വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്നതിനിടയിലും ഈ അധ്യാപകന്‍ രക്തം നല്‍കിയത് നിരവധി പേര്‍ക്ക്. ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനും നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് പ്രോഗ്രാം ഓഫീസറുമായ സമീര്‍ സിദ്ദീഖി മാതൃകയാവുകയാണ്. ജീവന്റെ തുള്ളിയായ രക്തദാനം ചെയ്യാനായി ജീവിതം മാറ്റിവച്ച അധ്യാപകന്‍. ജീവന്റെ തുടിപ്പ് നിലനിര്‍ത്താന്‍ മനം നൊന്ത് വിളിക്കുന്നവര്‍ക്ക് ജീവജലം പകര്‍ന്നത് ഇരുപത്തി അഞ്ച് തവണ.

ജീവിച്ചിരിക്കുമ്പോള്‍ ഒരു മനുഷ്യന് നല്‍കാനാവുന്ന ഏറ്റവും വലിയ ദാനമാണ് രക്തദാനം. ആരുടെയും സമ്മതം ആവശ്യമില്ലാതെ ചെയ്യാനാവുന്ന പുണ്യ പ്രവൃത്തി. ലോക് ഡൗണ്‍ കാലത്തും രക്തം നല്‍കാന്‍ മടിച്ചില്ല. രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് നൂറിലധികം ബോധവല്‍ക്കരണ ക്ലാസുകളും രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി രക്തദാനം നല്‍കിയത്. തിരുവനന്തപുരം റീജീയണല്‍ ക്യാന്‍സര്‍ സെന്ററില്‍ വച്ച് അഞ്ച് വയസുള്ള ക്യാന്‍സര്‍ രോഗിയ്ക്കായി രക്തം നല്‍കിയിട്ട് ബ്ലഡ് ബാങ്കില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുഞ്ഞിന്റെ അമ്മ പാരിതോഷികമായി സ്വന്തം കൈയില്‍ കിടന്ന സ്വര്‍ണ മോതിരം ഊരി നല്‍കിയ നിമിഷം കണ്ണും മനസും നിറഞ്ഞു പോയി. ഇത് ഒരിക്കലും മറക്കില്ലെന്നും ഈ അധ്യാപകന്‍ പറയുന്നു.

വിവാഹ വാര്‍ഷികം, ജന്മദിനം പുതുവത്സരം, മറ്റ് ആഘോഷ ദിവസങ്ങളിലൊക്കെ ഭാര്യ തസ്‌നീമിനൊപ്പം പോയി രക്തം ദാനം ചെയ്യാറുണ്ട്. പ്രഷ്യസ് ഡ്രോപ്‌സ് ബ്ലഡ് ഡൊണേഷന്‍ ഫോറം ഏര്‍പ്പെടുത്തിയ ബസ്റ്റ് കപ്പിള്‍ അവാര്‍ഡ്, രക്ത ദാന പ്രവര്‍ത്തന രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കുള്ള തെര്‍മോ പെന്‍ പോള്‍ അവാര്‍ഡ്, കഴിഞ്ഞ വര്‍ഷത്തെ പ്രഷ്യസ് ഡ്രോപ്പ്സ് രക്ത ദാന പുരസ്‌കാരം കൊല്ലത്ത് വച്ച് നടന്ന ചടങ്ങില്‍ ഗണേഷ് കുമാര്‍ എം.എല്‍ എ യില്‍ നിന്നും ഏറ്റുവാങ്ങി.
വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പത്തിലധികം രക്തദാന ഗ്രൂപ്പുകളിലെ അഡ്മിനും സജീവ പ്രവര്‍ത്തകനുമാണ്. മൊബൈല്‍ ഫോണില്‍ മറ്റുള്ളവരുടെ ഫോണ്‍ നമ്പര്‍ സേവ് ചെയ്യുമ്പോള്‍ പേരിനൊപ്പം രക്ത ഗ്രൂപ്പ് കൂടി ഉള്‍പ്പെടുത്തിയാല്‍ രക്തം ആവശ്യമായി വരുമ്പോള്‍ രക്ത ദാതാക്കളെ വേഗം കണ്ടു പിടിയ്ക്കാന്‍ കഴിയുമെന്ന് സമീര്‍ സിദ്ദീഖി പറയുന്നു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹവും കുടുംബവും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈസ്റ്റ് മാറാടിയിലാണ് താമസം. ഹോം ബേക്കര്‍ ആയ ഭാര്യ തസ്‌നിം സമീര്‍ ,പത്ത് വയസുകാരനും യൂട്യൂബറുമായ റൈഹാന്‍ സമീര്‍ മകനുമാണ്.

 
                                            