ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര സർക്കാരിന് എഴുതിയ കത്ത് പുറത്ത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് 2021 ആഗസ്റ്റ് 16നാണ് ഇതു സംബന്ധിച്ച കത്ത് കേരളാ ഗവർണർ കത്തയിച്ചത്.
കേരളാ സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സിൽവർ ലൈൻ എന്നാണ് ഗവർണർ കത്തിൽ വിശദീകരിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രാലയം പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നുവെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. നിലവിൽ ഗുണകരമായ രീതിയിൽ പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്നാണ് ഗവർണർ കത്തിലൂടെ ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ മാസം റെയിൽവേ ബോർഡ് പ്രതിനിധികളുമായി കെ റെയിൽ എംഡി വി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. സിൽവർ ലൈൻ ഡിപിആറിന് അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയായിരുന്നു വി അജിത് കുമാറിന്റെ ഡൽഹി സന്ദർശനം. സിൽവർ ലൈൻ എൻജിനീയറിങ് പദ്ധതികളുടെ ചുമതലയുള്ള ബോർഡ് അംഗവുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.അതേസമയം ഡിപിആർ അനുമതി സംബന്ധിച്ച് ബോർഡിൽ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് സൂചന. വിശദമായ ചർച്ച ആവശ്യമാണങ്കിൽ അതിനും തയ്യാറാണെന്നും കെ റെയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ റെയിൽവേ ഭൂമി സംബന്ധിച്ച സംശയനിവാരണം മാത്രമാണു ബോർഡ് ആവശ്യപ്പെട്ടതെന്ന് കെ റെയിൽ പറയുന്നു. റെയിൽവേ ഭൂമിയിൽ നടത്തുന്ന സംയുക്ത സർവേ ഒരു മാസത്തിനകം പൂർത്തീകരിക്കാനാകുമെന്നും കെ റെയിൽ അറിയിച്ചിട്ടുണ്ട്.
