കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയ നടൻ സൈജു കുറുപ്പ് ഉൾപ്പെടെ നാലുപേരെ പൊലീസ് സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്ത മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നലെയായിരുന്നു ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ. സാക്ഷികളുടെ മൊഴിയെടുക്കൽ പൂർത്തിയായാൽ വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും.
കൊടുങ്ങല്ലൂരിലെ സിനിമാ ലൊക്കേഷനിൽ വിജയ് ബാബുവിന്റെ അടുത്ത ബന്ധു എത്തിച്ച കാർഡുകൾ സൈജു നെടുമ്പാശേരി വഴി ദുബായിൽ നേരിട്ടെത്തി കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തൽ. സൈജുവിന്റെ മൊഴി അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് സഹായമെങ്കിൽ സൈജു കുറുപ്പിനെ പ്രതി ചേർക്കും. ഈ ക്രെഡിറ്റ് കാർഡ് വഴി നടത്തിയ പണമിടപാടുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വിജയ് ബാബുവിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
സുഹൃത്തായ നടനുമായി വിജയ് ബാബു നടത്തിയ ചാറ്റുകളും ഫോൺ വിളികളും നടിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും മറ്റും ഫോറൻസിക് പരിശോധനയിലൂടെ ലഭിക്കുമെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
