സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് തറക്കല്ലിട്ടു

സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. എകെജി സെന്ററിന് സമീപം സിപിഐഎം വിലകൊടുത്തുവാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം പണിയാന്‍ തീരുമാനിച്ചത്. ജനങ്ങളെ ചേരിതിരിച്ച് വ്യത്യസ്ത സ്ഥലങ്ങളില്‍ ആക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇകാര്യത്തില്‍ മുന്നില്‍ ഭൂരിപക്ഷ വര്‍ഗീയത യാണെങ്കില്‍ ഒട്ടും പിന്നിലല്ലാത്ത ന്യൂനപക്ഷ വര്‍ഗീയതയും ഉണ്ട്. പുതിയ ആസ്ഥാന മന്ദിരം പണിയുന്നത് പാര്‍ട്ടിയുടെ ചരിത്രത്തിലെ ധന്യനിമിഷം ആണെന്നു മുഖ്യമന്ത്രി പറഞ്ഞു. എകെജി സെന്ററിലെ പഠന ഗവേഷണ കേന്ദ്രത്തിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആണ് സംസ്ഥാന സമിതി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

5350 സ്‌ക്വയര്‍ മീറ്ററിലാണ് കെട്ടിടം പണിയുന്നത്. ആദ്യം ആറ് നില കെട്ടിടത്തിന് നിര്‍മ്മാണം പൂര്‍ത്തിയാക്കും. ആകെ ഒന്‍പത് നിലയിലുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ രണ്ടുനില ബേയ്‌സ്‌മെന്റും ഉണ്ടാകും. ബാക്കി മൂന്ന് നിലകളുടെ നിര്‍മ്മാണം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചശേഷം തുടങ്ങുമെന്നും കോടിയേരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *