കൊച്ചി: തൃക്കാക്കരയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനവിധി അംഗീകരിച്ച് തുടർപ്രവർത്തനം നടത്തും. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ കൂടുകയാണ് ചെയ്തത്. ഇത്രയും വർദ്ധനവ് മാത്രമേ എൽ.ഡിഎഫിന് വരുത്താൻ കഴിഞ്ഞുള്ളൂ എന്നത് പോരായണെന്നും കോടിയേരി വ്യക്തമാക്കി.
ജാഗ്രതയോടെ പ്രവർത്തിക്കണം എന്ന മുന്നറിയിപ്പാണ് ഈ ജനവിധി നൽകുന്നത്. ബൂത്ത് തലത്തിൽ ഇതനുസരിച്ചുള്ള പരിശോധന നടത്തും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20ൽ 19 എണ്ണവും തോറ്റ ശേഷമാണ് എൽഡിഎഫ് 99 സീറ്റുമായി കേരളത്തിൽ അധികാരത്തിലെത്തിയത്. അതുപോലെ ശക്തമായി പാർട്ടി തിരിച്ചുവരും. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ആശുപത്രിയിൽ വെച്ചല്ല, പാർട്ടി ഓഫീസിൽ വെച്ചാണ്. സിൽവർ ലൈൻ ചർച്ചയായ മണ്ഡലമല്ല തൃക്കാക്കര. ബന്ധപ്പെട്ട അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെ റെയിൽ ഹിതപരിശോധനയല്ല ഇവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
