സമരത്തിന് അയവില്ല, തലസ്ഥാന ന​ഗരത്തിൽ ഇന്നും വ്യാപക സംഘർഷം, പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ആരംഭിച്ച സമരങ്ങൾക്ക് അയവില്ല. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തി ചാര്‍ജും നടന്നു. മാര്‍ച്ചിന് ശേഷം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസിന് നേരേ കല്ലും കുപ്പിയും എറിഞ്ഞ് ആക്രമിച്ചു.

സമരത്തെ നേരിടാന്‍ വന്‍ പോലീസ് സന്നാഹമാണ് തലസ്ഥാന നഗരത്തില്‍ ഉണ്ടായിരുന്നത്. മാര്‍ച്ചിനെ തുടര്‍ന്ന് പാളയം മുതല്‍ പുളിമൂട് വരെ രണ്ട് വശങ്ങളിലും പോലീസ് വലയമുണ്ടായിരുന്നു. എല്ലാ വശത്തും ബാരിക്കേഡ് കെട്ടി ഗതാഗതം പൂര്‍ണമായി തടഞ്ഞിട്ടുണ്ട്. പല തവണ പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ചിരുന്നു.

ഇതിന് ശേഷം നോര്‍ത്ത് ഗേറ്റിനോട് ചേര്‍ന്ന വശത്ത് കൂടി സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ജലപീരീരങ്കി പ്രയോഗിച്ചത്. സാധാരണയിലും അധികം ഫോഴ്‌സിലാണ് ജലപീരങ്കി പ്രയോഗിച്ചത്. എന്നിട്ടും പിരിഞ്ഞ് പോകാതിരുന്നതോടെയാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ ഒരു പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു. പോലീസിന് നേരെ കല്ലേറുണ്ടായപ്പോഴാണ് ഗ്രേനേഡ് പ്രയോഗം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *