ഇസ്മായില്‍ ഐ.കെ
അന്ന് കര്‍ക്കിടകക്കലി നിറഞ്ഞാടുകയായിരുന്നു. കോരിച്ചൊരിയുന്ന മഴ.. ഓട് മേഞ്ഞ വീടിന്റെ തിണ്ണയില്‍ മഞ്ജു കാലു മടക്കിയിരിക്കുന്നു.. കൂടെ 60 ന് മുകളില്‍ പ്രായമുള്ള അഞ്ചാറ് സ്ത്രീകളും, മുറ്റത്ത് കെട്ടിയ ടാര്‍പോളിന്‍ പന്തലില്‍ കുട പിടിച്ചു നില്‍ക്കുന്ന എട്ടു പത്തു പുരുഷന്മാരും…
അല്‍പം കഴിഞ്ഞപ്പോള്‍ ഒരു ആംബുലന്‍സ് കുറച്ചു ദൂരെ റോഡ് അവസാനിക്കുന്നിടത്തു വന്നു നിന്നു. മുറ്റത്ത് നിന്നിരുന്ന കുറച്ചു പേര്‍ ആംബുലന്‍സ് ലക്ഷ്യമാക്കി ധൃതിയില്‍ നടന്നു. ആംബുലന്‍സിന്റെ ഡോര്‍ തുറന്ന് അവര്‍ സ്‌ട്രെച്ചര്‍ പുറത്തേക്കെടുത്തു. അത് വീടിന്റെ കോലായില്‍ നിര്‍ത്തിവെച്ചു..
”ഒരു വിളക്ക് കത്തിക്കണം..”, ആരോ വിളിച്ചു പറഞ്ഞു.. പക്ഷേ ആരും അത് കേട്ട ഭാവം നടിച്ചില്ല. ഒരു വികാര ഭേദവുമില്ലാതെ മഞ്ജു തല ഉയര്‍ത്തി നിറകണ്ണുകളോടെ ചുമരില്‍ ചാരി ഇരിക്കുകയാണ്.
മുറ്റത്ത് തിമിര്‍ത്തു പെയ്യുന്ന മാരിയേക്കാളും കലുഷിതമാണ് പഴയകാല ഓര്‍മകളില്‍ മഞ്ജുവിന്റെ മനസ്സ് അപ്പോള്‍..
മഞ്ജു സ്‌കൂള്‍ കാലം മുതല്‍ വിനുവിനെ സ്‌നേഹിക്കുന്നുണ്ട്. മഞ്ജുവിന്റെ കുട്ടിക്കാലത്ത് ഒരു അപകടത്തില്‍ മരിച്ചതാണ് അവളുടെ അമ്മ. ആ അപകടത്തില്‍ മഞ്ജുവും അച്ഛന്‍ വാസുദേവനും കൂടെ ഉണ്ടായിരുന്നുവെങ്കിലും ഒരു പരിക്കും കൂടാതെ അവര്‍ രക്ഷപ്പെട്ടു.
പിന്നീട് അച്ഛന്‍ വാസുദേവനും ആ വീടുമായിരുന്നു മഞ്ജുവിന്റെ ലോകം. ഹൈസ്‌കൂള്‍ പഠന കാലത്താണ് സഹപാഠിയായിരുന്ന വിനുവിനെ തന്റെ ഇഷ്ടം അറിയിക്കുന്നത്. നാട്ടിലെ പ്രമുഖനും പ്രതാപിയുമായിരുന്നു വിനുവിന്റെ അച്ഛന്‍ ചന്ദ്രേട്ടന്‍.
വാനംകുളം പഞ്ചായത്ത് ഓഫീസിന്റെ അടുത്താണ് ചന്ദ്രേട്ടന്റെ വീട്. പഞ്ചായത്ത് രാഷ്ട്രീയത്തിന്റെ നിയന്ത്രണം ചന്ദ്രേട്ടന്റെ കയ്യില്‍ ഒതുങ്ങിയത് കൊണ്ട് നാട്ടുകാര്‍ ആ പഞ്ചായത്തിനെ ‘ചന്ദ്രേട്ടന്റെ പഞ്ചായത്ത്’ എന്നാണ് വിളിക്കുക.
മഞ്ജുവിനെ അച്ഛന്‍ വാസുദേവന്‍ തന്റെ ജോലി തിരക്കിനിടയിലും, വരുമാനത്തിന്റെ പരിമിതികള്‍ക്കുള്ളിലും ‘അമ്മയില്ലെ’ന്ന ഒരു കുറവും വരാതെ, ഒരു സങ്കടവും അറിയിക്കാതെയായിരുന്നു വളര്‍ത്തിയത്. ടൗണിലെ പ്രധാന മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ജീവനക്കാരനാണ് വാസുദേവന്‍.

നാട്ടു പ്രമാണികള്‍ക്ക് വേണ്ട പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ എല്ലാവിധ രോഗങ്ങളും കൊണ്ട് യോഗ്യത നേടിയ ചന്ദ്രേട്ടന്റെ ആരോഗ്യ പരിചരണം ഈ ഹോസ്പിറ്റലില്‍ ആയത് കൊണ്ട് ചന്ദ്രേട്ടനുമായി വാസുദേവനും നല്ല ബന്ധമാണ്. പക്ഷേ, വിനുവിന്റെ ചെറുപ്പകാലം മുതല്‍ സ്ഥിരമായി വരുന്ന അസുഖങ്ങള്‍ കാരണം മഞ്ജുവിന്റെ വിനുവുമായുള്ള ബന്ധം വാസുദേവന് താല്‍പര്യം ഇല്ലായിരുന്നു.
എങ്കിലും മകളുടെ പ്രേമം കടുത്തതാണെന്ന തിരിച്ചറിവില്‍ അയാള്‍ അതിന് പാതി സമ്മതം കൊടുത്തതാണ്. എങ്കിലും ചന്ദ്രേട്ടന്റെ മകനുമായുള്ള ബന്ധം വലിയൊരു പ്രശ്‌നത്തില്‍ കലാശിക്കുമെന്ന ഭയവും അയാളില്‍ നന്നായി ഉണ്ടായിരുന്നു. ചന്ദ്രേട്ടന്റെ ഇളയ മകന്‍ വിനു അല്‍പം തണുത്ത സ്വഭാവമാണെങ്കിലും, ആറു മക്കളില്‍ വിനുവിന് മുകളിലുള്ള മൂന്നു ആണ്‍മക്കളും കുറച്ചു പ്രശ്‌നക്കാരാണ് എന്ന ബോധ്യം വാസുദേവന് ഉണ്ടായിരുന്നു.
മഞ്ജു പ്ലസ് ടുവിന് പഠിക്കുന്ന കാലത്താണ് ഒരു ദിവസം അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനിയിലെ ഓഫീസര്‍ അവരുടെ ഒരു റിപ്പോര്‍ട്ട് മഞ്ജുവിനോട് പറയുന്നത്;
”അമ്മ ആക്‌സിഡന്റില്‍ മരിച്ചതല്ല.. അത് ഒരു കൊലപാതകം ആയിരുന്നു.”
പ്രതി ആരെന്ന ചോദ്യത്തിന് അന്ന് അയാള്‍ മറുപടി കൊടുത്തില്ലെങ്കിലും, മഞ്ജുവിന്റെ നിരന്തര ശ്രമം കാരണം അയാള്‍ പറഞ്ഞു.
‘അച്ഛന്‍ അമ്മയെയും മകളെയും കൂട്ടി ഒരു യാത്ര കഴിഞ്ഞു വരുമ്പോള്‍ രാത്രിയില്‍ റോഡരികിലെ വെള്ളക്കെട്ടിലേക്ക് ബൈക്ക് ഓടിച്ചു തള്ളിയതാണ്. മകളെ അയാള്‍ രക്ഷിച്ചുവെങ്കിലും അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല എന്ന കാരണത്താല്‍ അതൊരു കൊലപാതകമായാണ് കണക്കാക്കുന്നത്.’
