തിരുവനന്തപുരം: സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്‌ള്യു) പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നത് പരിഗണനയില്‍. ഓണ്‍ലൈന്‍ തട്ടിപ്പുകളും മറ്റു സാമ്പത്തിക തട്ടിപ്പുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മൂന്നുവര്‍ഷമായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക വിഭാഗമായി ഉണ്ടായിരുന്നില്ല.
ക്രൈം ബ്രാഞ്ച് പുനഃസംഘടനയുമായി ബന്ധപ്പെട്ട് 2018 മുതലാണ് പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇല്ലാതായത്. എന്നാല്‍ വിവിധതരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഏറിയ സാഹചര്യത്തില്‍ ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായിരിക്കെ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ വീണ്ടും പരിഗണനയില്‍ എടുക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് എഡിജിപിക്ക് കീഴില്‍ പ്രത്യേക വിഭാഗമായിട്ട് വേണമെന്നായിരുന്നു ശുപാര്‍ശ. ഇ-കൊമേഴ്സ് മുഖേനയുള്ള തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ചിട്ടി തട്ടിപ്പ്, മറ്റ്
സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയാകും ഈ പ്രത്യേക യൂണിറ്റ് അന്വേഷിക്കുക. പോലീസിന്റെ രണ്ട് സോണുകളിലെയും ഐജിമാരുടെ നേതൃത്വത്തിലാകും ഉദ്യോഗസ്ഥര്‍. റെയ്ഞ്ചുകളില്‍ ഡിഐജിമാര്‍ക്കാകും നേതൃത്വ ചുമതല. ജില്ലകളില്‍ ഡിവൈഎസ്പിമാരും ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെട്ട സംഘമായിരിക്കും ഈ പ്രത്യേക യൂണിറ്റിലുണ്ടാവുക.
