സംസ്ഥാന സര്‍ക്കാരിന് ആശ്വാസവുമായി സില്‍വര്‍ ലൈന്‍ സര്‍വ്വേ നടപടികള്‍ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. സര്‍വ്വേ തടഞ്ഞ സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദ രൂപരേഖ തയ്യാറാക്കിയത് എങ്ങനെയെന്ന വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദേശവും ഡിവിഷന്‍ ബഞ്ച് ഒഴിവാക്കി. പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സര്‍വ്വേ ആന്‍ഡ്ബൗണ്ടറി ആക്ട് പ്രകാരം സര്‍വ്വേ നടത്താമെന്ന് ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇതോടുകൂടി സില്‍വര്‍ ലൈന്‍ പദ്ധതി തുടരുന്നതിന് സര്‍ക്കാരിന് കൂടുതല്‍ ആത്മവിശ്വാസം കൂടിയായി. എന്നാല്‍ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്ന കണക്കുകള്‍ വിശ്വസനീയമല്ലെന്ന് നിലപാടാണ് കേന്ദ്രം ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നത്. വിശദമായി പരിശോധിച്ച് മാത്രമേ അന്തിമ അനുമതി നല്‍കാനാവൂ എന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.