അപ്പോള്‍ പിന്നെ അച്ഛന്‍ എങ്ങനെ ഇതില്‍ നിന്നും രക്ഷപ്പെട്ടു? മഞ്ജുവിന്റെ സംശയത്തിനുത്തരം അയാള്‍ക്കും വ്യക്തമായി അറിയില്ലായിരുന്നു. പക്ഷെ, അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതിനിടയില്‍ മാറി വരികയും, പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പ്രകാരം അച്ഛന്‍ സാക്ഷി മാത്രമാണ്. 
ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ വാസുദേവന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലുമായി കുടുംബ ബന്ധം ഉള്ളയാളാണ്. ഒരു സാധ്യത കാണുന്നത്, ജീവനക്കാരന്റെ കൊലപാതകം ഹോസ്പിറ്റലിന്റെ പ്രശസ്തിക്ക് കളങ്കം വരുമെന്ന ഭയത്താല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ഇടപെട്ടു റിപ്പോര്‍ട്ട് തിരുത്തപ്പെട്ടു എന്ന സംശയത്തിനാണ് കൂടുതല്‍ ബലം നല്‍കുന്നത്.
അതിന് ശേഷം മഞ്ജു അച്ഛനെ കാണുന്നത് അമ്മയെ കൊന്ന പ്രതി ആയിട്ടാണ്. അവളിലെ മാറ്റം കണ്ടു അച്ഛന്‍ ഒരു ദിവസം കാരണം അന്വേഷിച്ചപ്പോള്‍ അവള്‍ അറിഞ്ഞ എല്ലാ കാര്യങ്ങളും അച്ഛനോട് തുറന്നു പറഞ്ഞു. ഒരു വാക്ക് പോലും മറുപടി പറയാനാകാതെ അയാള്‍ തകര്‍ന്നു പോയി. മനസ്സിലെ വിങ്ങല്‍ അയാളില്‍ പല സമയത്തും കരച്ചിലായി പുറത്തേക്ക് വന്നു..
രാത്രിയുടെ പാതിയില്‍ അയാള്‍ക്ക് സങ്കടം ഒതുക്കാന്‍ സാധിക്കാതെ തൊട്ടടുത്ത റബ്ബര്‍ തോട്ടത്തിന്റെ മധ്യത്തിലുള്ള ഷെഡില്‍ ചെന്നു ഉറക്കെ വാവിട്ടു കരഞ്ഞു.. അവിടെ സ്ഥിരമായി കാണുന്ന ഒരു നായ ഉറക്കം ഉണര്‍ന്നു അയാളെ കൗതുകത്തോടെ നോക്കി. അയാള്‍ ആ കരച്ചിലിനിടയില്‍ നായയുടെ അടുത്ത് ചെന്ന് ഒരു കുഞ്ഞിനെപ്പോലെ പൊട്ടി കരഞ്ഞു കൊണ്ട് അയാളുടെ സങ്കടങ്ങള്‍ പങ്കു വെച്ചു.
ആ രാത്രി കഴിഞ്ഞു… പിറ്റേ ദിവസം രാവിലെ മഞ്ജുവും, വാസുദേവനും ഉണരാന്‍ ഏറെ വൈകി. മഞ്ജു സ്‌കൂളില്‍ പോയില്ല.. അച്ഛന്‍ ജോലിക്കും പോയില്ല..
അവള്‍ കിടക്കുന്ന കട്ടിലിലേക്ക് അയാള്‍ രണ്ടു ഗ്ലാസ് കട്ടന്‍ ചായയുമായി ചെന്നു.. അച്ഛനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റു ഒരു ഗ്ലാസ്സ് ചായ വാങ്ങി..
അയാള്‍ ഒന്നും പറഞ്ഞില്ല.. മഞ്ജുവിന്റെ കട്ടിലില്‍ തന്നെ ഇരുന്നു. അവളും ഒന്നും പറഞ്ഞില്ല..
അയാള്‍ പതുക്കെ വിതുമ്പി.. കണ്ണീര്‍ കവിളില്‍ ചാലിട്ടൊഴുകാന്‍ തുടങ്ങി..
”ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല..”, അയാള്‍ മഞ്ജുവിന്റെ കാലില്‍ പിടിച്ചു.. അവള്‍ക്ക് ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല. അച്ഛന്‍ കാല് പിടിച്ചത് തടഞ്ഞതുമില്ല.. അയാള്‍ അവളുടെ കാലുകള്‍ വാരിപ്പുണര്‍ന്നു. അപ്പോഴും അവള്‍ എതിര്‍ത്തില്ല. നിര്‍വികാര ഭാവത്തില്‍ കട്ടിലില്‍ നിവര്‍ന്ന് കിടന്നു. അയാള്‍ പതുക്കെ ആ മുറിയില്‍ നിന്നും ഇറങ്ങി. അപ്പോള്‍ പിറകില്‍ ഒരു ചായ ഗ്ലാസ്സ് എറിഞ്ഞുടക്കുന്നതിന്റെ ശബ്ദം അയാള്‍ കേട്ടെങ്കിലും തിരിഞ്ഞു നോക്കാതെ അയാള്‍ മുറ്റത്തേക്കിറങ്ങി..
ദൂരെ റബ്ബര്‍ തോട്ടത്തിന്റെ നടുവിലെ ഷെഡില്‍ താമസിക്കുന്ന നായ അപ്പോഴും അയാളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
അപ്പോള്‍ മഴ അല്‍പ്പം കുറവുണ്ടായിരുന്നു.. എങ്കിലും മുറ്റത്ത് വെള്ളം തളമിട്ടുകിടക്കുന്നുണ്ട്. കുട പിടിച്ചു മുറ്റത്ത് നില്‍ക്കുന്നവരുടെ എണ്ണം കൂടി വരുന്നു. അതില്‍ ഒരാള്‍ മഞ്ജുവിന്റെ അടുത്തേക്ക് വന്നു..
”രാഘവേട്ടന്‍ പറഞ്ഞത് പൊതുശ്മശാനത്തില്‍ അടക്കം ചെയ്യാം എന്നാണ്. അച്ഛന്റെ സ്വന്തം സ്ഥലം ഇവിടെ ഇവിടെ ഉണ്ടാകുമ്പോ..”
മഞ്ജു ഒന്ന് തല ഉയര്‍ത്തി അയാളെ നോക്കി..
”ദിനേശാ..” ആരോ വിളിച്ചത് കേട്ട് അയാള്‍ വീണ്ടും മുറ്റത്തേക്ക് നടന്നു.
”രാഘവേട്ടന്‍ പറയുന്നതിലും കാര്യമുണ്ട്. ഇനി ആ കുട്ടി ഒറ്റക്ക് ഇവിടെ എന്ത് ചെയ്യാനാ.. അതും ഈ കുഗ്രാമത്തില്‍ ആ കുട്ടിക്ക് താല്‍പര്യം വീട് വിറ്റ് ബാംഗ്ലൂരില്‍ സ്ഥിരാക്കാനാ.. അതിന് തടസ്സമാകുന്നത് ഒന്നും ചെയ്യേണ്ടാ.. കുട്ടിയും പറഞ്ഞത് അതാണ്.”
ദിനേശന്‍ മഞ്ജുവിനെ ഒന്ന് നോക്കി.. മഞ്ജു എല്ലാം അറിഞ്ഞിട്ടാണെന്ന ഭാവത്തില്‍ ദിനേശനേയും നോക്കി..
മഞ്ജുവിന്റെ ഓര്‍മകള്‍ വീണ്ടും ഭൂതകാലം പരതുകയായിരുന്നു..
കോളേജ് പ്രണയകാലം.. വര്‍ണഭരിതമായ ആ ശലഭങ്ങള്‍ തന്നെയായിരുന്നു കോളേജ് ക്യാമ്പസിന്റെ മനോഹാരിത. മാനം മുട്ടെ അവര്‍ തുള്ളിക്കളിച്ചു. ഇക്കാലയളവില്‍ വിനുവിന്റെ അച്ഛന്റെ ബിസിനസ്സ് സാമ്രാജ്യം കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിപുലമായതോടെ പാറി നടക്കാന്‍ ആ പക്ഷികള്‍ക്ക് അതിരുകളോ, തടസ്സങ്ങളോ ഇല്ലായിരുന്നു.
ക്യാമ്പസിലെ ഗുല്‍മോഹര്‍ മരങ്ങള്‍ പൊഴിച്ച ചുവന്ന പൂക്കളെ മെതിച്ചു തകരുന്ന അനേകം ക്യാംപസ് പ്രണയങ്ങള്‍ക്കിടയില്‍ അവരുടെ ആഘോഷം അത്ര മേല്‍ സുന്ദരം തന്നെയായിരുന്നു.
ആ സുന്ദരദിനങ്ങള്‍ക്കിടയില്‍ ഒരു ദിവസം വിനുവിനെ മഞ്ജുവിന് കാണാനോ, വിളിക്കാനോ കിട്ടിയില്ല. എന്താണ് കാര്യം എന്നറിയാതെ സങ്കടപ്പെട്ടു മനസ്സ് തളര്‍ന്ന്, ഒടുവില്‍ ക്ലാസ്സ് കട്ടു ചെയ്തു വീട്ടില്‍ പോയി..
വൈകുന്നേരം അച്ഛന്‍ ജോലി കഴിഞ്ഞു വന്നപ്പോഴാണ് വിനു ഹോസ്പിറ്റലില്‍ സുഖമില്ലാതെ അഡ്മിറ്റ് ചെയ്യപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ അവള്‍ അച്ഛനെയും കൂട്ടി ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ റൂമില്‍ അവന്റെ അച്ഛനും, അമ്മയും എല്ലാവരും ഉണ്ട്. അവള്‍ അച്ഛനെ കൂട്ടി റൂമില്‍ കയറി..
”ഡോക്ടര്‍ എന്ത് പറഞ്ഞു..?”
വാസുദേവന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയത് ചന്ദ്രേട്ടന്‍ ആയിരുന്നു:
”കുഴപ്പമൊന്നും ഇല്ല.. രണ്ടു മൂന്നു ദിവസം ഇവിടെ കിടക്കട്ടെ.. കുറച്ചു ടെസ്റ്റുകള്‍ ചെയ്തു… റിസള്‍ട്ട് കിട്ടണം. ”
അതിനിടയില്‍ മഞ്ജു വിനുവിന്റെ കണ്ണില്‍ നോക്കി നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും ആംഗ്യങ്ങളില്‍ കൈമാറികഴിഞ്ഞിരുന്നു. പെട്ടെന്ന് തന്നെ മഞ്ജുവും അച്ഛനും വീട്ടിലേക്ക് തിരിച്ചു..
പിന്നീടുള്ള നാല് ദിവസങ്ങളില്‍ വിനുവിന്റെ വിവരങ്ങള്‍ മഞ്ജു അറിഞ്ഞത് അച്ഛന്‍ വഴിയാണ്. അഞ്ചാമത്തെ ദിവസം, അവള്‍ ആ വിവരം അറിഞ്ഞു തരിച്ചു നിന്നു..
വിനുവിന് ക്യാന്‍സര്‍ ..!
ആ വിവരം ചന്ദ്രേട്ടനോട് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അയാള്‍ കാര്‍ഡിയാക് നിരീക്ഷണത്തില്‍ വെന്റിലേറ്ററില്‍ കിടക്കുകയാണ്.
കാര്യം മറ്റാരും അറിഞ്ഞിട്ടില്ല. അറിയിക്കാന്‍ പറ്റിയ സാഹചര്യം അല്ല. ചന്ദ്രേട്ടന്റെ നിലയില്‍ ഒരു പുരോഗതിയും ഇല്ല.
വിനുവിന്റെ സഹോദരങ്ങള്‍ എല്ലാവരും ഗള്‍ഫിലാണ്. യാത്ര തിരിച്ചിട്ടുണ്ട്. അവര്‍ നാട്ടിലെത്തിയ ശേഷം കാര്യങ്ങള്‍ അവരെ ധരിപ്പിക്കാനാണ് ഡോക്ടറുടെ തീരുമാനം. ഇത്തരമൊരു അവസ്ഥയില്‍ കൂടുതല്‍ റിസ്‌കെടുക്കാന്‍ ഡോക്ടര്‍ തല്‍പര്യപ്പെട്ടിരുന്നില്ല…
തൊട്ടടുത്ത ദിവസം രാവിലെ മഞ്ജു ഒരു താലിയുമായി ഹോസ്പിറ്റലില്‍ ചെന്നു. വിനുവിനെ റൂമിന് പുറത്തേക്ക് വിളിച്ചു.. കൊറിഡോറില്‍ ചെന്നു മഞ്ജു ആവശ്യപ്പെട്ടത് ഒറ്റക്കാര്യം മാത്രമാണ്. ഈ താലി ഇപ്പോള്‍ എന്റെ കഴുത്തില്‍ ചാര്‍ത്തണം.
വിനു താലി ചാര്‍ത്തി..
അവള്‍ കൊറിഡോറിലൂടെ ഒരു സ്വര്‍ഗ്ഗം സ്വന്തമാക്കിയ റാണിയെപ്പോലെ നടന്നകലുന്നത് വിനു നോക്കി നിന്നു..
ഇതേ സമയം വിനുവിന്റെ സഹോദരന്‍ ഗള്‍ഫില്‍ നിന്നെത്തി ഹോസ്പിറ്റലില്‍ വന്നപ്പോള്‍ വിനു മഞ്ജുവിന് താലി ചാര്‍ത്തുന്ന രംഗമാണ് കാണുന്നത്.
ഏറെ നാളത്തെ ചികിത്സക്ക് ശേഷം ചന്ദ്രേട്ടന്‍ മരിച്ചു. വിനുവിന്റെ സഹോദരങ്ങളുടെ കയ്യിലായി ആ വീട്ടിലെ ഭരണം.
വിനുവിന്റെ ചികിത്സാ സമയത്ത് ഹോസ്പിറ്റലിലും, വീട്ടിലും മഞ്ജു വിനുവിന്റെ സഹായത്തിന് എത്തിയിരുന്നു. ആ സമയത്ത്, വിനുവിന്റെ വീട്ടുകാരുടെ നാവില്‍ നിന്നു കേല്ക്കാനിടയായ വാക്കുകളായിരുന്നു മഞ്ജുവിനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്.
സമ്പത്തോ, തറവാടോ ഇല്ലാത്ത ഒരുത്തിയെ വിവാഹം ചെയ്തതില്‍ ആയിരുന്നു എല്ലാവര്‍ക്കും പ്രശ്‌നം. എങ്കിലും, അച്ഛന്‍ പറഞ്ഞ പോലെ വലിയൊരു പ്രശ്‌നത്തിലേക്ക് സഹോദരങ്ങള്‍ എത്തിക്കാതിരുന്നതില്‍ മഞ്ജുവിന് ആശ്വാസം ഉണ്ട്. ഒരിക്കല്‍ മഞ്ജുവിനെ വിനുവിന്റെ മൂത്ത സഹോദരന്‍ ഭീഷണിപ്പെടുത്തിയപ്പോള്‍, ഗാര്‍ഹിക പീഡന കേസ് കൊടുത്തു ഗള്‍ഫിലെ ബിസിനസ്സ് തകര്‍ത്തു കളയും എന്ന് പറഞ്ഞു അതേ നാണയത്തില്‍ മഞ്ജു തിരിച്ചു ഭീഷണിപ്പെടുത്തി. ചന്ദ്രേട്ടന്റെ മരണശേഷം, സുഖമില്ലാത്ത അവസ്ഥയിലായ വിനുവിന്റെ അമ്മയ്ക്ക് വിനുവിന്റെ കാര്യങ്ങള്‍ നോക്കാന്‍ സാധിക്കുന്നില്ല. സഹോദരങ്ങളുടെ ഭാര്യമാര്‍ക്കാണ് അപ്പോള്‍ വിനുവിന്റെ പരിചരണ ചുമതല വരുന്നത്. അവരുടെ കൂടി നിര്‍ബന്ധത്തിന് വഴങ്ങിയാണ് സഹോദരങ്ങള്‍ ഇപ്പോള്‍ മഞ്ജുവിനെതിരെ തിരിയാതിരിക്കുന്നത്.
ഒരു ദിവസം മഞ്ജു വിനുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍, മറ്റുള്ളവര്‍ തമ്മിലുള്ള ചര്‍ച്ച അവള്‍ കേല്ക്കാനിടയായി. വിനുവിന്റെ ചികിത്സക്ക് വലിയൊരു തുകയാണ് എല്ലാ മാസവും ചിലവ് വരുന്നത്. നിലവില്‍ അത് എല്ലാവര്‍ക്കും അവകാശമുള്ള സ്വത്തില്‍ നിന്നാണ് ചെലവഴിക്കുന്നത്. സ്വത്ത് വീതം വെച്ചു വിനുവിന്റെ ഭാഗം ഓഹരിയില്‍ നിന്നും അവന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തണം. അതായിരുന്നു സഹോദരങ്ങളുടെ ആവശ്യം. കൂടെ മഞ്ജുവിനിട്ടും ഒരു കുത്ത് കിട്ടി.. ‘വെറും കയ്യോടെ കയറി വന്നവള്‍ക്ക് അവളുടെ വീട്ടുചെലവ് കൂടി ഞങ്ങളാണ് ചെയ്യുന്നത്’.
വിനുവിന്റെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മറ്റൊരു വിദഗ്ധ ചികിത്സ കൂടി ചെയ്യുന്നുണ്ട്. ആ ചികിത്സക്ക് ചെലവ് കൂടുതല്‍ ആയതിനാല്‍ സ്വത്ത് ഭാഗം വെച്ചിട്ട് തുടങ്ങിയാല്‍ മതി എന്നാണ് സഹോദരങ്ങളുടെ അഭിപ്രായം. പക്ഷേ, അവരറിയാതെ മഞ്ജു പലരില്‍ നിന്നും കടം വാങ്ങിയ തുക കൊണ്ട് ആ ചികിത്സ കൂടി നടത്തുന്നുണ്ട്.
അവരുടെ വാക്കുകള്‍ കേട്ട് മഞ്ജുവിന് സഹിക്കാനായില്ല.. അവള്‍ ബാത്ത്‌റൂമില്‍ കയറി തുറന്നിട്ട ഷവറിന് കീഴെ നിന്ന്, സങ്കടം കരഞ്ഞു തീര്‍ത്തു.. ശേഷം ചില ഉറച്ച ചില തീരുമാനങ്ങള്‍ സ്വീകരിച്ചു. അതിന്റെ ആത്മവിശ്വാസ്യതയില്‍, വിനുവിന്റെ വീട്ടുകാരുടെ ഇടയില്‍ മറ്റു മരുമക്കളുടെ പോലെ അധികാരത്തോടെ പെറുമാറാന്‍ തുടങ്ങി.
ഒരു ക്യാന്‍സര്‍ രോഗിയെ വിവാഹം ചെയ്തതിലും, കൂടെ താമസിക്കുന്നതിലും അച്ഛന്‍ വാസുദേവന് എതിര്‍പ്പ് ഉണ്ടെങ്കിലും, ഒരു വീട്ടില്‍ കഴിയുന്നതിനപ്പുറമുള്ള അച്ഛന്‍ എന്ന പരിഗണന മഞ്ജു വാസുദേവന് നല്‍കാറില്ല. ഒരു കാര്യവും ചര്‍ച്ച ചെയ്യുകയോ, അഭിപ്രായം ചോദിക്കുകയോ ചെയ്യാറില്ല. അയാള്‍ എന്തെങ്കിലും അവളോട് സംസാരിച്ചാല്‍ തന്നെ അത് കേട്ട ഭാവം അവള്‍ക്ക് ഉണ്ടാകാറില്ല.
ഒരു ദിവസം അവള്‍ അച്ഛന്റെ റൂമിലേക്ക് വന്നു. അയാള്‍ അപ്പോള്‍ അളവറ്റു സന്തോഷിച്ചു. ഇന്നത്തോടെ മകള്‍ക്ക് എന്നോടുള്ള പരിഭവം അവസാനിക്കുമെന്ന് അയാള്‍ ആശ്വസിച്ചു. അവളുടെ സംസാരവും അതിന് പ്രതീക്ഷ നല്കുന്ന രീതിയില്‍ തന്നെയായിരുന്നു.
സംസാരത്തിനിടയില്‍ അവള്‍ ചോദിച്ചു’:
”വീടിന്റെ ആധാരം തല്‍ക്കാലത്തേക്ക് ഒന്ന് പണയപ്പെടുത്തി വിനുവിന്റെ ചികിത്സക്ക് സഹായിക്കാമോ? വിനുവിന്റെ സ്വത്ത് വീതം കിട്ടിയ ശേഷം തിരിച്ചെടുക്കാം.”
അപ്പോള്‍ അച്ഛനില്‍ നിന്നും അവള്‍ കേട്ട മറുപടി ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു.
”ആധാരം ബാങ്കില്‍ പണയത്തിലാണ്.”
‘നിങ്ങള്‍ക്ക് അമ്മയെ കൊന്ന കേസില്‍ നിന്ന് ഊരാന്‍ വേണ്ടിയല്ലേ വീട് പണയം വച്ചത്. അല്ലാതെ നിങ്ങള്‍ക്ക് എന്തായിരുന്നു ഇത്രയും തുകയുടെ ആവശ്യം. ഇത്രയും വലിയ ചെലവ് ഞാന്‍ അറിയാതെ ചെയ്തത് എന്തിനാണ്?’
അവള്‍ പൊട്ടിത്തെറിച്ചു.
അയാള്‍ നിരാശയോടെ നിസ്സംഗതനായി നിന്നു..
മഞ്ജുവിന്റെ പിന്നീടുള്ള അന്വേഷണം വിനുവിന്റെ ചികിത്സക്കുള്ള പണം കണ്ടെത്തുന്നതിനായിരുന്നു. കിട്ടാവുന്നതു കടം വാങ്ങി. ഒരു ദിവസം തൊട്ടടുത്ത സഹകരണ ബാങ്ക് സെക്രട്ടറി അവളുടെ അച്ഛനെ അന്വേഷിച്ചു വീട്ടില്‍ വന്നു. അപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.
ലോണെടുത്തതിനെ കുറിച്ചും തിരിച്ചടവ് വൈകിയതിനെ കുറിച്ചും സെക്രട്ടറി സംസാരിച്ചു. പക്ഷേ, അവള്‍ക്ക് അറിയേണ്ടത് പുതിയൊരു ലോണ്‍ എടുക്കുന്നതിനെ കുറിച്ചായിരുന്നു. വ്യക്തിഗത ജാമ്യത്തില്‍ അഞ്ച് ലക്ഷം രൂപ വായ്പ തരാം എന്ന് സെക്രട്ടറി പറഞ്ഞപ്പോള്‍ അവള്‍ക്കത് വലിയൊരു ആശ്വാസമായി.
ഒരാഴ്ചക്കുള്ളില്‍ ലോണ്‍ പാസ്സാകുകയും അവള്‍ ആ തുക കൈപറ്റുകയും ചെയ്തു. പക്ഷേ, ദിവസങ്ങള്‍ കൊണ്ട് ആ തുകയും ചികിത്സക്ക് ചെലവായി. വിനുവിന് കിഡ്‌നി മാറ്റി വയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അവന്റെ സഹോദരങ്ങള്‍ എല്ലാവരും ചേര്‍ന്ന് 20 ലക്ഷം രൂപ നല്‍കി. കൂടെ, ഒരു മുന്നറിയിപ്പും… ഇനി സഹായങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല എന്ന് അമ്മയോട് പറഞ്ഞത് മൂത്ത സഹോദരന്റെ ഭാര്യയാണ്.
കിഡ്‌നി നല്‍കാന്‍ മഞ്ജു തയാറാണ്. പക്ഷെ, വിനുവിന് യോജിച്ച ബ്ലഡ് ഗ്രൂപ്പല്ല, മഞ്ജുവിന്റേത്. അതിനു പരിഹാരമായി, കിഡ്‌നി മാറ്റി നല്‍കുന്ന ടീമിനെ പരിചയപ്പെടുത്തിയത് വിനുവിന്റെ രണ്ടാമത്തെ സഹോദരനാണ്. ചെന്നൈയില്‍ ഹോസ്പിറ്റലിലാണ് സര്‍ജറി. മഞ്ജുവിന്റെ കിഡ്‌നി ആദ്യം ഒരു രോഗിക്ക് നല്‍കണം. അതു കഴിഞ്ഞു വിനുവിന് കിഡ്‌നി നല്‍കും.
രണ്ടു പേരുടെയും ടെസ്റ്റുകള്‍ കഴിഞ്ഞു സര്‍ജറി ഉറപ്പ് വരുത്തി. ഹോസ്പിറ്റലില്‍ തുക അഡ്വാന്‍സ് നല്‍കി. നിശ്ചിയിച്ച തീയതിയില്‍ മഞ്ജുവിന്റെ കിഡ്‌നിയെടുത്തു മറ്റൊരു രോഗിക്ക് നല്‍കി. ഒരാഴ്ചത്തെ ഹോസ്പിറ്റല്‍ വാസത്തിന് ശേഷം മൂന്നു മാസത്തെ വിശ്രമത്തിനായി അവള്‍ വിനുവിന്റെ വീട്ടില്‍ വന്നു.
ഒരു ദിവസം അച്ഛന്‍ അവളെ കാണാന്‍ വന്നു. അവള്‍ ഒന്നും സംസാരിച്ചില്ല.. ചായ നല്‍കി. കുടിക്കുന്നതിനിടയില്‍ അയാളിലെ നിരാശയും, സങ്കടവും, പ്രതിഷേധവും മൗനമായി തന്നെ അവളെ നോട്ടം കൊണ്ട് അറിയിച്ചു. 10 മിനിട്ട് കൊണ്ട് അയാള്‍ തിരിച്ചു പോന്നു.
ആഴ്ചകള്‍ കഴിഞ്ഞു.. വിനുവിന് കിഡ്‌നി നല്‍കേണ്ട തീയതി അടുത്തു.. ചെന്നൈ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ഡൊണേറ്റര്‍ക്ക് സുഖമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഉടന്‍ അവള്‍ ചെന്നൈയില്‍ എത്തി, വിവരം അന്വേഷിച്ചപ്പോള്‍ എന്തോ പന്തികേട് തോന്നി.
അവള്‍ വിനുവിനെ വിളിച്ചപ്പോള്‍ ഉടന്‍ അവിടെ നിന്നും രക്ഷപ്പെടാനാണ് വിനു നിര്‍ദേശിച്ചത്. അതൊരു മാഫിയ ആയിരുന്നു. ഹോസ്പിറ്റല്‍ കൂടി പങ്കാളികളായ അവയവ തട്ടിപ്പ് മാഫിയ. അവള്‍ ഒരു പ്രതിമ കണക്കെ മരവിച്ച മനസ്സുമായാണ് തിരികെ ട്രെയിന്‍ കയറിയത്.
മടക്കയാത്രയില്‍, റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് നികേഷ് മുട്ടുംപുറത്തെ പരിചയപ്പെടുന്നത്. സോഷ്യല്‍ മീഡിയ വഴി പ്രശസ്തനായ ചാരിറ്റി പ്രവര്‍ത്തകനാണ് അദ്ദേഹം. തന്റെ അനുഭവങ്ങളെല്ലാം മഞ്ജു അയാളോട് പങ്കു വെച്ചു.. തൊട്ടടുത്ത ദിവസം തന്റെ പാലക്കാട് ഉള്ള വീട്ടില്‍ വരാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അവള്‍ പോയി..
35 ലക്ഷം രൂപയുടെ ചെക്ക് അയാള്‍ നല്‍കി. അറിയപ്പെടുന്ന ഒരു വ്യക്തിയുടെ മകന്റെ പേരില്‍ ചാരിറ്റി പിരിവെടുത്തിട്ട് കാര്യം ലഭിക്കില്ല എന്ന് അയാള്‍ മഞ്ജുവിനെ പറഞ്ഞു ബോധ്യപ്പെടുത്തി. മഞ്ജുവിനു താല്‍ക്കാലിക ആശ്വാസം…!
മഞ്ജുവിന്റെ മൊബൈലില്‍ ഒരു മിസ്ഡ് കാള്‍. അമ്മയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞ ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥ റിനുവാണ് വിളിച്ചത്. അവള്‍ തിരിച്ചു വിളിച്ചു. എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അയാളെ പോയി നേരില്‍ കണ്ടു. ആത്മഹത്യ മുനമ്പില്‍ നില്‍ക്കുന്ന അവള്‍ക്ക് അയാള്‍ നല്‍കിയ നിര്‍ദ്ദേശവും അതിനോട് യോജിച്ചത് തന്നെയായിരുന്നു.
ഉയര്‍ന്ന തുകക്കുള്ള ഒരു ടേം ഇന്‍ഷുറന്‍സ് എടുക്കണം. വിനുവിന്റെ ഏക പ്രതീക്ഷയായ മഞ്ജുവിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് രണ്ടു പേരുടെയും ജീവിതം വഴിമുട്ടും. അതിന് പരിഹാരം ടേം ഇന്‍ഷുറന്‍സ് മാത്രമാണെന്ന് അയാള്‍ ഉപദേശം നല്‍കി.
ഇന്‍ഷുറന്‍സ് ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ അവളുടെ മനസ്സില്‍ മറ്റെന്തോ പരിഹാരം കണ്ടെത്തിയ സന്തോഷവും, നടപ്പിലാക്കുന്നതിലെ ആധിയും പ്രകടമായിരുന്നു. അവള്‍ നേരെ പോയത് അവളുടെ വീട്ടിലേക്കാണ്. അച്ഛന്റെ റൂമില്‍ അച്ഛന്‍ ഉറങ്ങുകയാണ്. അവള്‍ ഒന്ന് ചെന്നു നോക്കി തിരികെ പൊന്നു. ശേഷം ഇന്‍ഷുറന്‍സ് ഓഫീസറെ വിളിച്ചു.
”അച്ഛന്റെ പേരില്‍ ഒരു ടേം ഇന്‍ഷുറന്‍സ് എടുക്കണം.”
