തുടര്‍ന്ന് വി.ഡി സതീശന് ആര്‍.എസ്.എസ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

 
                                            