”നിലവില്‍ അച്ഛന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് ഡീറ്റൈല്‍സ് അയച്ചു തരണം.”
അവള്‍ അയാളുടെ വാക്ക് കേട്ടയുടന്‍ അച്ഛന്റെ മേശയിലെ എല്ലാ രേഖകളും പരിശോധിച്ചു. അച്ഛന്‍ നിലവില്‍ ടേം ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള വിവരം അപ്പോഴാണ് അവള്‍ അറിയുന്നത്. അവള്‍ അച്ഛനെ നോക്കി. നല്ല ഉറക്കത്തിലാണ്. ഇന്‍ഷുറന്‍സ് ഡോക്യുമെന്റ്‌സ് അവള്‍ മൊബൈലില്‍ പകര്‍ത്തി തിരികെ വെച്ചു. അവള്‍ പോയി എന്ന് ഉറപ്പായപ്പോള്‍ വാസുദേവന്‍ ഒന്ന് നേടുവീര്‍പ്പിട്ടു തിരിഞ്ഞു കിടന്നു.
ഇന്‍ഷുറന്‍സ് ഓഫീസില്‍ ഏജന്റ് ഷാജിയുടെ മുന്‍പിലുള്ള കസേരയില്‍ വാസുദേവന്‍ ഇരുന്നു.
എന്തൊക്കെയോ അയാളോട് പറയുന്നുണ്ടെങ്കിലും ഇടറിയ ശബ്ദത്തില്‍ ഒന്നും വ്യക്തമായിരുന്നില്ല. ഇടതടവില്ലാതെ ഒഴുകുന്ന കണ്ണീരില്‍ അയാളുടെ ഷര്‍ട്ടിന്റെ മുന്‍ഭാഗമത്രയും നനഞ്ഞിരുന്നു.
”ഞാന്‍ ജീവിക്കുന്നത് എന്റെ മോള്‍ക്ക് വേണ്ടിയാണ്. അവള്‍ക്ക് എന്റെ ജീവന്‍ വേണെങ്കില്‍ എടുത്തോട്ടെ.. എനിക്ക് ഒരു എതിര്‍പ്പുമില്ല..
പക്ഷെ, ഞാനില്ലാതെയായാല്‍ എന്റെ കുട്ടിയുടെ ഭാവി എന്താകുമെന്നതില്‍ മാത്രേ എനിക്ക് ആശങ്കയൊള്ളൂ..”
സങ്കടം പിടിച്ചു നിര്‍ത്താന്‍ വാസുദേവന് കഴിഞ്ഞു എന്ന് ബോധ്യപ്പെടുന്നത് വരെ ഷാജി കാത്തിരുന്നു. ശേഷം, ഷാജി അയാളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
”മഞ്ജു അച്ഛന്റെ പേരില്‍ ടേം പോളിസി എടുക്കാന്‍ ശ്രമിച്ചു എന്നത് നേരാണ്. പക്ഷെ, അവളും വലിയൊരു തുകക്ക് ഒരു പോളിസി എടുത്തിട്ടുണ്ട്. അവള്‍ നിങ്ങള്‍ കരുതുന്ന പോലെ ഒരു കൃത്യം ചെയ്യാനോ, അതിനെക്കുറിച്ച് ചിന്തിക്കാനോ തക്ക മനോധൈര്യം ഉള്ളവളാണെന്നു എനിക്ക് തോന്നുന്നില്ല.’
ഷാജിയുടെ വാക്കുകള്‍ കേട്ട് അയാളില്‍ എന്തൊക്കെയോ സംശയങ്ങള്‍ കോറിയിട്ടു. അയാള്‍ തന്റെ ഊഹങ്ങള്‍ പങ്കുവെച്ചപ്പോള്‍, അതില്‍ കാര്യമുണ്ടെന്നു ഷാജിയ്ക്കു തോന്നി.. ഉടന്‍തന്നെ, അവര്‍ തന്നെ പോലീസ് സ്റ്റേഷനില്‍ എത്തി, എസ്.ഐ പ്രദീപുമായി അവര്‍ കാര്യങ്ങള്‍ പങ്കുവച്ചു. അവര്‍ ഒരു തീരുമാനത്തില്‍ എത്തി.
വാസുദേവന്‍ ഒരാഴ്ചത്തെ അവധിയെടുത്തു വീട്ടില്‍ ഇരിക്കുകയാണ്. മഞ്ജുവിന്റെ ബൈക്ക് സര്‍വീസിന് കൊടുത്തു തിരികെ കിട്ടാത്തതിനാല്‍, അച്ഛന്റെ ബൈക്ക് ഓടിച്ചാണ് വിനുവിന്റെ വീട്ടിലേക്കുള്ള യാത്രകള്‍. അന്ന് അവള്‍ നേരത്തെ കുളി കഴിഞ്ഞു നല്ല ഡ്രസ്സ് ധരിച്ചു അമ്മയുടെ ഫോട്ടോക്ക് മുന്‍പില്‍ കുറെ നേരം പ്രാര്‍ത്ഥിച്ചു, ശേഷം അച്ഛന്റെ റൂമിലേക്ക് ഒന്ന് നോക്കിയ ശേഷം, നിറഞ്ഞ കണ്ണുകളോടെ ഒന്ന് പുഞ്ചിരിച്ചു പുറത്തേക്കിറങ്ങി..
”എപ്പോഴാ തിരിച്ചു വരിക? എനിക്ക് ഹോസ്പിറ്റലില്‍ പോകാനുണ്ടായിരുന്നു..”
അച്ഛന്റെ ചോദ്യത്തിന് പുഞ്ചിരി വിടാതെ അവള്‍ മറുപടി പറഞ്ഞു:
”ഇപ്പൊ കഴിയും.. ഉടനെ കിട്ടും..”
അവളുടെ മറുപടിക്ക് മുന്‍പില്‍ അയാള്‍ പകച്ചു നിന്നു. അയാള്‍ പെട്ടെന്ന് റൂമില്‍ കയറി ഫോണെടുത്തു ആരെയോ വിളിച്ചു. ഉടന്‍ ഡ്രസ്സ് ചെയ്തു പുറത്തേക്കിറങ്ങി. തൊട്ടടുത്ത അങ്ങാടിയിലെ ബൈക്ക് വര്‍ക്ക്‌ഷോപ്പില്‍ ചെന്നു മഞ്ജുവിന്റെ ബൈക്ക് തിരികെ വാങ്ങി. അതിവേഗത്തില്‍ എന്തോ ലക്ഷ്യമാക്കി, അയാള്‍ ഓടിച്ചു പോകുന്നത് കണ്ടു ഒന്നും മനസ്സിലാകാതെ വര്‍ക്ക് ഷോപ്പ് ഉടമ ശശി നോക്കി നിന്നു.
ജംഗ്ഷനില്‍ പോലീസ് ചെക്കിങ്. കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമായതിനാല്‍ നിരവധി ടിപ്പര്‍ ലോറികള്‍ പോലീസ് തടഞ്ഞു വെച്ചിരിക്കുന്നത് കാരണം പോലീസ് പരിശോധന പെട്ടെന്ന് കണ്ണില്‍പെടാനും ബുദ്ധിമുട്ടാണ്. മഞ്ജു നേരെ വന്നു പെട്ടത് അവരുടെ മുന്‍പിലാണ്. വണ്ടി റോഡ് സൈഡില്‍ ഒതുക്കി നിര്‍ത്തി ഡോക്യുമെന്റ്‌സുമായി പോലിസിന്റെ അടുത്തേക്ക് ചെന്നു.
”ഇതില്‍ ഇന്‍ഷൂറന്‍സ് കോപ്പി ഇല്ലല്ലോ?”
രേഖകള്‍ പരിശോധിച്ച ഒരു കോണ്‍സ്റ്റബിള്‍ അവളെ പോലീസ് ജീപ്പിനടുത്തു നില്‍ക്കുന്ന എസ്. ഐയെ കാണാന്‍ പറഞ്ഞു. മറ്റൊരു ബൈക്ക് യാത്രികന് സ്ലിപ്പ് എഴുതി നല്‍കിയ ശേഷം മഞ്ജുവിനോട് അയാള്‍ വിവരങ്ങള്‍ തേടി.
”എന്ത് കൊണ്ട് ഇന്‍ഷുറന്‍സ് അടച്ചില്ല?”
”അച്ഛന്റെ വണ്ടിയാണ് സര്‍. അച്ഛന്റെ കയ്യില്‍ ഉണ്ട്…” അവളുടെ മറുപടി പൂര്‍ത്തിയാകും മുന്‍പ്, പെട്ടെന്ന് അല്‍പം ദൂരെ റോഡില്‍ നിന്നും ഒരു ശബ്ദം കേട്ടു. ഒരു ടിപ്പര്‍ ലോറിയില്‍ ബൈക്ക് ഇടിച്ചതാണ്. പൊലീസുകാര്‍ എല്ലാവരും അങ്ങോട്ട് ഓടി. മഞ്ജുവിന്റെ ഡോക്യുമെന്റ്‌സ് എസ്.ഐ ജീപ്പിലേക്കിട്ട് തിരിഞ്ഞപ്പോള്‍, മഞ്ജുവിന്റെ നിലവിളി കേട്ട് അയാള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പകച്ചു നിന്നു. ആ വഴി വന്ന ഒരു കാറില്‍ പൊലീസുകാര്‍ പരിക്കു പറ്റിയ ആളെ കയറ്റുമ്പോഴാണ് എസ്.ഐ ആ മുഖം വ്യക്തമായി കണ്ടത്. ‘വാസുവേട്ടന്‍…!’
ഇടിമിന്നലോടുകൂടിയ മഴ തിമിര്‍ത്തു പെയ്യുകയാണ്. ചളി നിറഞ്ഞ റോഡില്‍ രണ്ടു കാറുകള്‍ വന്നു നിന്നത് കണ്ടപ്പോള്‍ മഞ്ജു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. രണ്ടു കുടകളിലായി നാലു പേര്‍ കാറിന്റെ അടുത്ത് നിന്നും മുറ്റത്തേക്ക് വരുന്നത് കണ്ടപ്പോള്‍ ഒന്നും മനസ്സിലാകാതെ മഞ്ജു ഒന്ന് സൂക്ഷിച്ചു നോക്കി. പിറകെ കുറച്ചു പേര്‍… മുറ്റത്ത് കെട്ടിയ പന്തലില്‍ ഓടിക്കയറി. എല്ലാവരും മുറ്റത്ത് എത്തിയപ്പോഴാണ് ആണ് മഞ്ജുവിന് ആളുകളെ മനസ്സിലായത്. എല്ലാവരേയും ഒരിക്കലെങ്കിലും മഞ്ജു കണ്ടു പരിചയപ്പെട്ടവരാണ്.
‘എങ്കിലും എങ്ങനെ അവര്‍ ഇവിടെയെത്തി? അവര്‍ക്ക് അച്ഛനുമായുള്ള ബന്ധം എന്താണ്?’ സംശയങ്ങള്‍ മഞ്ജുവിന്റെ മനസ്സില്‍ ഓടിയെത്തി.
കുട പിടിച്ചു ആദ്യം വീട്ടില്‍ കയറിയത് എസ്.ഐ പ്രദീപ്. കൂടെ ചാരിറ്റി പ്രവര്‍ത്തകന്‍ നികേഷ് മുട്ടുംപുറം. അല്‍പനേരം വാസുവേട്ടന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ മൗനിയായശേഷം അയാള്‍ മഞ്ജുവിന്റെ അടുത്തേക്ക് ചെന്നു..
”എന്നെ അറിയുമോ..?”
നികേഷിന്റെ ചോദ്യത്തിന് മറുപടിയായി മഞ്ജു ഒന്ന് അമര്‍ത്തി മൂളിയെങ്കിലും, അവളുടെ മനസ്സില്‍ അപ്പോഴുണ്ടായിരുന്ന സംശയങ്ങള്‍ നോട്ടത്തില്‍ നിന്നും വ്യക്തമായിരുന്നു.
”മഞ്ജുവിനോട് കുറച്ചു കാര്യങ്ങള്‍ വ്യക്തമാക്കാനാണ് ഞങ്ങള്‍ വന്നിട്ടുള്ളത്. ഞങ്ങള്‍ വന്നതല്ല, ഞങ്ങളെ മോളുടെ അച്ഛന്‍ വിളിച്ചു വരുത്തിയതാണ്. അത് ഇങ്ങനെയുള്ള ഒരു ദുരന്തത്തിലേക്കാണെന്ന് ഒരിക്കലും കരുതിയില്ല.”
മഞ്ജുവിന്റെ നോട്ടത്തില്‍ ആശങ്കകള്‍ കൂടി വരുന്നത് വ്യക്തമായി അവര്‍ക്ക് മനസ്സിലായി. അയാള്‍ തുടര്‍ന്നു..
”ഇത് എസ്.ഐ.പ്രദീപ് സര്‍. ഇത് ഷാജി സര്‍ ഇന്‍ഷുറന്‍സ് ഏജന്‍സി നടത്തുന്നു. ഇത് ശശിയേട്ടന്‍.. മോളുടെ ബൈക്ക് റിപ്പയര്‍ ചെയ്യാന്‍ കൊടുത്ത വര്‍ക്ക് ഷോപ്പ് ഉടമ.. അറിയാലോ അല്ലേ..?”
‘അതെ’ എന്ന മട്ടില്‍ അവള്‍ ഒന്ന് തല കുലുക്കി. അയാള്‍ തുടര്‍ന്നു..
”ഈ ഗിരീഷേട്ടനെ അറിയുമോ? ഹോസ്പിറ്റല്‍ ചിലവിലേക്ക് മുന്‍പ് അഞ്ച് ലക്ഷം രൂപ വായ്പ തന്നു സഹായിച്ചിട്ടു അയാളെ പിന്നെ മോള് ഒന്ന് കാണാന്‍ പോലും അവസരം കൊടുത്തിട്ടില്ല. പക്ഷെ, ഗിരീഷേട്ടന്‍ ആയിരുന്നില്ല ആ ക്യാഷ് മോള്‍ക്ക് തന്നത്. ഈ കിടക്കുന്ന മോളുടെ അച്ഛന്‍ ഈ വീട് പണയപ്പെടുത്തി സഹകരണ ബാങ്കില്‍ നിന്നും എടുത്ത തുകയാണ് അന്ന് അച്ഛന്റെ നിര്‍ദ്ദേശപ്രകാരം ഗിരീഷേട്ടന്‍ തന്നത്. ഇയാളെ മോള്‍ക്ക് ഓര്‍മ്മയുണ്ടോ?’ കൂടെ നിന്ന മറ്റൊരാളെ ചൂണ്ടി നികേഷ് ചോദിച്ചു.
”അറിയാം.. ബാങ്ക് സെക്രട്ടറി റിജാസ് സര്‍”
”ഇവര്‍ മുന്‍പ് മോള്‍ക്ക് തന്നെ വ്യക്തിഗത വായ്പ ഈ അച്ഛന്റെ സാലറി സര്‍ട്ടിഫിക്കറ്റ് കൂടി ജാമ്യം വച്ചിട്ടാണെന്ന കാര്യം മോള് അറിഞ്ഞിട്ടുണ്ടാവില്ല”.
നികേഷിന്റെ വാക്കുകള്‍ക്കിടയില്‍ കേറി റിജാസ് ഇടപെട്ടു:
”അന്ന് ഞാന്‍ ഇവിടെ വന്നത് അച്ഛന്‍ പറഞ്ഞയച്ചിട്ടാണ്. അല്ലാതെ കുടിശ്ശിക തീരെ ഇല്ലാത്ത പുതിയൊരു ലോണിന് ഞാന്‍ വീട്ടില്‍ വരേണ്ട ആവശ്യമില്ലായിരുന്നു”.
അത് കേട്ടപ്പോഴേക്കും മഞ്ജുവിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. നികേഷ് അല്‍പ്പം കൂടി മഞ്ജുവിന്റെ അടുത്തേക്ക് ചെന്നു:
”ഞാന്‍ മുന്‍പ് തന്ന 35 ലക്ഷം രൂപ ചാരിറ്റിയുടെ പണം അല്ലായിരുന്നു. ചാരിറ്റിയില്‍ നിന്നും അങ്ങനെ പെട്ടെന്ന് എടുത്തു തരാനും സാധിക്കില്ല. അന്ന് മോള് എന്നെ യാദൃശ്ചികമായി കണ്ടു മുട്ടുകയായിരുന്നില്ല. ഒരു നിഴല്‍ പോലെ മോളുടെ പിന്നാലെ അച്ഛനും ഉണ്ടായിരുന്നു. ആ 35 ലക്ഷം അയാളുടെ ഇത്രയും കാലത്തെ ശേഷിക്കുന്ന ആകെ സമ്പാദ്യമായിരുന്നു.”
അവള്‍ മുഖം ചുമരില്‍ ചേര്‍ത്ത് പൊട്ടിക്കരഞ്ഞു. അതിനിടയിലും നികേഷ് തുടര്‍ന്നു:
”വലിയ തുകക്കുള്ള ടേം ഇന്‍ഷുറന്‍സ് മോള് എടുത്തപ്പോള്‍ അച്ഛന് തോന്നിയ സംശയം കൊണ്ടാണ് ശശിയേട്ടനോട് പറഞ്ഞു വര്‍ക്കിന്റെ പേരില്‍ ബൈക്ക് പിടിച്ചു വച്ചത്. അച്ഛന്റെ ബൈക്കില്‍ ജി.പി.എസ് പിടിപ്പിച്ചത് മോള് അറിഞ്ഞിട്ടുണ്ടാവില്ല. മുടങ്ങിക്കിടന്ന ബൈക്കിന്റെ ഇന്‍ഷുറന്‍സ് കൂടി പുതുക്കിയത് മനസ്സിലാക്കിയാണ് അച്ഛന് അങ്ങനെ ഒരു സംശയം വന്നത്. ആ സംശയം ശരിയായിരുന്നു എന്ന് തോന്നുന്നു.. അല്ലെ..?”
നികേഷിന്റെ ചോദ്യത്തിന് കരച്ചിലിനിടയിലും അവള്‍ ‘അതെ’ എന്ന് മറുപടി പറഞ്ഞു. അവള്‍ അച്ഛന്റെ അടുക്കലേക്ക് കരഞ്ഞു കൊണ്ട് ചെന്നു.. ആ കവിളില്‍ ആദ്യം ഒരു ചുംബനം നല്‍കി.. അവളുടെ നിസ്സഹായാവസ്ഥ ആ വാക്കുകളില്‍ വ്യക്തമായിരുന്നു. അവള്‍ പൊട്ടിക്കരഞ്ഞു അച്ഛന്റെ ബോഡിയില്‍ കെട്ടിപ്പിടിച്ചു.. നിറയെ ചുംബനങ്ങള്‍ നല്കി..
മതിയാകാതെ കെട്ടിപ്പിടിച്ചു കിടന്നപ്പോള്‍ എസ്.ഐ പ്രദീപാണ് തോളില്‍ തട്ടി എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടത്. ”അന്ന് മഞ്ജുവിനെ ഞാന്‍ ജങ്ഷനില്‍ പിടിച്ചു വെച്ചില്ലായിരുന്നെങ്കില്‍ ഇന്ന് മറ്റൊന്നാകുമായിരുന്നില്ലേ..?” പ്രദീപ് ചോദിച്ചു.
അതെ. അവളുടെ മറുപടി കേട്ട് പ്രദീപ് സര്‍ തുടര്‍ന്നു.. ”അന്ന് ഇന്‍ഷുറന്‍ന്റെ പേരില്‍ എന്നോട് തടഞ്ഞു വെക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. അച്ഛന് അതിന്റെ കൂടെ മറ്റൊരു പ്ലാന്‍ കൂടി ഉണ്ടാകുമെന്ന്…”
പ്രദീപിന്റെ വാക്കുകള്‍ കേട്ട് അവള്‍ മുഖം തുടച്ചു സംശയത്തോടെ അയാളെ ഒന്ന് നോക്കി..
അതിന് മറുപടി പറഞ്ഞത് ഷാജിയാണ്.
”വാസുവേട്ടന്റെ മരണം ആക്‌സിഡന്റ് അല്ല. ആത്മഹത്യയാണെന്ന് വേണം കരുതാന്‍. വലിയൊരു തുകക്കുള്ള ടേം ഇന്‍ഷുറന്‍സ് എടുത്താണ് എന്റെ അടുത്ത് നിന്നും അവസാനം ഇറങ്ങിയത്. മോള് ഇനി എന്നെ കാണാന്‍ വരുമ്പോള്‍ ഇക്കാര്യം പറയണമെന്നും ഞാന്‍ കരുതിയിരുന്നു.. പക്ഷേ, അതിന് മുന്‍പേ..”.
ഷാജി പൂര്‍ത്തിയാക്കിയില്ല. നികേഷാണ് ബാക്കി പറഞ്ഞത്. ‘ഞങ്ങളെ ഓരോരുത്തരെയും അച്ഛന്‍ മോളുടെ അടുക്കലേക്ക് അതാത് സമയത്ത് അയക്കുകയായിരുന്നു.. ഈ ജീവിതം അയാള്‍ മോള്‍ക്ക് വേണ്ടി മാത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള ഒരു അച്ഛന്‍ അമ്മയുടെ മരണത്തിന് കാരണമാകുമെന്ന് മോള്‍ക്ക് തോന്നുന്നുണ്ടോ?”
നികേഷിന്റെ ചോദ്യത്തിന് മുന്‍പേ അവള്‍ അച്ഛന്റെ കാലില്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുകയായിരുന്നു. വ്യക്തമാകാത്ത എന്തൊക്കെയോ പറഞ്ഞു അവള്‍ അലറി കരയുമ്പോള്‍ അച്ഛനെന്ന നന്മയെ, സ്‌നേഹത്തിന്റെ പരിപൂര്‍ണതയെ ആസ്വദിക്കാനാകാതെ, അകറ്റി നിര്‍ത്തിയ ഓര്‍മകള്‍ ഓരോന്നായി അവളുടെ മനസ്സില്‍ കൂടുതല്‍ മുറിവേല്പിച്ചു കൊണ്ടിരുന്നു.
മേഘം പുതച്ചു ഇരുണ്ട ആ പകലിന്റെ അന്ത്യയാമത്തില്‍ ആ വീടിന്റെ തെക്കേ മൂലയില്‍ വാസുവേട്ടന്‍ എന്ന അച്ഛന്റെ കഥ മണ്ണില്‍ ചേരുമ്പോള്‍, അകലെ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ഒരു നായ മൗനിയായി നോക്കി നില്‍ക്കുന്നത് ആരുടെയും ശ്രദ്ധയില്‍പെട്ടില്ല.

 
                                            